കോട്ടയം : സംസ്ഥാനത്ത് കടലാസ് മുദ്രപ്പത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനുളള സര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകും. ആധാരങ്ങളുടെ രജിസ്ട്രേഷന് ടെംപ്ലേറ്റ് സംവിധാനത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായാണിത്.
ആധാരങ്ങളില്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ കൃത്യമായി ചേര്‍ത്തു നല്‍കുന്നതാണ് ടെംപ്ലേറ്റിന്റെ രീതി.
ആധാരം ചെയ്യുന്ന കക്ഷിയുടെ പേര്, വസ്തുവിന്റെ വിവരങ്ങള്‍, സാക്ഷികളുടെ വിവരങ്ങള്‍, വസ്തുവിന്റെ മുന്‍ചരിത്രം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി പ്രത്യേക കോളങ്ങളുണ്ടാവും. അധിക വിവരങ്ങളുണ്ടെങ്കില്‍ അതു രേഖപ്പെടുത്താന്‍ പ്രത്യേക സ്ഥലവുമുണ്ടാവും. ഇഷ്ട ദാനം, ഭാഗപത്രം ഉള്‍പ്പെടെ ഈ ഭാഗത്ത് രേഖപ്പെടുത്താം.
വിവരങ്ങള്‍ രേഖപ്പെടുത്തി ഓണ്‍ലൈനായി സബ് റജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച് ഇ സ്റ്റാംപിംഗ് സംവിധാനത്തിലൂടെ സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഒടുക്കിയാല്‍ നടപടികള്‍ പൂര്‍ത്തിയാവും. ആധാരമെഴുത്തുകാര്‍ വഴിയാകും ഇത് നടപ്പാക്കുക.
ടെംപ്ലേറ്റ് രജിസ്ട്രേഷന് നടപ്പാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആധാരമെഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചനടത്തും. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് സാങ്കേതിക സംവിധാനം സജ്ജമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: