ന്യൂദല്‍ഹി: കേരളത്തില്‍ മലപ്പുറത്ത് നിപ ബാധിച്ച് പതിനാലുകാരന് മരിച്ച സാഹചര്യത്തില്‍ അടിയന്തര ഇടപെടലുമായി കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം ഉടനടി സ്വീകരിക്കേണ്ട പൊതുജനാരോഗ്യ നടപടികളെക്കുറിച്ച് കേന്ദ്രം നിര്‍ദേശം നല്കി.
രോഗ പരിശോധന, രോഗവ്യാപനത്തിനുള്ള സാധ്യത തിരിച്ചറിയല്‍, പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനത്തിന് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും സാങ്കേതിക സഹായവും നല്കുന്നതിനായും കേന്ദ്രസംഘത്തെ വിന്യസിക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ദേശീയ വണ്‍ ഹെല്‍ത്ത് മിഷനിലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായുള്ള വിദഗ്ധരടങ്ങുന്ന സംയുക്ത സംഘത്തെയാണ് ഇതിനായി നിയോഗിക്കുക.
രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമുള്ളവരുടെ അധിക സാമ്പിളുകള്‍ പരിശോധിക്കുന്നതിനായി മൊബൈല്‍ ബിഎസ്എല്‍ -3 ലബോറട്ടറി കോഴിക്കോട്ടെത്തിച്ചു. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം, രോഗിക്ക് ഉപയോഗിക്കുന്നതിനായി ഐസിഎംആര്‍ മോണോക്ലോണല്‍ ആന്റിബോഡികള്‍ അയച്ചിരുന്നു. എന്നാല്‍ ഇന്നലെ മരിച്ച കുട്ടിയുടെ ആരോഗ്യനില മോശമായതിനാല്‍ ഇത് ഉപയോഗിക്കാനായില്ല.
കുട്ടിയുടെ കുടുംബം, അയല്പക്കം, ബന്ധപ്പെട്ടവര്‍ എന്നിവര്‍ക്കോ പ്രദേശത്ത് മറ്റാര്‍ക്കെങ്കിലുമോ രോഗമുണ്ടോയെന്നറിയാന്‍ സജീവമായ പരിശോധനക്ക് കേന്ദ്രം നിര്‍ദേശം നല്കി. മരിച്ച കുട്ടിയുമായി കഴിഞ്ഞ 12 ദിവസങ്ങള്‍ക്കുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തുക, അവര്‍ക്ക് കര്‍ശനമായ ക്വാറന്റൈന് ഏര്‍പ്പെടുത്തുക, രോഗബാധ സംശയിക്കുന്നവരെ ഐസൊലേഷനിലാക്കുക, പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിച്ച് അയക്കുക എന്നീ നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: