ന്യൂദല്‍ഹി: മോദിയുടെ സിക്സറില്‍ പ്രതിപക്ഷ ഇന്ത്യാ സഖ്യം സ്തംബ്ധരായിപ്പോയി. അതായിരുന്നു മൂന്നാം മോദി സര്‍ക്കാര്‍ ബജറ്റില്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള മൂന്ന് കിടിലന്‍ പദ്ധതികള്‍. ഇത് നടപ്പാക്കി വിജയിച്ചാല്‍ അത്തരം കൂടുതല്‍ പദ്ധതികള്‍ക്ക് രൂപം നല്‍കാനാണ് മോദിയുടെ പദ്ധതി.
സേവനമേഖലയില്‍ മാത്രം ചുവടുറപ്പിച്ചിരുന്ന ഇന്ത്യയെ നിര്‍മ്മാണ മേഖലയിലേക്ക് കൂടി കൈപിടിച്ച് നടത്തിയത് മോദിയുടെ വലിയ ബുദ്ധിയാണ്. അന്ന് ഗാന്ധി കുടുംബത്തിന്റെ ദല്ലാളായ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പോലും മോദിയുടെ ഈ നീക്കത്തെ കഠിനമായി വിമര്‍ശിച്ചിരുന്നു. ഇന്ത്യയ്‌ക്ക് ചൈനയെപ്പോലെ നിര്‍മ്മാണരംഗത്ത് തിളങ്ങുന്ന ഒരു രാജ്യമാകാന്‍ ഒരിയ്‌ക്കലും സാധിക്കില്ലെന്നായിരുന്നു രഘുറാം രാജനെപ്പോലുള്ളവരുടെ വിമര്‍ശനം. എന്നാല്‍ മോദി ഇതിനെ തള്ളിക്കളഞ്ഞെന്ന് മാത്രമല്ല, നിര്‍മ്മാണരംഗത്തേക്ക് കടന്നുവരുന്ന കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എത്ര കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നുവോ അത്ര കൂടുതല്‍ സൗജന്യ ധനസഹായം എന്നതായിരുന്നു മോദിയുടെ പിഎള്‍ ഐ സ്കീം.
ഇതോടെ ആഗോളകമ്പനികളും ഇന്ത്യന്‍ കമ്പനികളും ഇന്ത്യയില്‍ കൂടുതല്‍ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിച്ചു. അവര്‍ നിക്ഷേപം വാരിയെറിഞ്ഞു. ആഗോളനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ പുതിയ വളര്‍ച്ചാസാധ്യതയുള്ള മേഖലകള്‍ മോദി കൃത്യമായി മനസ്സിലാക്കി. ചൈനയ്‌ക്ക് പകരം നിര്‍മ്മാണ മേഖലയില്‍ ഇന്ത്യ എന്ന മുദ്രാവാക്യം തന്നെ ഉയര്‍ത്തി. അങ്ങിനെ ചിപ് നിര്‍മ്മാണം, പുനരുപയോഗ ഊര്‍ജ്ജമേഖല, സെമികണ്ടക്ടര്‍ എന്നീ രംഗങ്ങള്‍ മോദി തിരിച്ചറിഞ്ഞു. ആ മേഖലയിലേക്ക് കൂടുതല്‍ ശക്തരായ ഇന്ത്യന്‍ ഉല്‍പാദകരെ കൊണ്ടുവന്നു. ടാറ്റ ഉള്‍പ്പെടെയുള്ളവര്‍ വലിയ ഫാക്ടറികള്‍ സ്ഥാപിച്ചു, പുതിയ സാങ്കേതിക വിദ്യകള്‍ക്കായി പണം മുടക്കി. തായ് വാനെപ്പോലെ ലോകത്തിലെ സെമികണ്ടക്ടര്‍ മേഖലയിലെ ഉല്‍പാദനത്തില്‍ ഒന്നാമതായി നില്‍ക്കുന്ന രാജ്യങ്ങളിലെ വിദഗ്ധരെയും കമ്പനികളെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. നിര്‍മ്മാണ രംഗം ഉണര്‍ന്നു.
ഇന്ന് ഇലക്ട്രോണിക്സ് കയറ്റുമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്. ഓട്ടോ മൊബൈല്‍ നിര്‍മ്മാണ രംഗത്തും ഇന്ത്യ മുന്നേറുന്നു. കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നും വൈദ്യുതി നിര്‍മ്മിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ രംഗത്തെ കമ്പനികള്‍, സെമികണ്ടക്ടര്‍ രംഗത്തെ ഉല്‍പാദനം, ഐടി ഹാര്‍ഡ് വെയര്‍, ബള്‍ക് ഡ്രഗ്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലകോം, ഭക്ഷ്യസംസ്കരണം, ഡ്രോണുകള്‍ എന്നിങ്ങനെ എട്ട് ഉല്‍പാദനമേഖലകളില്‍ ധനസഹായം നല്‍കിവരുന്നുണ്ട്.
അടുത്ത ഘട്ടം തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ്. ഇതിനാണ് ഇനി മോദിയുടെ അടുത്ത ശ്രമം. ഗരീബി ഹഠാവോ പോലെ ഇന്ദിരാഗാന്ധി ഉയര്‍ത്തുന്ന മുദ്രാവാക്യം പോലെയല്ല ഇത്. വ്യക്തമായ പദ്ധതിയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാന്‍ മൂന്ന് പദ്ധതികളാണ് കൊണ്ടുവരുന്നത്.
പുതുതായി തൊഴില്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഈ പദ്ധതിയെ തള്ളിക്കളയാനാകാതെ പ്രതിപക്ഷപാര്‍ട്ടികള്‍ക്കും ഉത്തരം മുട്ടിയിരിക്കുകയാണ്. പുതുതായി തൊഴില്‍ നല്കുന്നവര്‍ക്ക് സര്‍ക്കാര്‍ വക സാമ്പത്തിക ഉത്തേജനം എന്നതാണ് ഈ പദ്ധതിയുടെ കാതല്‍. അഞ്ചു വര്‍ഷം കൊണ്ട് 4.1 കോടി പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി 2.1 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ഒരു കമ്പനി പുതിയതായി ഒരാളെ ജോലിക്കെടുത്താല്‍ ആ തൊഴിലാളിക്കായി കേന്ദ്രസര്‍ക്കാര്‍ മാസം തോറും ഒരു ചെറിയ തുക ധനസഹായമായി ആ കമ്പനിക്ക് നല്‍കും. ഈ തുക കമ്പനിക്ക് എടുക്കാനല്ല, പുതുതായി ജോലി ലഭിച്ച ആ യുവാവിന്റെ പിഎഫ് അടക്കാനാണ് ഉപയോഗിക്കേണ്ടത്. രണ്ട് വര്‍ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ഈ തുക കമ്പനികള്‍ക്ക് നല്‍കിക്കൊണ്ടേയിരിക്കും. ഇതോടെ കൂടുതല്‍ കമ്പനികള്‍ യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരും. കാരണം പിഎഫ് ഭാരം കമ്പനിക്കില്ലല്ലോ. പുതുതായി ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്ത ശേഷം അയാളുടെ പേരില്‍ പുതിയ ഒരു പിഎഫ് അക്കൗണ്ട് തുറന്നാല്‍ മാത്രമാണ് ഈ സഹായധനം കേന്ദ്രം നല്‍കുകയുള്ളൂ. ഒരു ലക്ഷം വരെ മാസ ശമ്പളമുള്ള തൊഴിലാളിക്ക് മാസം തോറും 3000 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് ഈ തുക നല‍്കുക. ഉല്‍പാദനവുമായി ബന്ധപ്പെട്ട എല്ലാ തൊഴില്‍ മേഖലയിലും പുതുതായി തൊഴില്‍ സൃഷ്ടിക്കുന്ന കമ്പനികള്‍ക്ക് ഈ സാമ്പത്തിക ഉത്തേജനം സര്‍ക്കാര്‍ നല്‍കും. ഇതുവഴി ഒരു വര്‍ഷം 50 ലക്ഷത്തോളം യുവാക്കള്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.
യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനുള്ള മോദി സര്‍ക്കാരിന്റെ മറ്റൊരു പദ്ധതി പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകുക എന്നതാണ്.. സംഘടിത മേഖലയിൽ ജോലിക്ക് കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. പിഎഫില്‍ അംഗമാകുന്നതിന് അനുസരിച്ചായിരിക്കും ഈ സ്കീമിന് അർഹരാകുക. 15,000 രൂപ വരെയുള്ള തുക മൂന്ന് ഇൻസ്റ്റാൾമെന്റുകളായാണ് നേരിട്ട് അക്കൗണ്ടിലേക്ക് ഇതുവഴി ഒരു വര്‍ഷം 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
മൂന്നാമത്തെ പദ്ധതി തൊഴില്‍ നൈപുണ്യം യുവാക്കളില്‍ വളര്‍ത്തുക എന്നതാണ്. ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കും ഇപ്പോള്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. മാതൃകാ തൊഴില്‍നൈപുണ്യ വായ്പാ പദ്ധതി (മോഡല്‍ സ്കില്‍ ലോണ്‍ സ്കീം) എന്ന പദ്ധതി വഴി 7.5 ലക്ഷം വരെ പുതിയ തൊഴില്‍ നൈപുണ്യം പഠിക്കാന്‍ സര്‍ക്കാര്‍ വായ്പയായി നല്‍കും. സര്‍ക്കാര്‍ ഗ്യാരണ്ടിയോട് കൂടിയായിരിക്കും വായ്പ. ഇത് വര്‍ഷം തോറും 25000 ഉന്നതവിദ്യാഭ്യാസരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു. പഠിച്ചിറങ്ങുന്നതോടെ അവര്‍ക്ക് തൊഴിലില്‍ പ്രവേശിക്കാനാകും വിധമായിരിക്കും തൊഴില്‍ നൈപുണ്യ പരിശീലനം. അതുപോലെ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം വരെ വായ്പ നല്കും. പക്ഷെ ഇന്ത്യയ്‌ക്കകത്തെ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്താനായിരിക്കും ഈ വായ്പ നല്‍കുക. വര്‍ഷം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇന്ത്യയിലെ 500 വന്‍കിട സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ സ്റ്റൈപെന്‍റോടുകൂടിയ തൊഴില്‍ പരിശീലനം എന്നതാണ് മറ്റൊരു പദ്ധതി. ഇത് പ്രകാരം ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. 12 മാസത്തോളമായിരിക്കും പരിശീലനം. ഇക്കാലയളവില്‍ മാസം തോറും 5000 രൂപ വീതം നല്‍കും. മുഴുവന്‍ സമയ വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്കും ഉന്നതവിദ്യാഭ്യാസത്തിന് ശേഷം തൊഴില്‍ ഇല്ലാത്തവര്‍ക്കും ഈ തൊഴില്‍ പരിശീലനത്തില്‍ പങ്കാളികളാവാം. ഇവര്‍ക്ക് പിന്നീട് ഉറപ്പായും തൊഴില്‍ ലഭിക്കും.
വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കല്‍, തൊഴില്‍ എന്നീ മേഖലകളില്‍ മാത്രം മുന്‍വര്‍ഷത്തേതിനേക്കാള്‍ 30 ശതമാനം അധികം നീക്കിവെച്ചിരിക്കുന്നു എന്നതിനര്‍ത്ഥം യുവാക്കളെ നവ ഇന്ത്യയുടെ നട്ടെല്ലായി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. പ്രായത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇന്ന്
ഒരു കാലത്ത് ചൈന വന്‍സാമ്പത്തിക കുതിപ്പ് നടത്തിയതിന് സമാനമായ അന്തരീക്ഷമാണ് ഇന്ന് ഇന്ത്യയില്‍ ഉള്ളത്. യുവാക്കള്‍ കൂടുതലായുള്ള രാജ്യമാണ് ഇന്നത്തെ ഇന്ത്യ. 2040 വരെ ഇതായിരിക്കും സ്ഥിതി. ചൈന, യുഎസ് എന്നീ രാഷ്‌ട്രങ്ങളില്‍ ഇപ്പോള്‍ 35നും മുകളിലാണ് ശരാശരി വയസ്സെങ്കില്‍ ഇന്ത്യയില്‍ അത് 28 വയസ്സ് ആണ്. ഈ യുവഇന്ത്യയെ ഇപ്പോഴേ നേര്‍വഴിക്ക് നയിച്ചാലാണ് കരുത്തുള്ള ഒരു നവഇന്ത്യയെ വാര്‍ത്തെടുക്കാന്‍ കഴിയുക. മോദിയുടെ വികസിതഭാരതം 2047 എന്ന കാഴ്ചപ്പാടിന്റെ ഭാഗമാണ് യുവാക്കളെ മികച്ച തൊഴില്‍ ചെയ്യുന്നവരാക്കാനുള്ള ബജറ്റിലെ മൂന്ന് പദ്ധതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: