കോട്ടയം: ബജറ്റ് വിഹിതത്തില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയും ബീഹാറിനും ആന്ധ്രയ്ക്ക് നേരെ കൊതിക്കെറുവു പറഞ്ഞും നേരം വെളുപ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് ബോധ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി അനുവദിച്ചിരിക്കുന്ന പദ്ധതികള്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയാണ് വേണ്ടതെന്ന് ഉപദേശകര്‍ ചൂണ്ടിക്കാട്ടിയതോടെ ആ വഴിക്കുള്ള നീക്കത്തിലാണിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. കേരളത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും ഒട്ടേറെ പദ്ധതികള്‍ക്ക് കേന്ദ്ര ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട് .പ്രത്യക്ഷമായും പരോക്ഷമായും പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം വിശകലനം ചെയ്ത് കഴിയുന്നത്ര പ്രയോജനപ്പെടുത്താന്‍ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ചീഫ് സെക്രട്ടറി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന്, ധനകാര്യ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരെയാണ് വിളിച്ചിരിക്കുന്നത്. മൂലധന ചെലവിന് പലിശ ഇല്ലാതെ ദീര്‍ഘകാല വായ്പയായി ഒന്നര ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകകൊള്ളിച്ചിരിക്കുന്നത്. ഇത് അടിസ്ഥാന സൗകര്യ വികസനത്തിനു പ്രയോജനപ്പെടുത്താം. 50 വര്‍ഷം കഴിഞ്ഞ് തിരിച്ചടവു മതിയാവും. ഇതിന്റെ വിനിയോഗമാവും ഉന്നതതല യോഗത്തില്‍ മുഖ്യമായും ചര്ച്ചയാവുകയെന്നറിയുന്നു.
കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്‍ഡിങ്ങിന് വഴങ്ങാത്തതാണ് കേരളം നേരിടുന്ന പ്രധാന പ്രശ്നം. പല കേന്ദ്ര സഹായ പദ്ധതികളും അടിച്ചുമാറ്റി സംസ്ഥാനത്തിന്റെതായി അവതരിപ്പിച്ച് വോട്ടര്‍മാരെ പറ്റിക്കുന്ന കുതന്ത്രം കേന്ദ്രം അംഗീകരിച്ചു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ശ്രമിക്കാതെ പണം വാങ്ങിയെടുക്കാനുള്ള സമവായ നീക്കം വേണമെന്ന് ഉന്നത ഉദ്യോഗസ്ഥതലത്തില്‍ തന്നെ അഭിപ്രായമുണ്ട് . രാഷ്ട്രീയകാരണങ്ങളാല്‍ കേന്ദ്രസര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്നത് കേരളത്തിന് ഗുണം ചെയ്യില്ലെന്ന നിലപാടാണ് അവര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: