ന്യൂദൽഹി: രാജ്യത്തെ സാമ്പത്തിക നില ശക്തമെന്ന് 2023 – 24 വര്‍ഷത്തെ സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ആഗോള തലത്തിലെ വെല്ലുവിളികൾ നേരിടാൻ രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തമാണ്. 2020നേക്കാൾ 20 ശതമാനം വളർച്ച 2024ൽ കൈവരിച്ചു. വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ നാല് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക സർവെ റിപ്പോർട്ട് ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ വച്ചു.
ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2024-25) 6.5നും 7 ശതമാനത്തിനും ഇടയിൽ ജിഡിപി വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ2024 റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെല്ലുവിളികൾക്കിടയിലും ഇന്ത്യയ്‌ക്ക് സാമ്പത്തികമായി ഏറെ മുന്നേറാൻ സാധിച്ചെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും വികസിക്കുകയും ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.
സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെൻ്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
നാളെയാണ് ബജറ്റ് അവതരണം. മൂന്നാം മോദി സർക്കാരിന്റെ ആദ്യത്തേയും നിർമല സീതാരാമന്റെ ഏഴാമത്തെയും കേന്ദ്ര ബജറ്റാണ് നാളെ അവതരിപ്പിക്കാൻ പോകുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മാര്‍ഗരേഖയാണ് നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റെന്നും 2047 ലെ വികസിത് ഭാരത് എന്ന സ്വപ്‌നത്തിന്റെ തറക്കല്ലാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: