പി.നാരായണന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ അനു നാരായണന് എഴുതുന്നു
എട്ടാം ക്ലാസില്‍ ചേര്‍ന്ന് ആദ്യത്തെ ക്ലാസോ മറ്റോ ആണ്. ലൂസി ടീച്ചര്‍ എല്ലാവരോടും ഭാവിയില്‍ ആരാകണമെന്ന് ചോദിച്ചു. ഓരോരുത്തരും ഓരോ മേഖല പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോള്‍ പറഞ്ഞത് ജേര്‍ണലിസ്റ്റ് എന്നാണ്. അച്ഛന് പത്രാധിപരായതുകൊണ്ടു തന്നെയാണത്. അച്ഛനെക്കണ്ടാണല്ലോ മക്കള്‍ പഠിക്കുന്നത്.
എന്നാല്‍ വലുതായപ്പോള്‍ ആഗ്രഹങ്ങള്‍ മാറി വന്നു. ചരിത്രബിരുദത്തിന് പഠിക്കുമ്പോള്‍ കോളജ് അധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. അതിനായി പിജി എടുക്കാനും മറ്റും തീരുമാനിച്ചു. നിസാര മാര്‍ക്കിന്റെ കുറവില്‍ റെഗുലര്‍ അഡ്മിഷന് നഷ്ടമായപ്പോള്‍ മനസ് മടുത്തു. പിന്നെ എല്‍എല്‍ബി പ്രവേശന പരീക്ഷയായിരുന്നു. തൃശൂരില്‍ നിന്നും കോഴിക്കോട് നിന്നും അഡ്മിറ്റ് കാര്‍ഡ് വന്നു. ഇതോടൊപ്പം തന്നെയാണ് കേരള പ്രസ് അക്കാദമിയില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് വന്നതും. ആശയക്കുഴപ്പത്തിലായി. പ്രസ് അക്കാദമിയില്‍ പഠിച്ചാല്‍ പെട്ടന്ന് ജോലി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അച്ഛന് പറഞ്ഞത്. സ്വന്തം പ്രവര്ത്തനമേഖലയ്ക്ക് പിന്ഗാമിയുണ്ടാകട്ടെയെന്ന് വിചാരിച്ചിട്ടുണ്ടാകും.
ഒരു വര്‍ഷത്തെ പഠനത്തിന് ശേഷം അമൃതാ ടിവിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനായി. എഴുത്തുഭാഷയേക്കാള്‍ കൂടുതല്‍ ദൃശ്യഭാഷയ്ക്കായി പ്രാധാന്യം. ആദ്യ പോസ്റ്റിങ് ദല്‍ഹിയിലായതിനാല്‍ വാര്‍ത്തയ്ക്കും വലിയ പഞ്ഞമില്ല. എല്ലാം നേരിട്ടുള്ള ഭാഷ തന്നെ. എന്നാല്‍ ഫീച്ചര്‍ രീതിയിലുളള വാര്‍ത്തകള്‍ വന്നപ്പോഴാണ് പെട്ടുപോയത്. മറ്റു മാധ്യമങ്ങളില്‍ നിന്നുള്ള പല സഹപ്രവര്‍ത്തകരും കവിതയും സാഹിത്യ ഭാഷയുമായി അരങ്ങ് തകര്‍ക്കുമ്പോള്‍ ഞാന്‍ നിന്നു വിയര്‍ത്തു.
ഈ ഘട്ടത്തില്‍ എനിക്ക് തുണയായത് അച്ഛന്റെ ലേഖനങ്ങളാണ്. പ്രത്യേകിച്ച് സംഘപഥത്തിലൂടെ. ഭാഷയെ ലളിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അത് കാണിച്ചു തന്നു. പിന്നെ കഴിയുന്നതും മലയാളം, അതും വാമൊഴി എന്നു തോന്നിക്കുമെങ്കിലും കേരളത്തിലാകമാനം ഉപയോഗിച്ചു വന്ന പല വാക്കുകളും ഞാന്‍ പ്രയോഗിച്ചു തുടങ്ങിയത് അങ്ങനെയാണ്.
പത്രപ്രവര്‍ത്തനത്തില്‍ കേരളത്തിലെ തന്നെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്നതാണ് ജന്മഭൂമി വാരാദ്യത്തിലെ ‘സംഘപഥത്തിലൂടെ’ എന്ന പംക്തി. ഭാഷാ സ്നേഹികള്‍ക്കും ലളിതവും വിജ്ഞാനപ്രദവുമായ മലയാളം വായിക്കാനും പഠിക്കാനുമാഗ്രഹിക്കുന്നവര്ക്കും ഒരു പോലെ പ്രധാനമാണിത്. ഒരു തരത്തിലും മുഖ്യധാരാ മാധ്യമങ്ങളില്‍ പേരുവരാനിടയില്ലാത്ത നൂറുകണക്കിനു പേരെക്കുറിച്ചാണ് ഈ പംക്തിയില്‍ പരാമര്‍ശിച്ചു പോന്നിട്ടുള്ളത്. സംഘപരിവാര്‍ ബന്ധമില്ലാത്ത അനേകം പേര് ഈ പംക്തി വായിക്കാറുണ്ട്. ഞായറാഴ്ചകളില്‍ ജന്മഭൂമി കൂടുതല്‍ ചിലവാകാറുണ്ടെന്നു പറഞ്ഞ ഏജന്റിനെയും അറിയാം.
എന്റെ ബീറ്റ് ബിജെപിയും സംഘപരിവാറുമായതിനാല് എന്തു സംശയത്തിനും ഒരു ഫോണ്‍ കോളിനപ്പുറം അച്ഛനുണ്ട് എന്ന ആത്മവിശ്വാസം ചെറുതല്ല. മാധ്യമപ്രവര്‍ത്തനത്തിലെ ചരിത്രബോധമാണ് അച്ഛനില്‍ നിന്ന് എനിക്ക് കിട്ടിയ ഏറ്റവും വലിയ ഗുണം.
ബിജെപി നേതാവ് പ്രമോദ് മഹാജന് കൊല്ലപ്പെട്ടതിനു പിന്നാലെ അക്കാര്യം പറയാന്‍ അച്ഛന് ഫോണ്‍ ചെയ്തു. കൂട്ടത്തില്‍ പറഞ്ഞ ചെറിയ കാര്യത്തില്‍ നിന്ന് നല്ലൊരു വാര്‍ത്തയാണ് കിട്ടിയത്. സംഘത്തിലെയും ജനസംഘത്തിലെയും പല പ്രമുഖ നേതാക്കളും അമ്പത് വയസില്‍ താഴെ പ്രായമുള്ളപ്പോള്‍ മരണമടഞ്ഞവരാണെന്നായിരുന്നു അച്ഛന് പറഞ്ഞത്. ഡോക്ടര്‍ജി, ദീന്‍ദയാല്‍ജി അങ്ങനെ പല ഉദാഹരണങ്ങളും പറഞ്ഞു. അപ്പോള്‍ തന്നെ അത് വാര്‍ത്തയായി കൊടുക്കാന്‍ സാധിച്ചു. അതുപോലെ ഉമാഭാരതിയെ പാര്‍ട്ടി പുറത്താക്കിയപ്പോള്‍, അദ്ധ്യക്ഷനായിരിക്കെ പുറത്താക്കിയ ആളുകള്‍ വരെ ജനസംഘത്തിലുണ്ടായിരുന്നു എന്ന അപൂര്‍വ വിവരവും അദ്ദേഹത്തിനടുത്തു നിന്നും ലഭിച്ചു. അതും വ്യത്യസ്ത വാര്‍ത്തയായി.
ദല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയതിനു ശേഷമുള്ള ഒമ്പത് വര്‍ഷം അച്ഛനുമൊത്ത് ധാരാളം യാത്രകള്‍ ചെയ്യാന്‍ അവസരമുണ്ടായി. യാത്രയിലെ സംസാരങ്ങള്‍ പലതും പെര്‍ഫെക്ട് വാര്‍ത്താ സ്ക്രിപ്റ്റുകളായിരുന്നു. കുറച്ചു കാലം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് വേണ്ടി കോളം എഴുതിയിരുന്നപ്പോള്‍ ഈ സംഭവങ്ങള്‍ പലതും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നര്‍മ്മ ഭാഷയില്‍ സഞ്ജയനാണ് അച്ഛനെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത്. പിന്നെ വികെഎന്നും. സഞ്ജയന്റെ നര്‍മ്മബോധവും വികെ എന്നിന്റെതും നല്ല സാമ്യമുണ്ട് താനും. പലപ്പോഴും ലേഖനങ്ങള്‍ എഴുതുമ്പോള്‍ അച്ഛന് ഉപയോഗിക്കുന്ന പല നുറുങ്ങ് വാക്കുകളും ഞാനുമുപയോഗിച്ചിട്ടുണ്ട്.
തര്‍ജ്ജമയാണല്ലോ അച്ഛന്റെ പ്രധാന പ്രവര്‍ത്തന മേഖലകളിലൊന്ന്. കഴിയുന്നതും മലയാളപദങ്ങള്‍ തന്നെ അതില്‍ ഉപയോഗിക്കുന്നതും അച്ഛന്റെ പ്രത്യേകതയാണ്. മതപരിവര്‍ത്തനം എന്ന വാക്ക് അച്ഛന് ഉപയോഗിച്ചിട്ടില്ല. മാര്‍ക്കം കൂടുക എന്നാണ് എഴുതിയിട്ടുള്ളത്. തമിഴ്നാടിന് തമിള്നാടെന്നാണ് എഴുതുക. ഇത്തരം ചില ഭാഷാപ്രയോഗങ്ങള്‍ ഇന്ന് ആരും ഉപയോഗിച്ച് കാണാറില്ല.
നാരായണ്‍ജിയുടെ മകനായതിനാല്‍ പലയിടത്തും എനിക്ക് ചില മുന്‍ഗണനകള്‍ ലഭിച്ചിട്ടുണ്ടെന്നത് സത്യമാണ്. പക്ഷെ ആ പ്രിവിലേജ് തന്നെ ഒരു മാറാപ്പാണ്. ആ പ്രതിഭയുടെ പരിസരത്തെങ്ങും എത്താനാകില്ലെന്ന ബോധ്യത്തിന്റെ മാറാപ്പ്. എന്തിനെക്കുറിച്ചും വായിക്കാനും അറിയാനുമുള്ള ജിജ്ഞാസയും അലസതയില്ലാത്ത മനസ്സും ഞാനടക്കമുള്ള പുതുതലമുറയ്ക്ക് പതുക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: