ന്യൂദല്‍ഹി: അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്രസകളിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ട് യുപി സര്‍ക്കാര്‍. മദ്രസകളില്‍ കഴിയുന്ന മുസ്ലിങ്ങളല്ലാത്ത വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്ക്കാന്‍ യുപി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
എന്നാല്‍ ഇതിനെ വര്‍ഗ്ഗീയനിറം നല്കി നേരിടാന്‍ ശ്രമിക്കുകയാണ് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഘടനകള്‍. മദ്രസ കുട്ടികളെ സരസ്വതീവന്ദനം നടത്താന്‍ സമ്മതിക്കില്ലെന്നുള്ള വിചിത്ര നിലപാടാണ് ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് എടുക്കുന്നത്. മദ്രസകളുടെ നിലനില്‍പ്പ് ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുള്ള വാദവും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഉന്നയിക്കുന്നു. ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡിന് പുറമെ ജമാ അത്ത് ഉലമ ഇ ഹിന്ദ്, ജമാ അത്തെ ഇസ്ലാമി ഹിന്ദ്, ജാമിയത് അഹ് ലെ ഹദിത് എന്നീ സംഘടനകളും വിയോജിപ്പുമായി രംഗത്തുണ്ട്.
ദേശീയ ബാലാവകാശ കമ്മീഷന്റെ ജൂണ്‍ ഏഴിലെ കത്ത് വെച്ചാണ് സര്‍ക്കാര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത മദ്രസകളിലെ മുസ്ലിങ്ങളല്ലാത്ത മുഴുവന്‍ കുട്ടികളെയും ഔപചാരിക വിദ്യാഭ്യാസം നല്കാന് സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്ക്കാന്‍ ജില്ല മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ കൗണ്‍സില്‍ അംഗീകരിക്കാത്ത മദ്രസകളില്‍ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സര്‍ക്കാര്‍ സ്കൂളുകളിലേക്ക് പഠനത്തിന് അയയ്ക്കാനും ജൂണ്‍ 26ന് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി ദുര്‍ഗ്ഗ ശങ്കര്‍ മിശ്ര പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാന്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ രൂപീകരിച്ചുകഴിഞ്ഞു. എന്നാല്‍ ഈ നടപടികളെ വര്‍ഗ്ഗീയമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് മുസ്ലിം സംഘടനകള്‍. മുസ്ലിം ഇതര വിദ്യാര്‍ത്ഥികള്‍ മദ്രസകളില്‍ എത്തുന്നത് അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണെന്നാണ് ഉത്തര്‍പ്രദേശ് മദ്രസ എജ്യുക്കേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഇഫ്തികാര്‍ അഹമ്മദ് ജാവേദ്. യുപിയില്‍ 8500 സര്‍ക്കാര്‍ സഹായമില്ലാത്ത മദ്രസകള്‍ ഉണ്ടെന്നും അവിടെ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ഇവരെ സര്‍ക്കാര്‍ സ്കൂളിലേക്ക് അയയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇഫ്തികാര്‍ അഹമ്മദ് ജാവേദ് പറയുന്നു.
ഉത്തര്‍പ്രദേശില്‍ 25000 മദ്രസകളുണ്ട്. ഇതില്‍ 16000 മദ്രസകളെ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളൂ. ഇതില്‍ 5600 മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായവും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: