കോട്ടയം: രാമായണ മാസത്തില്‍ ഭഗവാന്‍ ശ്രീരാമനെയും ആദികവി വാല്മീകിയെയും ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും അധിക്ഷേപിച്ച മാധ്യമം ദിനപത്രത്തിന്റെ നടപടിയില്‍ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. ജമാ-അത്തെ ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള മാധ്യമം ദിനപത്രം കര്‍ക്കടകം ഒന്ന് മുതല്‍ പ്രസിദ്ധീകരിച്ച രാമായണ സ്വരങ്ങള്‍ എന്ന പംക്തിയിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്.
മാധ്യമം ദിനപത്രം സമൂഹത്തോട് മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദുവിരുദ്ധനായ ഒരാളെ ഉപയോഗിച്ച് ക്രമസമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കുകയാണ് ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യം. ഇത് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇസ്ലാമിക മതപണ്ഡിതരും നേതാക്കളും രാമായണ തത്വത്തെയും ഭാഷാപിതാവിനെയും അവഹേളിക്കുന്ന പത്രത്തിന്റെ നിലപാടില്‍ അഭിപ്രായം വ്യക്തമാക്കണം.
ഇത്തരം ഗൂഢലക്ഷ്യങ്ങളെ മതേതര മുസ്ലിം സമൂഹവും ഹൈന്ദവസമൂഹവും വിശ്വാസി കൂട്ടായ്മകളും ഒറ്റക്കെട്ടായി അണിനിരന്ന് ചെറുത്തുതോല്‍പ്പിക്കണം. മാധ്യമം പത്രത്തിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ഹൈന്ദവ അവഹേളനത്തിനെതിരെ ശക്തമായ പ്രക്ഷോഭവും പ്രചാരണവും നിയമ നടപടികളും സ്വീകരിക്കും.
നാളെ മാധ്യമം ദിനപത്രത്തിന്റെ എല്ലാ ബ്യൂറോകളിലേക്കും ഹിന്ദു സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്മാരായ പി.എസ്. പ്രസാദ്, പ്രൊഫ. ടി. ഹരിലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, ജില്ലാ സംഘടനാ സെക്രട്ടറി സി.ഡി. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: