Kerala

ഡിജിറ്റല്‍ റീസര്‍വെയുടെ കരട് വിജ്ഞാപനം: ഉടമകള്‍ ഭൂവിവരം പരിശോധിച്ച് പിശകില്ലെന്ന് ഉറപ്പുവരുത്തണം

Published by

തിരുവനന്തപുരം: ഡിജിറ്റല്‍ റീസര്‍വെയുടെ കരട് വിജ്ഞാപനം ഭൂവുടമകള്‍ക്ക് പരിശോധിക്കാനും ആക്ഷേപങ്ങളുന്നയിക്കാനും അവസരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റവന്യു വകുപ്പിന്റെ ‘എന്റെ ഭൂമി’ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ കരട് രേഖ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ മുഴുവന്‍ ജനങ്ങളിലും എത്തിക്കാനാണ് പരിപാടി.ഇതിനായി റവന്യു-തദ്ദേശ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും അധികാരികളുടെ സംയുക്ത യോഗം ഓണ്‍ലൈനായി ചേര്‍ന്നു.
ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളിലെ ഭൂവുടമകള്‍ക്ക് സര്‍വെ അതിരടയാള നിയമത്തിലെ 9(2) കരട് വിജ്ഞാപനം പരിശോധിച്ച് അതില്‍ ഏതെങ്കിലും വിധത്തില്‍ പരാതി ഉണ്ടെങ്കില്‍ അത് എന്റെ ഭൂമി പോര്‍ട്ടല്‍ വഴി ഉന്നയിക്കാന്‍ അവസരമൊരുക്കുക എന്ന ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ കൂടി ഏറ്റെടുക്കണമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
ഡിജിറ്റല്‍ റീ സര്‍വെ നടക്കാനുള്ള ഇടങ്ങളില്‍ സര്‍വെ സഭകള്‍ വിളിച്ചു ചേര്‍ത്ത് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള പ്രവര്‍ത്തനം നടത്തണമെന്നും യോഗത്തില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരോടായി മന്ത്രി നിര്‍ദ്ദേശിച്ചു.
ഡിജിറ്റല്‍ സര്‍വെ, വിജ്ഞാപനത്തിലെ തെറ്റ് തിരുത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പഞ്ചായത്തുകളില്‍ സര്‍വെ ടീമിന്റെ ക്യാമ്പ് ഓഫീസ് തുറക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 200 വില്ലേജുകളിലാണ് ഡിജിറ്റല്‍ സര്‍വെ ആരംഭിച്ചത്. ഇതില്‍ 185 വില്ലേജുകളും രണ്ടാം ഘട്ടത്തിലെ 238 വില്ലേജുകളിലെ 17 ഇടങ്ങളിലും സര്‍വെ പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍വെ സഭകളിലും വാര്‍ഡ്തല സര്‍വെ ജാഗ്രതാ സമിതികളിലും പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാകുന്നതോടെ പിശകുരഹിത ഭൂവിവര ശേഖരം കേരളത്തിന് സ്വന്തമാകുമെന്നും റവന്യു മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക