ചാലക്കുടി: അതിരപ്പിള്ളിയിലെ കാടിന്റെ മക്കള്‍ മികച്ച വിജത്തോടെ ഡ്രൈവിംഗ് ടെസ്റ്റ് പാസായി. ചാലക്കുടി സബ് ആര്‍ടിഒയും വാഴച്ചാല്‍ വനം വകുപ്പ് ഡിവിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന നവസരണി പദ്ധതിയിലെ, ആദ്യ ഡ്രൈവിംഗ് ടെസ്റ്റ്, ബുധനാഴ്ച അതിരപ്പിള്ളി കണ്ണന്‍കുഴി ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്നു. വിവിധ ആദിവാസി ഊരുകളില്‍ നിന്നായി, 27 പേര് പങ്കെടുത്ത ഡ്രൈവിംഗ് ടെസ്റ്റില്‍, 14 പേര് മികച്ച രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി. കാടിന്റെ മക്കള്‍ക്ക് ഇനി റോഡിന്റെ ഭാഷയിലും പ്രാവീണ്യം.
അതിരപ്പിള്ളി വാഴച്ചാല്‍ മലക്കപ്പാറ മേഖലകളിലെ, പതിമൂന്നോളം വനവാസി ഗോത്ര ഊരു നിവാസികള്‍ക്ക് ഡ്രൈവിംഗ് സംബന്ധമായ എല്ലാ കാര്യങ്ങളും പഠിപ്പിച്ച്, സ്വന്തമായി വാഹനം ഓടിക്കാന്‍ അവരെ പ്രാപ്തരാക്കി വനമേഖലയില്‍ വെച്ച് തന്നെ പ്രത്യേക ടെസ്റ്റുകള്‍ നടത്തി, ഡ്രൈവിംഗ് ലൈസന്‍സ് നല്കുവാനുള്ള പദ്ധതിയാണ് നവസരണി.
അറുപതു കിലോമീറ്ററോളം നീളത്തില്‍ വ്യാപിച്ചു കിടക്കുന്ന വനവാസി ഊരുകളിലെ, വാഹനമോടിക്കുവാന്‍ തല്പരരായ അപേക്ഷാര്‍ത്ഥികള്‍ക്ക്, നിലവില്‍ 40 മുതല്‍ 90 വരെ കിലോമീറ്റര്‍ യാത്ര ചെയ്തു വേണം ചാലക്കുടി ഓഫീസിലെത്തി ഡ്രൈവിംഗ് സംബന്ധമായ ടെസ്റ്റുകള്‍ക്ക് ഹാജരാകുവാന്‍.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തതിനാല്‍, ലേണേഴ്സ് പരീക്ഷയെ ഏറെ ഭയത്തോടെയാണ് ഊരുനിവാസികള്‍ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ്, മോട്ടോര്‍ വാഹന വകുപ്പിലെയും, വനം വകുപ്പിലെയും ഉദ്യോഗസ്ഥര്‍, സേവന ഉദ്യമവുമായി ഊരുകളിലേക്ക് എത്തുന്നത്. ഒപ്പം കമ്പ്യൂട്ടറില്‍ ലേണേഴ്സ് പരീക്ഷ എഴുതുവാന്‍, കറുകുറ്റി എസ്സിഎംഎസ് എന്‍ജിനീയറിങ് കോളേജിലെ, സേവന സന്നദ്ധരായ എന്‍എസ്എസ് സംഘവും എത്തി.
കാടിന്റെ ഭാഷ നന്നായി അറിയാവുന്ന ഗോത്ര നിവാസികള്‍ക്ക്, റോഡിന്റെ ഭാഷയെ പറ്റി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ലാസുകള്‍ എടുത്തു പഠിപ്പിച്ചു. റോഡ് നിയമങ്ങളെയും ഗതാഗത സുരക്ഷയെയും വീഡിയോ ക്ലാസുകള്‍ ആയിട്ടും ശബ്ദ സന്ദേശങ്ങളായും പഠിപ്പിച്ചു. നൂറില്‍പരം ഗോത്ര നിവാസികള്‍ ഇപ്പോള്‍ പരിശീലന പാതയിലാണ്.
ചാലക്കുടി ജോയിന്റ് ആര് ടി ഓ കെ ബി സിന്ധുവും പ്രൊബേഷന്‍ റെയിഞ്ച് ഓഫീസര്‍ എ സി സുധീന്ദ്രനും നയിക്കുന്ന ഈ പദ്ധതിയുടെ, കോഓഡിനേറ്റര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സാന്‍ജോ വര്‍ഗീസും വനംവകുപ്പ് ഡിവിഷന് കോഡിനേറ്റര്‍ രാജീവ് കെ.ആറും ആണ്. ഡ്രൈവിംഗ് ടെസ്റ്റില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി. ജയരാജന്, വനസംരക്ഷണ സമിതി കോഡിനേറ്റര്‍ അഖില്‍ രാജ്, എസ് എഫ് ഒ. ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: