ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല് സര്‍ക്കാരുദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് കോണ്‍സ്റ്റബിള്‍മാര്‍, സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ ഒരു ജൂനിയര്‍ അസിസ്റ്റന്റ്, ഗ്രാമവികസന വകുപ്പിലെ ജീവനക്കാരന് എന്നിവരെയാണ് പിരിച്ചുവിട്ടത്.
ഭീകരവാദ- ലഹരി ശൃംഖലകള്‍ തകര്‍ക്കാനായി ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ ഉത്തരവിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണവലയത്തിലായിരുന്നു. ഇവര്‍ രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു. ഇവര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
പോലീസ് കോണ്‍സ്റ്റബിളായ ഇംതിയാസ് അഹമ്മദ് ലോണ്‍ ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചതും അവ വിതരണം ചെയ്തതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പുല്‍വാമയിലെ ഗാംരാജ് സ്വദേശിയാണ്. ത്രാല്‍ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു. കുപ്വാരയിലെ ഖുര്‍ഹാമ ലാല്‍പോര സ്വദേശിയാണ് വിദ്യാഭ്യാസ വകുപ്പിലെ ജൂനിയര്‍ അസി. ബസില്‍ അഹമ്മദ് മിര്‍. ലഹരിമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ലോലാബ് മേഖലയില്‍ മയക്കുമരുന്ന് സംഘത്തെ വളര്‍ത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. പാക് ഭീകരരുമായും ലഹരിമാഫിയകളുമായും നേരിട്ട് ബന്ധമുണ്ട്.
മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ളയാളാണ് കുപ്വാരയിലെ കല്മൂണ സ്വദേശി, സെലക്ഷന് ഗ്രേഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹമ്മദ് പിര്‍. പാക് ലഹരി സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. നിയന്ത്രണ രേഖയ്ക്കപ്പുറത്തു നിന്നും വലിയ രീതിയില്‍ ഹെറോയിനും മറ്റും ശേഖരിച്ച് വിതരണം ചെയ്തിരുന്നയാളാണ് ഗ്രാമവികസന വകുപ്പിലെ ജീവനക്കാരന് മൊഹദ് സയിദ് ഷാ. 1990കളില്‍ ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോയവരുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: