കൊച്ചി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കൊച്ചിക്ക് കൂടുതല്‍ സൗന്ദര്യമേകും. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്‍കാനും വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവും നല്‍കുമെന്നുമാണ് പ്രഖ്യാപനം.
വിദേശ സഞ്ചാരികളെയും വഹിച്ച് നിരവധി ആഢംര കപ്പലുകള്‍ ഇനി കൊച്ചിയിലേക്ക് എത്തിച്ചേരും. തദ്ദേശീയരായ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൊച്ചിയിലെ ടൂറിസം സാധ്യത നേരത്തെ തന്നെ വിദേശീയരടക്കം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഗോവ സന്ദര്‍ശിച്ചിട്ട് കൊച്ചിയിലേക്കും തിരികെ പോകുന്നതിനും വിദേശ സഞ്ചാരികള്‍ ക്രൂയിസം ടൂറിസത്തെ ആശ്രയിക്കും. ബിനാലെ പോലെ നടക്കുന്ന നിരവധി ആഘോഷങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തിച്ചേരും. ഇതിലൂടെ ആഭ്യന്തര വരുമാനം വര്‍ദ്ധിക്കുന്നതിന് ഇടയാകും.
വാണിജ്യ-വ്യവസായങ്ങളുടെ തലസ്ഥാനമായ കൊച്ചിയ്‌ക്ക് ഗുണകരമാകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. നൂറ് കണക്കിന് സംരഭങ്ങളും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് പേരുമുള്ള ജില്ലയാണ് എറണാകുളം. മുദ്രാലോണിന്റെ പരിധിയും ഇരട്ടിയായി ഉയര്‍ത്തിയതോടെ ചെറുകിട വ്യവസായമേഖലയ്‌ക്കും പുത്തന്‍ ഉണര്‍വ്വേകും.
ആദായ നികുതി നിയമത്തില്‍ സമഗ്ര പരിഷ്‌കാരമാണ് ബജറ്റിലുള്ളത്. നികുതിദായകരില്‍ മൂന്നില്‍ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന മുന്‍ പ്രഖ്യാപനം ഒഴിവാക്കി. ആയിരക്കണക്കിന് വരുന്ന സംരംഭ പ്രവര്‍ത്തകര്‍ക്ക് ഇത് ആശ്വാസകരമാകും.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ജില്ലയാണ് എറണാകുളം. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ഗുണകരമാകും. ഇത് കയറ്റുമതി കൂടാനും അതുവഴി സാമ്പത്തിക ലാഭം വര്‍ദ്ധിക്കുന്നതിനും ഇടയാക്കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ച്ചിട്ടുണ്ട്. ഇത് ജില്ലയിലെ നൂറ് കണക്കിന് വരുന്ന മത്സ്യകര്‍ഷകര്‍ക്കും ഗുണകരമാകും. മത്സ്യകൃഷിയ്‌ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ജില്ലയാണ് എറണാകുളം. മൊബൈലിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും എക്‌സൈസ് തീരുവ കുറച്ചതും ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണകരമാകും. ജില്ലയില്‍ പെന്റാമേനക പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.
ബജറ്റിന് പിന്നാലെ വിലയില്‍ ഇടിവ് വന്നതോടെ സ്വര്‍ണ്ണവ്യാപാര മേഖലയില്‍ വരും ദിവസങ്ങളില്‍ വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ പവന് 2000 രൂപയാണ് കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: