ന്യൂദൽഹി: കള്ളപ്പണം വെളുപ്പിക്കൽ, അബ്കാരി അഴിമതി കേസുകളിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ദൽഹി കോടതി വ്യാഴാഴ്ച നീട്ടി.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിന്റെ കസ്റ്റഡി ജൂലൈ 31 വരെ പ്രത്യേക ജഡ്ജി കാവേരി ബവേജ നീട്ടിയപ്പോൾ സിബിഐ സമർപ്പിച്ച അഴിമതി കേസിൽ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് 8 വരെ നീട്ടി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ദൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, ഭാരത് രാഷ്‌ട്ര സമിതി നേതാവ് കെ. കവിത, മറ്റ് പ്രതികൾ എന്നിവരുടെ ജുഡീഷ്യൽ കസ്റ്റഡിയും ജഡ്ജി ജൂലൈ 31 വരെ നീട്ടി. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
ഇഡി കേസിൽ കേജ്‌രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കേസിൽ ജാമ്യം നൽകാത്തതിനാൽ തിഹാർ ജയിലിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: