ന്യൂദല്‍ഹി: ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് തെളിവുകള്‍ എവിടെയെന്ന് സുപ്രീംകോടതി. നീറ്റ് റദ്ദാക്കണമെന്ന ആവശ്യവുമായെത്തിയ നൂറുകണക്കിന് ഹര്‍ജിക്കാരോടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം.
ചോദ്യ പേപ്പര്‍ ചോര്‍ച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടന്നിട്ടുണ്ടോയെന്നും ഇക്കാര്യം ഹര്‍ജിക്കാര്‍ തെളിയിക്കണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ 4,700 പരീക്ഷാ കേന്ദ്രങ്ങളില്‍ ബിഹാറിലെ ഒരിടത്തു മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും കുറ്റക്കാരെ സിബിഐ പിടികൂടിക്കഴിഞ്ഞതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും രണ്ട് സെറ്റ് ചോദ്യ പേപ്പറുകളാണ് നല്‍കിയിരുന്നതെന്നും എട്ട് കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യ പേപ്പര്‍ മാറി നല്‍കിയെന്നും ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചു. ചിലയിടത്ത് ചോദ്യ പേപ്പര്‍ തിരികെ വാങ്ങി ശരിയായ സെറ്റ് നല്കി. മറ്റുചിലയിടത്ത് മാറിയ ചോദ്യ പേപ്പര്‍ വച്ചുതന്നെ പരീക്ഷ പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ പിഴവ് സംഭവിച്ച കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടിവന്നത്. ഇത്തരം കേസുകളില്‍ ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്ക് നല്‍കിയതെന്നും എന്‍ടിഎ അറിയിച്ചു. കേസിലെ വാദം വരും ദിവസങ്ങളിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: