കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ചില ഏടുകള്‍ സംഭാവന ചെയ്തിട്ടുള്ള പ്രദേശമാണ് തൊടുപുഴ. കീഴ്മലൈനാടിന്റെ ഭാഗമായിരുന്നതും ശേഷം തിരുവിതാംകൂര്‍ സാമ്രാജ്യത്തിന്റെ ഭാഗമായ വടക്കുംകൂര്‍ രാജാക്കന്മാരുടെ നിയന്ത്രണത്തില്‍ കാരിക്കോട് കേന്ദ്രമായി ഭരണം നടന്നതും മറ്റും ചരിത്ര വസ്തുതകളാണ്. പിന്നീട് വലിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് കളമൊരുക്കിയ നിരവധി സംഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. പക്ഷേ ഈ പ്രദേശത്തിന്റെ സാമൂഹിക മാറ്റങ്ങളെ ശക്തമായി സ്വാധീനിച്ച രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഒരിക്കലും ആധികാരിക ചരിത്ര രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഇവിടുത്തെ ജനങ്ങളുടെ മനസ്സില്‍ സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരുപാട് ഓര്‍മകള്‍ ഇന്നും ശക്തമായി നില്‍ക്കുന്നുണ്ട്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും ജനസംഘത്തിന്റെ സ്വാധീനവും മറ്റും വളരെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുന്ന ആള്ക്കാരേറെയുണ്ടിവിടെ. പില്ക്കാലത്ത് ഏറെ ശ്രദ്ധേയരായ പല പ്രചാരകന്മാര് ഇവിടെയെത്തിയതും സമൂഹ്യാവസ്ഥ വിശദീകരിക്കുകയും അവരുടെ സേവനകാലം ആണ്ട് തെറ്റാതെ ഓര്‍ത്തെടുക്കുകയും അവരുടെ പ്രവര്‍ത്തന ശൈലികളുടെ പ്രത്യേകതകളും അവിസ്മരണീയ സന്ദര്‍ഭങ്ങളും വിവരിക്കുന്നതില്‍ മത്സരിക്കുകയും ചെയ്യുന്ന ഒരു മുതിര്‍ന്ന തലമുറ ഇപ്പോഴും ഇവിടെ സജീവമാണ്. കാലയവനികക്കുള്ളില്‍ മറഞ്ഞു പോയവരുമുണ്ട്. ഇന്ന് സംഘപ്രവര്‍ത്തനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വര്‍ത്തമാനം പലപ്പോഴും ചെന്നെത്തി നില്‍ക്കാറുള്ളത് തൊടുപുഴയിലെ ആദ്യസംഘ പ്രചാരകന് പി.നാരായണന് എന്ന നാരായണ്ജിയിലാണ്.
തൊടുപുഴ മണക്കാട് ഒറ്റപ്ലാക്കല്‍ കുടുംബത്തിലെ ഒരംഗം സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിന് തിരുവനന്തപുരത്ത് പോയതും അവിടെ ചെറുവട്ടൂര്‍കാരന്‍ കെ.ഇ. കൃഷ്ണനെ പരിചയപ്പെട്ടതും തുടങ്ങി സംഘപ്രവര്‍ത്തനം മനസ്സിലേറ്റി തിരികെയെത്തി പ്രചാരകനായതും മറ്റും വളരെ അഭിമാനത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. സംഘപ്രവര്‍ത്തനത്തിന് ഒട്ടും അനുകൂലമല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ ഇത്തരമൊരു തീരുമാനമെടുക്കാന്‍ സാധിച്ച ചെറുപ്പക്കാരന്റെ കാഴ്ചപ്പാടിനെ വലിയ അഭിമാനത്തോടെ അവര്‍ പ്രകീര്‍ത്തിച്ചിരുന്നു. പ്രചാരകനായി ചുമതല ഏറ്റെടുക്കാന്‍ പോകുന്ന വിവരം അച്ഛനെ അറിയിക്കാന്‍ അമ്മയെ ഏല്‍പ്പിച്ചാണ് നാരായണ്‍ജി വീടിന്റെ പടിയിറങ്ങിയത്. ചുമതല ഏറ്റെടുത്തതിനു ശേഷം അച്ഛന് കത്തെഴുതി. അച്ഛന് അയച്ച മറുപടിയില്‍ ‘പണം ആവശ്യമുണ്ടെങ്കില്‍ പറയണം ‘എന്ന് മാത്രമേ എഴുതിയിരുന്നുള്ളൂ. ഈ വാചകത്തില്‍ അടങ്ങിയിരുന്നത് കരുതലും സ്നേഹവും മാത്രമല്ല, രാഷ്ട്ര സേവനത്തിനിറങ്ങിയ മകനുള്ള ഹൃദ്യമായ ആശിര്‍വാദവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നു തന്നെ കരുതണം. അതുതന്നെയായിരിക്കണം നാരായണ്‍ജിക്ക് ശക്തിയും സന്തോഷവും മുന്നോട്ടു പോകാനുള്ള ആത്മവിശ്വാസവും പകര്‍ന്നത്.
നാരായണ്‍ജിക്കുള്ള ആദരവായി തൊടുപുഴയില്‍ ഇന്ന് നടക്കുന്നത് ഒരു സാധാരണ നവതി ആഘോഷമാണെന്ന് കരുതാന്‍ വയ്യ. ആഘോഷങ്ങളോടും ആദരവുകള്‍ നല്കുന്നതിനോടും അദ്ദേഹത്തിനുള്ള വിപ്രതിപത്തി വളരെ പ്രകടവുമാണ്. ഈ പരിപാടിയിലൂടെ സംഘപ്രവര്‍ത്തനം തന്നെ വലിയ വിശകലനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാവുകയാണ്. സംഘപഥത്തിലൂടെ അനേകം കാര്യങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ഏറെ വര്‍ഷം മുന്നോട്ടുപോയ ഒരു പഥികന്റെ നവതി എന്ന നിലയ്ക്കാണ് ഈ ആഘോഷം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ഇത് തങ്ങളുടെ ഒരു കടമയാണ് എന്ന് കരുതുന്ന പ്രവര്‍ത്തകരാണ് ഇതിനായി മുന്നിട്ടിറങ്ങിയിട്ടുള്ളത് .
തങ്ങളുടെ മുന്നില്‍ അഗ്രേസരനായി നടന്ന ഒരു മഹാനുഭാവന്റെ ചരിത്രം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുക എന്ന ഏറെ പവിത്രമായ കര്‍മം കൂടി ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്. നാരായണ്‍ജിയുടെ അനുഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയ വഴികളും തൂലികയില്‍ നിന്ന് ഉതിര്‍ന്ന വരികളും പകര്‍ന്നു തന്ന ഉറച്ച ബോധ്യങ്ങളും എത്ര മനസ്സുകളെ കര്‍മനിരതരാക്കുവാനും ഉത്സാഹികളാക്കുവാനും സഹായിച്ചിട്ടുണ്ട് എന്ന് തിരിച്ചറിയാനുള്ള അവസരം കൂടിയായിട്ടാണ് ഈ ആഘോഷം നടക്കുന്നത്. രാഷ്ട്ര സേവനത്തിന്റെ ഏതാണ്ട് എല്ലാ വഴിത്താരകളിലൂടെയും തന്റെ കൃത്യനിര്വഹണത്തിന്റെ ഭാഗമായി കടന്നുപോയിട്ടുള്ള വ്യക്തി എന്ന നിലയ്ക്ക് തന്റെ ജീവിതാനുഭവങ്ങള്‍ കൊണ്ട് ഉണ്ടാകാന്‍ സാധ്യതയുള്ള, സമാജത്തിന് ശ്രേയസ്കരമായി തീരാവുന്ന എന്തെങ്കിലും സത്ഫലങ്ങള്‍ ആഗ്രഹിച്ചു തന്നെയാവണം സ്നേഹപൂര്‍വ്വമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി ആഘോഷത്തിന് അര്‍ദ്ധസമ്മതം മൂളി നാരായണ്‍ജി നിസംഗനായി നിലയുറപ്പിച്ചത്.
ഒരു സംഘ ജ്ഞാന യജ്ഞത്തിന്റെ പവിത്രതയോടെ നടക്കുന്ന ഈ നവതി ആഘോഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത് ഒരു സഫല ജന്മത്തിന്റെ അനുഭവ പ്രസാദമാണ്. രാഷ്ട്ര സേവാ പ്രവര്‍ത്തനത്തില്‍ നിന്നുണ്ടായ അറിവും ഗൗരവപൂര്‍ണ്ണമായ വായനയിലൂടെ വളര്‍ത്തിയെടുത്ത ചരിത്രബോധവും ഭാരതീയ സംസ്കൃതിയെ കുറിച്ചുള്ള തെളിഞ്ഞ ചിന്തകളും ഏറ്റവും ശ്രേഷ്ഠമായ സാമൂഹ്യ കാഴ്ചപ്പാടുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ അനന്യമാക്കുന്നത്. സംഘപ്രവര്ത്തനത്തിലുണ്ടായ സൗഹൃദങ്ങളും അവിസ്മരണീയ ഗൃഹസമ്പര്‍ക്കങ്ങളും എല്ലാം അതിന്റെ സൂക്ഷ്മാംശങ്ങളില്‍ ഓര്‍മിച്ചെടുക്കാനുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. നേരത്തെ തയ്യാറാക്കി വച്ച കുറിപ്പുകളില്‍ നിന്നാണോ ഈ എഴുത്തുകളുണ്ടാകുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ചോദിച്ചു. അത് സ്വാഭാവികമായി ഓര്‍മയിലേക്ക് വരുന്നത് കടലാസിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത് എന്ന മറുപടിയാണ് ഉണ്ടായത്. സംസാരിക്കുമ്പോഴും എഴുതുമ്പോഴും അദ്ദേഹം തരുന്ന സാമൂഹ്യവും വ്യക്തി സംബന്ധവുമായ സൂക്ഷ്മാംശങ്ങള്‍ തൃണമൂലതലത്തില്‍ കാര്യങ്ങളെ അറിയാനും അത് മനസ്സില്‍ സൂക്ഷിക്കുവാനുമുള്ള കഴിവാണ് വെളിപ്പെടുത്തുന്നത്. ഈ സബാള്‍ടേണ്‍ ശൈലിയിലുള്ള എഴുത്തും പ്രഭാഷണങ്ങളുമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നതാവും ശരി.
സംഘപഥത്തിലൂടെ എന്ന ഗ്രന്ഥം ഒരു പാഠപുസ്തകമായി നമ്മുടെ മുന്പിലുണ്ട്. അതിലൂടെ എത്രയോ സാര്‍ത്ഥകവും പ്രചോദനാത്മകവുമായ പാഠങ്ങളാണ് പ്രവര്‍ത്തകരിലേക്ക് പകര്‍ന്നു കൊടുക്കുന്നത് എന്നത് അത്ഭുതമാണ്. സാമൂഹ്യ നിരീക്ഷണങ്ങള്‍ ,വിവിധ ദേശങ്ങളിലെ ജനങ്ങളുടെ ആചാര സവിശേഷതകള്‍, വീടുകളിലെ വൈവിധ്യമാര്‍ന്ന ഉപചാര രീതികള്‍, സൗഹൃദങ്ങള്‍ പുഷ്പിക്കുന്ന സമ്പര്‍ക്കങ്ങള്‍, യാത്രകളിലുണ്ടാകുന്ന അനുഭവങ്ങള്‍, ആഘോഷങ്ങളുടെ പ്രത്യേകതകള്‍ ഇവയെല്ലാം വളരെ തന്മയത്വത്തോടെ തികഞ്ഞ സ്വാഭാവികതയോടെ പറഞ്ഞു പോകുമ്പോള്‍ നമ്മളും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്നു എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ വിശദാംശങ്ങള്‍ നിരത്തുന്നതിനോടൊപ്പം അത് ചരിത്ര കൗതുകങ്ങളും സാഹിത്യകാരന്മാരുടെ സമീപനങ്ങളും രാഷ്ട്രീയ വിശദീകരണങ്ങളും മറ്റുമായി ഇണപിരിഞ്ഞ് വല്ലാത്ത ഒരു അനുഭവം പ്രദാനം ചെയ്യാന്‍ സഹായിക്കുന്നു. ഈ സവിശേഷമായ ആഖ്യാനങ്ങളിലൂടെ സംഘ പ്രവര്‍ത്തനത്തിന്റെ ചാതുര്യവും ലാളിത്യവും വായിക്കുന്നവരിലേക്ക്, അവര്‍ സ്വയംസേവകനോ നിരീക്ഷകനോ വിമര്‍ശകനോ ആരുമാകട്ടെ, അവരിലേക്ക് ഒരു സാമാന്യജ്ഞാനമായോ, സാധനയിലൂടെ വളര്‍ത്തേണ്ട പാഠമായോ, നമ്മുടെ സംസ്കൃതിയുമായി ബന്ധപ്പെട്ട മൂല്യങ്ങളിലുള്ള തിരിച്ചറിവായോ അത് പരിണമിക്കുന്നു എന്നതാണ് സത്യം.
നാരായണ്‍ജി തന്റെ സംഘ പ്രവര്‍ത്തനങ്ങള്‍ വിസ്തരിക്കുമ്പോള്‍ അത് ഈ നാടിന്റെ വ്യത്യസ്ത സാംസ്കാരിക മണ്ഡലങ്ങളിലെ വിഷയങ്ങളും വ്യക്തികളും ചരിത്ര സന്ദര്‍ഭങ്ങളും ചര്‍ച്ചകളായി മാറുന്നത് കാണാം. അത് ചിലപ്പോള്‍ ധര്‍മ്മരാജയിലും മാര്‍ത്താണ്ഡവര്‍മ്മയിലും സി.വി രാമന്‍പിള്ള തന്റെ സാഹിത്യസാധനയിലൂടെ വികസിപ്പിച്ചെടുത്ത കഥാപാത്രങ്ങളാകും. മറ്റു ചിലപ്പോള്‍ അര്‍ത്ഥപൂര്‍ണ്ണമായ ശ്ലോകങ്ങളോ കാവ്യശകലങ്ങളോ ആകും. അല്ലെങ്കില്‍ സഞ്ജയനെപ്പോലുള്ളവരുടെ സാമൂഹ്യ വിമര്‍ശനത്തിന്റെ പ്രസക്തിയാകും. എന്തായാലും നാം അറിയാതെ സാമൂഹ്യ മാറ്റങ്ങളെയും സാംസ്കാരിക ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളെയും നമ്മുടെ ചിന്തയിലേക്കും വിശകലനങ്ങളിലേക്കും കൊണ്ടുവരാന്‍ ഉതകുന്നതാകും.
നമ്മുടെ നാടിന്റെ പാരമ്പര്യത്തെക്കുറിച്ചും സംസ്കൃതിയെക്കുറിച്ചും അതിന്റെ പഠനങ്ങള്‍ക്ക് നാം കൊടുക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും നാരായണ്‍ജിക്ക് പറയാന്‍ ഏറെയുണ്ട്. ചരിത്ര വസ്തുതകള്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ സൂക്ഷ്മതയും കൃത്യതയും നമ്മെ അമ്പരപ്പിക്കും. ഒരുമിച്ചുള്ള ഒരു യാത്രയില്‍ അദ്ദേഹം തിരുമല ദേവസ്ഥാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. അമ്പലപ്പുഴ തമ്പുരാന് തിരുവിതാംകൂര്‍ രാജാവിന് മുന്പില് കീഴടങ്ങിയതിനെക്കുറിച്ചും എഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനം പ്രചരിപ്പിക്കാന്‍ തമ്പുരാന് കാണിച്ച താല്പര്യത്തെക്കുറിച്ചും ആലപ്പുഴ പട്ടണത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് രാജാ കേശവദാസിന്റെ ദീര്ഘദര്ശനത്തെക്കുറിച്ചുമുള്ള നാരായണ്‍ജിയുടെ സൂക്ഷ്മ വിശകലനം എന്നെ അത്ഭുതപ്പെടുത്തി. സ്ഥിരസാധനയില് എന്നവണ്ണം കാലങ്ങളായി അദ്ദേഹം ആര്‍ജ്ജിച്ച അറിവുകളുടെ ഒരു സ്വാഭാവിക പ്രവാഹമായിട്ടാണ് ആ വിശദീകരണങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.
സാമൂഹ്യ സമരസതയുടെ അതിശ്രേഷ്ഠമായ അവസ്ഥയിലൂടെ സമാജത്തിന്റെ ഗുണപരമായ പരിണാമം സാധ്യമാക്കാനും നമ്മുടെ ഭൂതകാലതിന്റെ സുവര്‍ണ്ണ അധ്യായങ്ങളെ കണ്ടെത്തി ഇനിയും മാഞ്ഞുപോകാത്ത അധിനിവേശാവശിഷ്ടങ്ങളെ തിരിച്ചറിഞ്ഞു ഉപേക്ഷിക്കുവാനും തയ്യാറെടുക്കുന്ന ഈ അമൃതകാലത്ത് നാരായണന്‍ജിയെ പോലെ സംഘപ്രവര്‍ത്തനത്തിന്റെ വ്യത്യസ്ത മേഖലകളിലൂടെ രാഷ്ട്ര സേവനം സാര്‍ത്ഥകമാക്കിയ വ്യക്തികളെ പഠിക്കാനും മാതൃകയാക്കുന്നതിനുമുള്ള അവസരമായിട്ടാണ് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ ഉതകേണ്ടത് എന്ന് നാം തിരിച്ചറിയുന്നുണ്ട്. ഇവിടെ ഒരു നിമിത്തമായി നമുക്ക് മുന്പില് നാരായണ്‍ജി നില്ക്കുന്നു. തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായും സംഘാടന മികവിലൂടെ ജനസംഘത്തെ നയിച്ച നായകനായും എഴുത്തുകാരനായും പ്രഭാഷകനായും അനേകം ശ്രേഷ്ഠ ഗ്രന്ഥങ്ങളെ മലയാളത്തിലേക്ക് എത്തിച്ച വിവര്‍ത്തകനായും സര്‍വ്വോപരി ഏറ്റവും മാതൃകാപരമായ ജീവിതത്തിലൂടെ ഒരു സംഘപ്രവര്‍ത്തകന്റെ ഉജ്ജ്വല മാതൃക തീര്‍ക്കുന്ന വ്യക്തിയായും നാരായണ്‍ ജി നിറഞ്ഞുനില്ക്കുന്നു. അറിവനുഭവങ്ങളുടെ സൗമ്യ സാഗരമായി, പ്രചോദനാത്മകമായ ഒരു സംഘ പാഠമായി.
(തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: