ന്യൂദല്‍ഹി: കേരളത്തിലെ റെയില്‍വേ വികസനത്തിനായി ബജറ്റില്‍ അനുവദിച്ചത് 3011 കോടി രൂപ. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആകെ അനുവദിച്ച 372 കോടി രൂപയുടെ എട്ടു മടങ്ങാണ് ഈ തുകയെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ബജറ്റ് വിവരങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ റെയില്‍വേ ലൈനുകളുടെ വൈദ്യുതീകരണം നൂറു ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. 12,350 കോടി രൂപചെലവില്‍ എട്ട് പുതിയ ട്രാക്കുകളുടെ നിര്‍മാണം സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. 35 സ്റ്റേഷനുകളുടെ നവീകരണം അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടക്കുന്നുണ്ട്. 2014 മുതല്‍ ഇതുവരെ 106 മേല്‍പ്പാലങ്ങള്‍/ അടിപ്പാതകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ശബരി പാത സംബന്ധിച്ച് പുതിയ അലൈന്മെന്റ് പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ പമ്പ വരെയാണിത്. ഇത് പരിശോധിച്ചശേഷം ഏതാണ് മികച്ചതെന്ന് നോക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ റെയില്‍ കണക്ടിവിറ്റിക്കായുള്ള പ്ലാനുകള്‍ ഉടന്‍ പൂര്‍ത്തിയാകും.
നേമം ആണ് വിഴിഞ്ഞത്തിന് അടുത്തുള്ള ലൈന്‍. പാലക്കാട് ഡിവിഷന് വിഭജിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്നും അത്തരമൊരു വാര്‍ത്ത തന്നെ അത്ഭുതപ്പെടുത്തിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
ജനറല്‍ കോച്ചുകളുടെ വര്‍ധിച്ച് വരുന്ന ആവശ്യം പരിഗണിച്ച് പുതിയതായി 10,000 ജനറല്‍ കോച്ചുകള്‍ നിര്‍മിക്കും. നിലവില്‍ നിര്‍മിക്കുന്ന 2,500 പുതിയ ജനറല്‍ കോച്ചുകള്‍ക്ക് പുറമെയാണിത്. രണ്ടോ, മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുകയാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി വ്യക്തമാക്കി. അത്തരമൊരു പ്രചാരണം എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ല. രാജ്യത്തുതന്നെ സതേണ്‍ റെയില്‍വേയാണ് കൃത്യസമയം പാലിക്കുന്നതില്‍ മുന്നിലെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യപ്പെട്ട 459 ഹെക്ടര്‍ ഭൂമിയില്‍ കേരളം കൈമാറിയത് 62 ഹെക്ടര്‍ ഭൂമി മാത്രമെന്ന് കേന്ദ്രറെയില്‍വേ മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം. പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതുകൊണ്ട് മാത്രം കാര്യമില്ല.
കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കണമെങ്കില്‍ പുതിയ ട്രാക്കുകള്‍ ആവശ്യമാണ്. ട്രാക്കുകള്‍ വികസിപ്പിക്കണമെങ്കില്‍ സ്ഥലം ഏറ്റെടുത്ത് കൈമാറണം. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ സ്ഥലം ഏറ്റെടുക്കലും വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടുപോകില്ല.
സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയല്ല. എന്നാല്‍ സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: