പാരീസ്: ഒളിംപിക്സില്‍ ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന മെഡല്‍ പ്രതീക്ഷയാണ് നീരജ് ചോപ്ര. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സില് സ്വര്‍ണം സമ്മാനിച്ച താരമാണ് നീരജ് ചോപ്ര. ഇത്തവണയും നീരജില്‍ നിന്ന് ഭാരതം പൊന്ന് ഉറപ്പിക്കുന്നുണ്ട്. നീരജിനെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതം മെഡല്‍ ലക്ഷ്യമിടുന്നത് ഷൂട്ടിങ്, ഹോക്കി, ഗുസ്തി, ബാഡ്മിന്റണ്‍ എന്നിവയ്ക്കു പുറമെ ബോക്സിങ്ങിലാണ്.
ഇത്തവണ പാരീസില്‍ ഒന്നിലേറെ മെഡല്‍ ലക്ഷ്യമിടുന്നത് ബോക്സിങ്ങിലാണ്. രണ്ട് പുരുഷന്മാരും നാല് വനിതകളുമടക്കം ആറ് പേരാണ് ഭാരതത്തിന്റെ മെഡല്‍ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ റിങ്ങിലിറങ്ങുക. ഒളിംപിക്സിലെ ഇടിക്കൂട്ടില്‍ ഭാരതം ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് വെങ്കല മെഡലുകള്‍. 2008ല്‍ വിജേന്ദര്‍ സിങ്, 2012ല്‍ മേരി കോം, 2021ല്‍ ലവ്ലിന ബോര്ഗോഹെയിന്.
പാരിസിലും പ്രതീക്ഷയായി ലവ്ലിനയുണ്ട്. രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സിങ് താരമാവുകയെന്ന സ്വപ്നവുമായാണ് ലവ്ലിന പാരീസില്‍ ഇറങ്ങുന്നത്. ടോക്കിയോയില്‍ 69 കിലോ വിഭാഗത്തിലാണ് മത്സരിച്ചതെങ്കില്‍ പാരിസില്‍ 75 കിലോ വിഭാഗത്തിലാണ് ലവ്ലിന മത്സരിക്കുന്നത്. 2023-ല്‍ ദല്‍ഹിയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ സ്വര്‍ണം നേടിയിട്ടുണ്ട് ആസാം സ്വദേശിനിയായ ഈ 26കാരി. 2022ലെ ഹ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും അതേവര്‍ഷം അമ്മാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ലവ്ലിന കരസ്ഥാക്കിയിട്ടുണ്ട്.
വനിതാവിഭാഗത്തില്‍ മറ്റൊരു ഉറച്ച മെഡല്‍ പ്രതീക്ഷയാണ് നിഖാത് സരീന്. രണ്ട് തവണ ലോക ചാംപ്യന്‍.
2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം, കഴിഞ്ഞ ഹ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം, 2019ലെ ബാങ്കോക്ക് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം എന്നിവ നേടിയിട്ടുണ്ട് 28കാരിയായ ഈ തെലങ്കാന സ്വദേശി. 2022ന് ശേഷം തോറ്റിട്ടുള്ളത് രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ്. അരങ്ങേറ്റ ഒളിംപിക്സിന് എത്തുന്ന രണ്ട് വനിതാ താരങ്ങളുണ്ട് ഇന്ത്യന്‍ സംഘത്തില്‍. 22കാരി ജാസ്മിന് ലംബോറിയയും 20 വയസ്സുള്ള പ്രീതി പവാറും. 2022ലെ ഹ്വാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ബാന്റം വെയ്റ്റ് വിഭാഗത്തില്‍ വെങ്കലം നേടിയിട്ടുണ്ട് പ്രീതി പന്‍വാര്‍. 54 കി.ഗ്രാം
വിഭാഗത്തിലാണ് പ്രീതി മെഡല്‍ പ്രതീക്ഷയുമായി പാരീസില്‍ മത്സരിക്കാനിറങ്ങുന്നത്. 57 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിറങ്ങുന്ന ജാസ്മിന് ലംബോറിയ 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയിട്ടുണ്ട്. പ്രീതിയും ജാസ്മിനും ഹരിയാന സ്വദേശിനികളാണ്.
പുരുഷ വിഭാഗത്തില്‍ അമിത് പങ്കലും നിഷാന്ത് ദേവുമാണ് ഭാരതത്തിനായി പാരീസില്‍ റിങ്ങിലിറങ്ങുക. ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം മെഡല്‍ നേടിയിട്ടുള്ള താരമാണ് 28കാരനായ ഹരിയാന സ്വദേശി അമിത് പങ്കല്‍. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിലും പങ്കെടുത്ത അമിത് രണ്ടാം ഒളിംപിക്സിനാണ് ഇറങ്ങുന്നത്. 51 കി.ഗ്രാം വിഭാഗത്തിലാണ് അമിത് പങ്കല്‍ മത്സരിക്കുക. 23കാരനായ നിഷാന്ത് ദേവ് 71 കിലോ ഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താഷ്ക്കന്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് നിഷാന്ത്. ജര്‍മനിയില്‍ കഠിന പരിശീലനത്തിലാണ് ഭാരതത്തിന്റെ മെഡല്‍ പ്രതീക്ഷളുമായി റിങ്ങിലിറങ്ങാന്‍ ഒരുങ്ങുന്ന ബോക്സിംഗ് താരങ്ങള്‍. ജൂലൈ 27ന് മത്സരങ്ങള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: