Kerala

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക്, പുറത്തെ വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക്… പല തട്ടുകളിലായി ആശങ്ക പടരുന്നു

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പഠനം കഴിഞ്ഞ് വിദേശരാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. ഉപരിപഠനവും അതിന് ശേഷം ലക്ഷങ്ങള്‍ ശമ്പളമുള്ള തൊഴിലുമാണ് അവര്‍ ലക്ഷ്യം വെയ്ക്കുന്നത്.

Published by

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു പഠനം കഴിഞ്ഞ് വിദേശരാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. ഉപരിപഠനവും അതിന് ശേഷം ലക്ഷങ്ങള്‍ ശമ്പളമുള്ള തൊഴിലുമാണ് അവര്‍ ലക്ഷ്യം വെയ്‌ക്കുന്നത്. ഇതോടെ കേരളത്തിലെ ഉപരിപഠനസ്ഥാപനങ്ങള്‍ക്ക് തിളക്കം കുറയുകയാണ്.

മാത്രമല്ല, ഉപരിപഠനത്തിന്റെ നിലവാരത്തകര്‍ച്ചയും ഇവിടെ ചര്‍ച്ചാവിഷയമായത് ഈയിടെ എഞ്ചിനീയറിംഗ് കോളെജിന്റെ ഫലം പുറത്തുവന്നപ്പോഴാണ്. എപിജെ അബ്ദുള്‍ കലാം ടെക്നിക്കല്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള 128 കോളജുകളിൽ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തിൽ താഴെ മാത്രമാണ്. ഒരു കോളജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായില്ല. 28 വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

കേരളത്തിലെ വിദ്യാര്‍ത്ഥികളില്‍ പലരും വിദേശത്ത് പഠനം കഴിഞ്ഞ് നല്ല ജോലി ലഭിച്ചാല്‍ വിദേശരാജ്യത്ത് തന്നെ വേരുപിടിപ്പിക്കുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. അവര്‍ ഇവിടുത്തെ സ്ഥലം വരെ വിറ്റ് പ്രായമുള്ള മാതാപിതാക്കളെ വരെ വിദേശത്തേക്ക് പറിച്ചുനടുകയാണ്. പഠിക്കാന്‍ വേണ്ടിയല്ല അധികം മലയാളി വിദ്യാര്‍ത്ഥികളും വിദേശത്തേക്ക് പോകുന്നത്. അവരുടെ ലക്ഷ്യം പഠനത്തിലൂടെ അവിടെ ജോലി നേടലും പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കലുമാണ്. പെണ്‍കുട്ടികളാണ് കേരളത്തില്‍ നിന്നും അധികമായി വിദേശത്തേക്ക് പറക്കുന്നത്. കേരളത്തില്‍ പെണ്‍കുട്ടികളെക്കുറിച്ച് നിലനില്‍ക്കുന്ന നെഗറ്റീവായ കാഴ്ചപ്പാടുകളില്‍ നിന്നും സ്വാതന്ത്ര്യമില്ലായ്മയില്‍ നിന്നുമുള്ള രക്ഷപ്പെടല്‍ കൂടിയാണ് അവര്‍ ഈ വിദേശപഠനവും വിദേശത്ത് സെറ്റില്‍ ചെയ്യലും. അവിടെ ലിംഗസമത്വവും മികച്ച തൊഴിലവസരങ്ങളും കൂടതലുമാണെന്നതും പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെക്കുറിച്ചുള്ള പരമ്പരാഗത പ്രതീക്ഷകളില്‍ നിന്നുള്ള രക്ഷപ്പെടലാണ് തന്റെ വിദേശരാജ്യത്തേക്കുള്ള കുടിയേറ്റത്തിന് പിന്നിലെന്ന് ഒരു സര്‍വ്വേയില്‍ ഒരു വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാണിച്ചിരുന്നു.

ഇതിനിടെയാണ് മറ്റൊരു വാര്‍ത്ത വലിയ തോതില്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിച്ച് ഇവിടെയെത്തുന്ന വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു എന്നതാണ് ഈ വാര്‍ത്ത. ഇതേക്കുറിച്ച് ചില വൃത്തങ്ങള്‍ ആശങ്കകള്‍ പങ്കുവെയ്‌ക്കുന്നുണ്ട്.വിദേശവിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ എത്തുന്നത് പഠിക്കാനാണോ അതോ മറ്റ് ഗൂഢലക്ഷ്യങ്ങള്‍ ഉള്ളില്‍വെച്ചാണോ എന്നാണ് ചിലര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്ന ചോദ്യം.

ഇന്ത്യന്‍ എക്സ്പ്രസ് പുറത്തുവിട്ട വാര്‍ത്തപ്രകാരം എംജി സര്‍വ്വകലാശാലയിലും കുസാറ്റിലും വിദേശത്ത് നിന്നും കേരളത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്നു എന്നാണ് പറയുന്നത്. കോട്ടയത്തെ എം.ജി. യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ വര്‍ഷം 571 വിദേശവിദ്യാര്‍ത്ഥികള്‍ പഠിക്കാനുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം എത്തിയത് 885 പേരാണ്. അതുപോലെ കുസാറ്റില്‍ 1100 വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ വര്‍ഷം പഠിക്കാനെത്തിയെങ്കില്‍ ഈ വര്‍ഷം എത്തിയത് 1600 വിദ്യാര്‍ത്ഥികള്‍. എന്താണ് കേരളത്തിലെ ആകര്‍ഷണം എന്ന ചോദ്യം ചിലര്‍ ആശങ്കയോടെ ഉയര്‍ത്തുന്നു.

വലിയ സര്‍കലാശാലകളില്‍ മാത്രമല്ല, ചെറിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കളമശേരി രാജഗിരി കോളെജില്‍ എത്തിയിരിക്കുന്നത് 60 വിദേശവിദ്യാര്‍ത്ഥികളാണ്. കുസാറ്റിലെ അസോസിയേറ്റ് പ്രൊഫസറായ ഹരീഷ് രാമനാഥന്‍ പറയുന്നത് വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കേരളത്തിലും ഇന്ത്യയിലും എണ്ണം ക്രമാനുഗതമായി വര്‍ധിച്ചുവരികയാണ് എന്നാണ്.

ആഫ്രിക്കന്‍ രാജ്യങ്ങള്‍, തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ധാരാളമായി എത്തുന്നു. ഗള്‍ഫ് രാജ്യങ്ങള്‍, യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. അഫ് ഗാനിസ്ഥാനില്‍ നിന്നുള്ള ഷുജുള്ള ഖ്വാജസാദയ്‌ക്ക് കേരളത്തിന്റെ ഉപരിപഠനത്തെക്കുറിച്ച് വലിയ മതിപ്പാണ്. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നാണ് ഷുജുള്ള ഖ്വാജസാദ ഡിഗ്രിയും ബിരുദാനന്തരബിരുദവും പഠിച്ചത്. ഇപ്പോള്‍ കുസാറ്റില്‍ പഠിക്കുന്നു.

താന്‍സാനിയയിലെ റെജിന ബാബു, സുഹൃത്ത് നവോമി സിമിയു, യെമനിലെ ഗംഡന്‍ അല്‍ഷമിരി, സുഡാനിലെ മോട്ടാന്‍ അല്‍ഹാസിന്‍ എന്നിവരും പറയുന്നത് അവരുടെ രാജ്യത്തിനേക്കാള്‍ കൂടുതല്‍ പുസ്തകങ്ങളും അടിസ്ഥാന പഠന-ഗവേഷണ സൗകര്യങ്ങളും കേരളത്തില്‍ ഉണ്ടെന്നാണ്. കേരളത്തിലെ കുട്ടികള്‍ വിദേശരാജ്യങ്ങളിലേക്ക് ഓടുമ്പോഴാണ് വിദേശികളുടെ ഈ അഭിനന്ദനം.

കളമശേരി രാജഗിരിയില്‍ ബിഎസ് സി സൈക്കോളജി പഠനത്തിന് എത്തിയ ഇന്നസെന്‍റ് ഒക്കെല്ലോ പറയുന്നത് ഇവിടെ വിദേശിയാണെന്ന തോന്നല്‍ ഇല്ലെന്നാണ്. യെമനിലെ ഗംഡന്‍ അല്‍ ഷമിരി പറയുന്നത് വടക്കേയിന്ത്യയെ അപേക്ഷിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളില്‍ ഫീസ് അല്‍പം കൂടുതലാണെന്നാണ്.

എന്തായാലും ഈ വിദേശവിദ്യാര്‍ത്ഥികളുടെ പശ്ചാത്തലം കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ എന്ന ആശങ്കയും ചിലര്‍ ഉയര്‍ത്തുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക