അമ്പലപ്പുഴ: രണ്ട് മുന്‍ തലമുറകളെ അക്ഷരങ്ങളുടെയും അറിവിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ അദ്ധ്യാപകന് നാടിന്റെയും ശിഷ്യഗണങ്ങളുടെയും പ്രണാമം. വായനക്കാരെന്റെ ഹൃദയത്തെ തൊട്ടറിഞ്ഞ കവിയും സാഹിത്യകാരനുമായിരുന്നു വിട പറഞ്ഞ ഡോ: അമ്പലപ്പുഴ ഗോപകുമാര്‍. അമ്പലപ്പുഴയുടെ അഭിമാനവും സ്വകാര്യ അങ്കാരവുമായിരുന്നു അനേകം ശിഷ്യ സമ്പത്തുക്കളുടെ ഉടമയായ ഗോപകുമാര്‍ സാര്‍.
തത്തമത്തു നാണുപിള്ള ഗോപകുമാരന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. ഗോപകുമാര്‍ സാറിനെ അമ്പലപ്പുഴയുടെ അംബാസഡര്‍ എന്ന് തന്നെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ കൈകള്‍ കൊണ്ട് ആദ്യാക്ഷരം കുറിച്ചവരുടെ എണ്ണം കണക്കെടുപ്പുകള്‍ക്ക് അതീതമാണ്. കേരളത്തിലെവിടെയുമുള്ള സാംസ്കാരിക സമ്മേളന വേദികളില്‍ മൂന്ന് പതിറ്റാണ്ട് കാലം അദ്ദേഹത്തെ പോലെ പ്രസംഗിക്കാന്‍ കഴിയുന്നവരുടെ എണ്ണം ചുരുക്കം. 1995 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ചെമ്പകശ്ശേരിയുടെ സാഹിത്യ സംഭാവനകള്‍ എന്ന ഗവേഷണ പ്രവര്‍ത്തനത്തിന് പിഎച്ച്ഡി ലഭിച്ചു. സനാതന ധര്‍മ്മ കോളജിലെ പ്രൊഫസറായിരുന്ന ഇദ്ദേഹം 1999 ല്‍ മലയാള വകുപ്പ് മേധാവിയായി വിരമിച്ചു. അദ്ദേഹം രചിച്ച ‘അമ്പലപ്പുഴ ക്ഷേത്ര ചരിത്രം’ ചെമ്പകശ്ശേരിയെയും അമ്പലപ്പുഴ ക്ഷേത്രത്തെയും കുറിച്ച് എഴുതപ്പെട്ട ഏറ്റവും ആധികാരിക ഗ്രന്ഥമായി കരുതപ്പെടുന്നു. സാഹിത്യ ചരിത്ര വിദ്യാര്‍ത്ഥികള്‍ അതൊരു റഫറന്‍സ് ഗ്രന്ഥമായി ഇന്നും ഉപയോഗിച്ചുവരുന്നു.
ആദ്യത്തെ കൃതി നാഷണല്‍ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച ‘ഉദയത്തിനു മുമ്പ്’ ആയിരുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ മലയാളത്തിലെ എല്ലാ പ്രമുഖ സാഹിത്യ മാസികകളിലും പ്രത്യക്ഷപ്പെട്ടു. കൃതികളില്‍ ചെമ്പകശ്ശേരിയുടെ പുരാതന കലാരൂപങ്ങളുടെ ലേഖനങ്ങളും ചരിത്രവും ഉള്‍പ്പെടുന്നു. ശ്യാമകൃഷ്ണന്, ഇടയന്റെ പാട്ട്, മാന്യമഹാജനം, അമൃതപുരിയിലെ കാറ്റ്, അമൃത ദര്‍ശനം, ഹരിമാധവം, ഗംഗാ മയ്യാ തുടങ്ങിയാണ് അദ്ദേഹത്തിന്റെ കവിതാ സമാഹാരങ്ങള്‍.സുകൃതപൈതൃകം, തിരകള്‍ മായ്ക്കാത്ത പാദമുദ്രകള്‍, സത്യത്തിന്റെ നാനാര്‍ത്ഥങ്ങള്‍, കുഞ്ചന്‍ നമ്പ്യാര്‍, അമ്പലപ്പുഴ ക്ഷേത്ര ചരിത്രം, വേലകളി, പള്ളിപ്പാന, അമ്പലപ്പുഴ സഹോദരന്മാര്, പതിനാലു വൃത്തം തുടങ്ങിയ പഠനങ്ങള്‍. നളചരിതം, സ്വപ്നവാസവദത്തം, കരുണ, ചണ്ഡാല ഭിക്ഷുകി, അദ്ധ്യാത്മ രാമായണത്തിലെയും മഹാഭാരതത്തിലെയും ചില ഭാഗങ്ങളെ കുറിച്ചുള്ള -വ്യാഖ്യാന പഠനങ്ങള്‍, തകഴിയെക്കുറിച്ചുള്ള എന്റെ ഉള്ളിലെ കടല്‍, ചങ്ങമ്പുഴയുടെ ലീലാങ്കണം, കൈരളിയുടെ വരദാനങ്ങള്‍, കുഞ്ചന്റെ ചിലമ്പൊലി, ശാരികാസന്ദേശം, പച്ചിലത്തോണി, ശ്രീകൃഷ്ണ ലീല, നന്മയുടെ നറുമൊഴികള്‍, കൈരളിയുടെ വരദാനം, അക്കിത്തിക്കുത്തു എന്നിവയാണ് പ്രസിദ്ധീകരിച്ച മറ്റു കൃതികള്‍. രാപ്പാടി എന്ന അദ്ദേഹത്തിന്റെ കൃതി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്.
2011ല്‍ പ്രൊഫ: കോഴിശ്ശേരി ബാലരാമന് അവാര്‍ഡ്, 2013ല്‍ സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, 2014ല്‍ നാരായണീയം പുരസ്കാരം, അതേ വര്‍ഷം തന്നെ ഷാര്‍ജ ഏകതാ സാഹിത്യ പുരസ്കാരം, 2015ല്‍ അമ്പലപ്പുഴ ക്ഷേത്രം ഏര്‍പ്പെടുത്തിയ വാസുദേവ പുരസ്കാരം, ബാല സംസ്കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്കാരം, 2015ല്‍ സാഹിത്യത്തിനുള്ള വെണ്മണി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് ഡോ.ഗോപകുമാര്‍ അര്‍ഹനായിട്ടുണ്ട്.
അമ്പലപ്പുഴ ശ്രീ കൃഷ്ണഭഗവാന്റെ അടിയുറച്ച ഭക്തനായിരുന്നു ഇദ്ദേഹം. സരസ്വതീ കാടാക്ഷം വേണ്ടുവോളം കിട്ടിയിട്ടുള്ള ഒരാളായ ഇദ്ദേഹം കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി അമ്പലപ്പുഴയുടെ കലാ, സാംസ്കാരിക, സാഹിത്യ, സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്. ആകാശവാണിയില്‍ സ്ഥിരമായി സുഭാഷിതവും അവതരിപ്പിച്ചിരുന്നു. അമ്പലപ്പുഴ രാമവര്‍മ്മക്ക് ശേഷം വീണ്ടും ഒരു അമ്പലപ്പുഴക്കാരനെ തന്നെ ആ കര്‍മ്മം ചെയ്യാന്‍ ആകാശവാണി നിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: