ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ എട്ടാം ദിവസമായ ഇന്നും തുടര്‍ന്നെങ്കിലും തത്കാലം നിര്‍ത്തിവയ്ക്കേണ്ടി വന്നു. ഗംഗാവലി പുഴയില്‍ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തല്ക്കാലം കരയിലേക്ക് കയറിയത്.
രക്ഷാദൗത്യം സൈന്യം തുടരുമെന്ന് അറിയിച്ചു.നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് വെള്ളത്തില്‍ ഇറങ്ങാന്‍ കഴിയുന്നില്ല.
അതേ സമയം, ഷിരൂരില്‍ ടാങ്കര്‍ സ്ഫോടനം ഉണ്ടായിട്ടില്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കാര്‍വാര്‍ എസ് പി എം നാരായണ പറഞ്ഞു. ഇവിടെ നിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ പൊള്ളലേറ്റ പാടുകളില്ല. ഒഴുകിയ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചിട്ടില്ല. വൈദ്യുതി ലൈന്‍ തട്ടി പൊള്ളലേറ്റ് മരണം സംഭവിച്ചു എന്ന പ്രചാരണവും തെറ്റാണ്.
അതിനിടെ , അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാ ദൗത്യം ഗൗരവമുള്ള വിഷയമെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ച ഹൈക്കോടതി ഇരുസര്‍ക്കാരുകളോടും നാളേക്കകം മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെയുള്ള രക്ഷാ ദൗത്യത്തിന്റെ വിവരങ്ങള്‍ കര്‍ണാടക ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. കേസ് ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മലയാളികളായ രണ്ട് അഭിഭാഷകരാണ് സംഭവത്തില്‍ ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: