കൊച്ചി: കത്തോലിക്കാ സഭ ഇരിങ്ങാലക്കുട രൂപതാ വിദ്യാഭ്യാസ ഏജന്‍സിക്ക് കീഴില്‍ 2012 മുതല്‍ അംഗീകാരം ലഭിക്കാതെ ജോലി ചെയ്തു വന്നിരുന്ന 105 യുപി സ്കൂള്‍ ടീച്ചര്‍മാരുടെ നിയമനം അംഗീകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് മന്ത്രി വി. ശിവന് കുട്ടി സ്ഥാപനത്തിന്റെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ കൊച്ചിയില്‍ നടന്ന അദാലത്തില്‍ കൈമാറി. 2012 ലെ ഒരു നിയമനം അംഗീകരിക്കപ്പെടാതെ വന്നതിനെ തുടര്‍ന്നാണ് അതിനു ശേഷം നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയാതിരുന്നതെന്ന് മന്ത്രി പറഞ്ഞു. അംഗീകരിക്കപ്പെടാതിരുന്ന സ്വര്‍ണ റാഫേല്‍ എന്ന അധ്യാപികയുടെ നിയമനം പ്രത്യേക ഇളവ് നല്കി സര്‍ക്കാര്‍ ഉത്തരവായതോടെയാണ് മറ്റുള്ളവരുടെ നിയമനങ്ങളും അംഗീകരിക്കപ്പെട്ടത്. ഇത്രയും കാലം ഈ അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയായിരുന്നു.
സര്‍ക്കാര്‍ ഏറ്റെടുത്ത എയ്ഡഡ് സ്കൂളുകളുടെ ഏറ്റെടുക്കല്‍ ഉത്തരവും വര്‍ഷങ്ങളായി നിയമന ഉത്തരവ് ലഭിക്കാതിരുന്ന ജീവനക്കാരുടെ നിയമന ഉത്തരവുകളും മന്ത്രി വേദിയില്‍ കൈമാറി. മുളവുകാട് ഗവ. എല്‍പി സ്കൂള്‍, തൃപ്പൂണിത്തുറ പെരുമ്പിള്ളി ഗവ. യുപി സ്കൂള്‍ എന്നിവയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വിവിധ സ്കൂളുകളില്‍ നിയമന ഉത്തരവ് ലഭിക്കാതിരുന്ന കെ.ജെ. ഡിജോ, സിസ്റ്റര്‍ ലാലി, റിനി ജോസഫ്, സ്മിതേഷ് ഗോപിനാഥ്, സുനിത, പി. ധന്യാമോള്‍, ജിസ്മ ബിസ് ബാബു, ആല്‍ഫ്രഡ് ബേബിച്ചന്, ഐറിന് ജോര്‍ജ്, ജിഷി എന്നിവര്‍ നിയമന ഉത്തരവ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: