കോലഞ്ചേരി: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്ക്കുന്ന മഴുവന്നൂര്‍ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ എത്തിയ പോലീസ് യാക്കോബായ വിഭാഗം വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത്തവണയും പിന്‍വാങ്ങി.
ഇത് അഞ്ചാം തവണയാണ് പോലീസ് സര്‍വ സന്നാഹത്തോടെയും എത്തി നടപടിക്രമങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസ് പിന്മാറിയത്. തലേദിവസം വൈകിട്ട് ആറു മണിയോടുകൂടി പോലീസ് പള്ളിയിലേക്ക് എത്തിച്ചേരുകയും പള്ളിയുടെ പ്രധാന കവാടങ്ങളില്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ ഒന്‍പതു മണിയോടുകൂടി വനിതാ പോലീസ് അടക്കം ഇരുനൂറോളം പോലീസുകാരാണ് ഉണ്ടായിരുന്നത്. റൂറല്‍ എഎസ്പി രോഹിത് റാവത്തിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം എത്തിയത്. ജലപീരങ്കിയും പള്ളിയുടെ പ്രധാന കവാടത്തില്‍ എത്തിച്ചിരുന്നു. റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.
എന്നാല്‍ പള്ളിയുടെ പ്രധാന ഗേറ്റ് പൂട്ടി അതിനുള്ളില്‍ മുദ്രാവാക്യം വിളികളോട് കൂടി പതിവുപോലെ വിശ്വാസികള്‍ നിലയുറപ്പിച്ചു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് പോലീസ് ഗേറ്റിന്റെ ഒരു താഴ് അറുത്തെങ്കിലും അകത്തുനിന്നുള്ള ശക്തമായ പ്രതിരോധം കാരണം നടപടിയില്‍ നിന്നും പോലീസ് പിന്‍വാങ്ങി. ഇതിനിടെ ആറ് പേരെ ദേഹാസ്വാസ്ഥ്യം മൂലം കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 25ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: