തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ പ്രസിദ്ധീകരിച്ച ഇലക്ട്രിസിറ്റി (റൈറ്റ്‌സ് ഓഫ് കണ്‍സ്യൂമേഴ്‌സ്) റൂള്‍സിന്‌റെ തുടര്‍ച്ചയായി സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് ഭേദഗതി ചെയ്തു.
ഉപഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ സംബന്ധമായ വിവിധ സേവനങ്ങള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കി. ഇതുമൂലം ലൈസന്‍സിയുടെ ഓഫീസില്‍ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സര്‍വ്വീസ് കണക്ഷന്‍, റീകണക്ഷന്‍, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോണ്‍ട്രാക്റ്റ് ഡിമാന്റ് എന്നീ സേവനങ്ങള്‍ ഓണ്‍ലൈനായി തന്നെ ചെയ്യാം. നടപടിക്രമങ്ങളില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ലൈസന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും, കണ്‍സ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി. അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകവും ദുര്‍ഘട്രപ്രദേശങ്ങളില്‍ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
അപേക്ഷയിന്മേലുള്ള കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് അടിസ്ഥാനത്തില്‍ അടക്കേണ്ട തുക ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഉപഭോക്താവിന് അറിയാനും അപ്പോള്‍ തന്നെ അടയ്‌ക്കാനും സാധിക്കും.
സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങള്‍ക്ക് വീടിനോട് ചേര്‍ന്ന് തന്നെ പ്രവര്‍ത്തിക്കുവാനുള്ള ചട്ടങ്ങള്‍ 2020-ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോര്‍ അല്ലെങ്കില്‍ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങള്‍ക്ക് പുതിയ കണക്ഷന്‍ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷന്‍ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം.
ഡിമാന്റ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കള്‍ കണക്റ്റഡ് ലോഡില്‍ കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചാല്‍ പിഴയിടാക്കുന്നത് സംബന്ധിച്ച വ്യക്തതയുള്ള നടപടിക്രമങ്ങള്‍ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്റെ ഉപയോഗം മീറ്ററില്‍ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ അധിക കണക്റ്റഡ് ലോഡ് ലംഘനത്തിന് പിഴയീടാക്കുവാന്‍ പാടുള്ളൂ.
20 കിലോവാട്ടിന് മുകളിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ചാല്‍ ഉടനെ തന്നെ സംരംഭകന്റെ കണക്റ്റഡ് ലോഡിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലൈസന്‍സിയോട് ആവശ്യമായ വൈദ്യുതി സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിച്ചു അംഗീകാരം നേടാം. തന്മൂലം ലൈസന്‍സിക്ക് പ്രസ്തുത സംരംഭത്തിന് വൈദ്യുതി നല്‍കുന്നതിന് ആവശ്യമായ അടിസ്ഥാന സാകര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: