ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ലോക്സഭയില്‍ നാളെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് പൊതുബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണി മുതലാണ് ബജറ്റവതരണം. ഇതിന് മുന്നോടിയായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വെയ്ക്കും.
ആഗോളതലത്തില്‍ രാജ്യത്തിന്റെ സമാനതകളില്ലാത്ത സാമ്പത്തിക വളര്‍ച്ചയുടെ റിപ്പോര്‍ട്ട് കാര്‍ഡാകും സര്‍വ്വേ റിപ്പോര്‍ട്ട്. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ ലഭ്യതാ നിരക്ക്, ജിഡിപി വളര്‍ച്ചാ നിരക്ക്, വിലക്കയറ്റനിരക്ക്, ബജറ്റ് കമ്മി, വിവിധ മേഖലകളിലെ വളര്‍ച്ചാ നിരക്ക് തുടങ്ങിയ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ വിവിധ ഘടകങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് ഐഎംഎഫ് അടക്കമുള്ള ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്.
ആഗസ്ത് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 16 ദിവസം സഭ സമ്മേളിക്കും. സുപ്രധാനമായ ആറു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് നിയമവും ഉള്‍പ്പെടും. കേന്ദ്രഭരണത്തിലുള്ള ജമ്മുകശ്മീര്‍ ബജറ്റും സഭ പാസാക്കും.
മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സഭാനേതാക്കളുടെ യോഗം വിളിച്ചു. എന്തൊക്കെ ആവശ്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളന കാലത്ത് സഭയില്‍ മുന്നോട്ട് വെയ്ക്കുന്നതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ചോദിച്ചറിഞ്ഞു. ബിഹാറിന് പ്രത്യേക പദവി വേണമെന്ന ജെഡിയുവിന്റെ ആവശ്യത്തിന്മേല് ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഒഡീഷക്കും പ്രത്യേക പദവി ലഭിക്കാനാണ് സാധ്യത.
ലോക്സഭയില്‍ ഡെ. സ്പീക്കര്‍ പദവി നല്‍കണമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഴയ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ എംപിമാര്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, വിവിധ എന്‍ഡിഎ കക്ഷി നേതാക്കള്‍, കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗഗോയ്, ജയറാം രമേശ്, മറ്റു പ്രതിപക്ഷ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തിലെത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി യോഗത്തില്‍ നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: