ധാംബുള്ള: വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സാണെടുത്തത്.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി.ബംഗ്ലാദേശിനായി 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗാര്‍ സുല്‍ത്താന മാത്രമാണ് തിളങ്ങിയത്. 19 റണ്‍സ് നേടിയ ഷോര്‍ണ അക്തറും മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചു.
ഇന്ത്യക്ക് വേണ്ടി രേണുകാ സിംഗ് നാല് ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ഒരു മെയ്ഡന്‍ ഓവറും ഇതിലുണ്ട്. രാധാ യാദവ് നാല് ഓവറില്‍ 14 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്‌ക്കായി ഷഫാലി വര്‍മ്മയും സ്മൃതി മന്ദാനയും മികച്ച പ്രകടനം നടത്തി. ഷഫാലി വര്‍മ്മ 26 റണ്‍സും സ്മൃതി മന്ദാന 39 പന്തുകള്‍ നേരിട്ട് 55 റണ്‍സുമെടുത്തു.
രേണുകാ സിംഗാണ് കളിയിലെ താരം. പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുളള മത്സരത്തിലെ വിജയികളെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടും.
സ്‌കോര്‍: ബംഗ്ലാദേശ് 80/8. ഇന്ത്യ 83/0(11).
പ്രതികരിക്കാൻ ഇവിടെ എഴുതുക: