ന്യൂഡല്‍ഹി: ഈ ബജറ്റില്‍, തൊഴില്‍, വൈദഗ്ധ്യം, എംഎസ്എംഇകള്‍, മധ്യവര്‍ഗം എന്നിവയില്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു’ 2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിന്റെ പ്രമേയം മുന്നോട്ട് കൊണ്ടു പോകുന്ന ധനമന്ത്രി 5 പദ്ധതികളും സംരംഭങ്ങളും ഉള്‍പ്പെടുന്ന പ്രധാനമന്ത്രിയുടെ പാക്കേജ് പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷ കാലയളവില്‍ 4.1 കോടി യുവാക്കള്‍ക്ക് തൊഴില്‍, വൈദഗ്ധ്യം, മറ്റ് അവസരങ്ങള്‍ എന്നിവ സുഗമമാക്കാനാണ് പാക്കേജ് ലക്ഷ്യമിടുന്നത്. ‘ഈ വര്‍ഷം വിദ്യാഭ്യാസം, തൊഴില്‍, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്’ അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി ‘തൊഴില്‍ ബന്ധിത ആനുകൂല്യത്തിനായി’ ഗവണ്മെന്റ് മൂന്ന് പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്ന ശ്രീമതി നിര്‍മല സീതാരാമന് പറഞ്ഞു. ഇവ ഇപിഎഫ്ഒയിലെ എന്റോള്‍മെന്റിന്റെ അടിസ്ഥാനത്തിലായിരിക്കും. ആദ്യമായി ജോലി ചെയ്യുന്നവരെ അംഗീകരിക്കുന്നതിലും ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമുള്ള പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്കീം എ: ആദ്യമായി തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍
2 വര്‍ഷത്തിനുള്ളില്‍ 2.1 കോടി യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, എല്ലാ ഔപചാരിക മേഖലകളിലും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എല്ലാ വ്യക്തികള്‍ക്കും ഒരു മാസത്തെ വേതനം നല്‍കും. പ്രതിമാസം ഒരു ലക്ഷം രൂപയായിരിക്കും യോഗ്യതാ പരിധി. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തതുപോലെ, ഒരു മാസത്തെ ശമ്പളത്തിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 3 തവണകളായി 15,000 രൂപ വരെ ലഭിക്കും. ആദ്യമായി തൊഴിലില്‍ പ്രവേശിക്കുന്നവര്‍ പൂര്‍ണ്ണ സജ്ജരാകുന്നതിനു മുമ്പ് കൃത്യമായ നൈപുണ്യം ലഭ്യമാക്കുന്നതുവരെ അവരെ പിന്തുണയ്ക്കുന്നതിലൂടെ ഈ സബ്സിഡി ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ആദ്യമായി ജീവനക്കാരാകുന്നവരെ നിയമിക്കുന്നതില്‍ അത്യന്താപേക്ഷിതമാണ്. രണ്ടാം ഗഡു ക്ലെയിം ചെയ്യുന്നതിന് മുമ്പ് ജീവനക്കാര്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ സാമ്പത്തിക സാക്ഷരതാ കോഴ്സിന് വിധേയരാകണം. കൂടാതെ, നിയമനം കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ ആദ്യമായി പ്രവേശിക്കുന്നവര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാല്‍ തൊഴിലുടമ സബ്സിഡി തിരികെ നല്‍കേണ്ടിവരും.
സ്കീം ബി: നിര്‍മാണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍
ഉല്‍പ്പാദനരംഗത്ത് ആദ്യമായി തൊഴിലില്‍ പ്രവേശിക്കുന്നവരെ ഗണ്യമായി നിയമിക്കുക എന്ന ലക്ഷ്യത്തോടെ, ഈ സ്കീം ഈ മേഖലയില്‍ അധിക തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കും. അതുവഴി തൊഴിലില്‍ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കള്‍ക്കും അവരുടെ തൊഴിലുടമകള്‍ക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജോലിയുടെ ആദ്യ 4 വര്‍ഷത്തെ ഇപിഎഫ്ഒ സംഭാവനയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കും തൊഴിലുടമയ്ക്കും നേരിട്ട് നിര്‍ദ്ദിഷ്ട സ്കെയിലില്‍ ഒരു ഇന്‍സെന്റീവ് നല്‍കും. നിയമനം കഴിഞ്ഞ് 12 മാസത്തിനുള്ളില്‍ ആദ്യമായി തൊഴിലില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചാല്‍ തൊഴിലുടമ സബ്സിഡി തിരികെ നല്‍കേണ്ടിവരും.
സ്കീം സി: തൊഴിലുടമകള്‍ക്കുള്ള പിന്തുണ
തൊഴിലുടമയെ കേന്ദ്രീകരിച്ചുള്ള ഈ സ്കീം എല്ലാ മേഖലകളിലെയും പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളത്തിനുള്ളില്‍ എല്ലാ അധിക തൊഴിലുകളും പരിരക്ഷിക്കും. ഈ വിഭാഗത്തിന് കീഴിലുള്ള പുതിയ ജീവനക്കാര്‍ ഇപിഎഫ്ഒയില്‍ പുതിയതായി പ്രവേശിക്കേണ്ടതില്ല. അധികമായുള്ള ഓരോ ജീവനക്കാരന്റെയും ഇപിഎഫ്ഒ വിഹിതത്തിലേക്ക് ഗവണ്മെന്റ് 2 വര്‍ഷത്തേക്ക് തൊഴിലുടമകള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നല്‍കും. പദ്ധതി 50 ലക്ഷം പേര്‍ക്ക് അധിക തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍, ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നാലാമത്തെ സ്കീം, സംസ്ഥാന ഗവണ്മെന്റുകളുമായും വ്യവസായങ്ങളുമായും സഹകരിച്ച് നൈപുണ്യമുണ്ടാക്കുന്നതിനുള്ള പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. മൊത്തം 60,000 കോടി രൂപ അടങ്കലുള്ള പദ്ധതി 5 വര്‍ഷ കാലയളവില്‍ 20 ലക്ഷം യുവാക്കള്‍ക്ക് നൈപുണ്യപരിശീലനത്തിനു ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 1,000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ (ഐടിഐകള്‍) ഹബ്ബില്‍ നവീകരിക്കും. കൂടാതെ, കോഴ്സിന്റെ ഉള്ളടക്കവും രൂപകല്‍പ്പനയും വ്യവസായത്തിന്റെ നൈപുണ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമാക്കുകയും ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്കായി പുതിയ കോഴ്സുകള്‍ അവതരിപ്പിക്കുകയും ചെയ്യും.
‘5 വര്‍ഷത്തിനുള്ളില്‍ 1 കോടി യുവാക്കള്‍ക്ക് 500 മികച്ച കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുന്നതിനുള്ള സമഗ്രമായ പദ്ധതി ഞങ്ങളുടെ ഗവണ്മെന്റ് ആരംഭിക്കും (കമ്പനികളുടെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണ്). യഥാര്‍ത്ഥ വ്യാവസായിക അന്തരീക്ഷം, വിവിധ തൊഴിലുകള്‍, തൊഴിലവസരങ്ങള്‍ എന്നിവയുമായി 12 മാസത്തേക്ക് അവര്‍ സമ്പര്‍ക്കം പുലര്‍ത്തും’ പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴിലുള്ള അഞ്ചാമത്തെ പദ്ധതിയെക്കുറിച്ച് സംസാരിച്ച ധനമന്ത്രി പറഞ്ഞു. പ്രതിമാസം 5,000 രൂപ ഇന്റേണ്‍ഷിപ്പ് അലവന്‍സും 6,000 രൂപ ഒറ്റത്തവണ സഹായവും നല്‍കും. പരിശീലനച്ചെലവും ഇന്റേണ്‍ഷിപ്പ് ചെലവിന്റെ 10 ശതമാനവും കമ്പനികള്‍ അവരുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു ശ്രീമതി നിര്‍മല സീതാരാമന് കൂട്ടിച്ചേര്‍ത്തു. 21 നും 24 നും ഇടയില്‍ പ്രായമുള്ള, ജോലിയില്ലാത്ത, മുഴുവന്‍ സമയ വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെടാത്ത യുവാക്കള്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: