പ്രായാധിക്യത്താല്‍ ജരാനരയും അന്ധതയും ബാധിച്ച വൃദ്ധദമ്പതികളുടെയും മകന്റെയും കഥ ദശരഥമഹാരാജാവ് അന്ത്യകാലത്ത് അനുസ്മരിക്കുന്നുണ്ട്. പ്രാണപ്രയാണമടുത്ത തപോധനന്റെ ശാപവാക്കുകള്‍കൊണ്ട് തനിക്ക് പുത്രദുഃഖത്താല്‍ മരിക്കേണ്ടിവരുമെന്ന് ദശരഥന് കൗസല്യയെ അറിയിക്കുന്നതാണ് സന്ദര്‍ഭം. നായാട്ടില്‍ ആസക്തനായി കൈകളില്‍ വില്ലും ശരവും സജ്ജമാക്കി വനാന്തരത്തിലെ ഒരു നദീതീരത്ത് അര്‍ദ്ധരാത്രിയില്‍ ദശരഥന് നിന്നു. അപ്പോള്‍ ദാഹിച്ചു വലഞ്ഞ മാതാപിതാക്കള്‍ക്കുവേണ്ടി വെള്ളം കോരുവാനായി ഒരു മുനികുമാരന് നദീതീരത്തെത്തി. ഇരുട്ടുനിറഞ്ഞ രാത്രി. വെള്ളത്തില്‍ കുടം മുക്കുമ്പോള്‍ കുടത്തിനുള്ളിലേക്ക് ജലം പ്രവശിച്ചപ്പോഴുണ്ടായ മുഴക്കം കേട്ട് ആന തുമ്പിക്കരംകൊണ്ട് ജലംകോരുകയാണെന്ന് ധരിച്ച് ദശരഥന് നാദഭേദിയായ അമ്പ് വില്ലില്‍ തൊടുത്ത് വലിച്ചയച്ചു.
”ഹാ ഹാ ഹതോസ്മ്യഹം, ഹാ ഹാ ഹതോസ്മ്യഹം – ഞാന്‍ കൊല്ലപ്പെട്ടവനായി, കൊല്ലപ്പെട്ടവനായി. ഞാന്‍ ആര്‍ക്കുമൊരു ദോഷവും ചെയ്തിട്ടില്ല. എനിക്കെന്തേ ഇങ്ങനെ വരാന്‍ കാരണം. ആരാലാണാവോ ഞാന്‍ കൊല്ലപ്പെട്ടത്. ദാഹപരവശരായി മാതാപിതാക്കള്‍ എന്നെയും കാത്ത് പര്‍ണ്ണശാലയിലിരിക്കുന്നു” എന്നീ പ്രലപനങ്ങള്‍ കേട്ട് അത്യന്തം ഭയന്നു വിറച്ച് ദശരഥന് അമ്പേറ്റു വീണുകിടക്കുന്ന മുനികുമാരന്റെ അടുത്തെത്തി പാദങ്ങളില്‍ വീണ് താന്‍ ആരെന്നും, നായാട്ടില്‍ ഭ്രമിച്ച താന്‍ ആന തുമ്പിക്കരംകൊണ്ട് വെള്ളം കോരുകയാണെന്ന് ധരിച്ച് അമ്പയച്ചതാണെന്നും അപരാധിയായ താന്‍ പ്രാണന് ത്യജിക്കുമെന്നും പറഞ്ഞപ്പോള്‍ മുനികുമാരന് ഇങ്ങനെ പ്രതിവചിച്ചു.
”എല്ലാം കര്‍മ്മഫലമാണ്. അതു തടുക്കാനാവില്ല. അങ്ങേക്ക് ബ്രഹ്മഹത്യാപാപമുണ്ടാകുമെന്ന് ഭയംവേണ്ട. ഞാന്‍ വൈശ്യനാണ്. നീ എത്രയും പെട്ടെന്ന് ചെന്ന് എന്റെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കുക. വാര്‍ദ്ധക്യമേറി ജനാനരയും പൂണ്ടു കണ്ണുകാണാതെ എന്നെയും കാത്തിരിപ്പാണവര്. വെള്ളം നല്കി അവരുടെ ദാഹമകറ്റുക. സംഭവിച്ചതെല്ലാം അവരോട് പറയുക. സത്യമറിഞ്ഞാല്‍ നിന്നെ അവര്‍ രക്ഷിക്കും. എന്റെ താതനു കോപം വന്നാല്‍ നിന്നെ ശപിച്ചു വെണ്ണീറാക്കാന്‍ മടിക്കില്ല. പ്രാണന് പോകാത്തതുകൊണ്ട് പീഢിതനാണ് ഞാന്‍. എന്നില്‍ തറഞ്ഞിരിക്കുന്ന ബാണം നീ വലിച്ചൂരുക.”
ദശരഥന് അമ്പ് വലിച്ചൂരിയെടുത്തതോടെ മുനികുമാരന് പ്രാണന് വെടിഞ്ഞു. ജലകുംഭവുമെടുത്ത് രാജാവ് വൃദ്ധതാപസരിരിക്കുന്ന ആശ്രമത്തിലെത്തി. പുത്രന് വരാന്‍ താമസിക്കയാല്‍ വൃദ്ധദമ്പതികള്‍ അവനെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദശരഥന് അവരുടെ അടുക്കലേക്ക് വന്നത്. പാദവിന്യാസം കേട്ട് തങ്ങളുടെ പുത്രന് വന്നുവെന്നുവിചാരിച്ച് ”മകനേ നീ എന്തിത്ര താമസിച്ചു. വേഗം വെള്ളം തരിക” എന്നു പറഞ്ഞു.
ദശരഥന് ഭയഭക്തിയോടുകൂടി സംഭവിച്ചതെല്ലാം വൃദ്ധദമ്പതികളെ അറിയിച്ചു. ”ജ്ഞാനികളായ നിങ്ങള്‍ എന്നോടു ക്ഷമിക്കണം. പാപിയായ എനിക്ക് മറ്റാശ്രയമില്ല.” ദശരഥന്റെ വാക്കുകള്‍ കേട്ടിട്ട് ഏറ്റവും ദുഃഖിതരായി കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു.
”ഞങ്ങളുടെ പുത്രന് എവിടെ കിടക്കുന്നു. അവന്റെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോകുക.” ദശരഥന് അവരെ മുനികുമാരന്റെ ഭൗതികശരീരം കിടക്കുന്ന സ്ഥലത്തെത്തിച്ചു. എല്ലാം കര്‍മ്മഫലം. മകന്റെ ശരീരം തലോടി പലതും പറഞ്ഞ് അവര്‍ വിതുമ്പിക്കരഞ്ഞു. പിന്നീടവര്‍ ചിതകൂട്ടുവാന്‍ ദശരഥനോട് നിര്‍ദ്ദേശിച്ചു. മുനികുമാരന്റെ ദേഹം ചിതയില്‍വെച്ച് അഗ്നിയെ ജ്വലിപ്പിച്ചപ്പോള്‍ ആ വൃദ്ധദമ്പതികളും ആ ചിതയില്‍ പ്രവേശിച്ച് ദേഹത്യാഗം ചെയ്തു. പുത്രശോകത്താല്‍ നീയും മരിക്കുക എന്ന ശാപവചനം നല്കിയിട്ടാണ് വൃദ്ധതാപസനും പത്നിയും അഗ്നിപ്രവേശം ചെയ്തത്.
നോക്കൂ ആ മുനികുമാരനോളം പാവനാത്മാവായി മറ്റൊരു കഥാപാത്രം രാമായണത്തിലുണ്ടെന്നു തോന്നുന്നില്ല. അശരണരായ വൃദ്ധമാതാപിതാക്കളെ ഉപേക്ഷിച്ചു കടക്കുന്ന സന്തതികള്‍ പെരുകുന്ന കലിയുഗത്തില്‍, ത്രേതായുഗത്തിലെ ആ മുനികുമാരന് ഒരു മഹനീയ മാതൃകയായി കാലാതീതനായി മുന്നില്‍ നില്ക്കുന്നു. ജരാനരകള്‍ ബാധിച്ചും കാഴ്ചശക്തി നശിച്ചും ജീവിതാന്ത്യത്തിലെത്തിയ ആ വൃദ്ധദമ്പതികള്‍ക്ക് ഏകാശ്രയമായിരുന്നു മകന്. വെള്ളം കൊണ്ടുവരാന്‍ പോയ അവന് വരാന്‍ താമസിച്ചപ്പോള്‍ പരിഭവപ്പെടുന്ന വൃദ്ധദമ്പതികളില്‍ തിരിനീട്ടുന്നത് പുത്രനിര്‍വ്വിശേഷമായ സ്നേഹവും മമതയുമാണ്. ഭാരതസംസ്കൃതിയില്‍ പൂവിട്ട അത്യുദാരമായ മാതൃപിതൃപുത്രബന്ധമാണ്. അയോദ്ധ്യാകാണ്ഡത്തിലെ ദശരഥന് അനുസ്മരിക്കുന്ന ജീവിതഖണ്ഡത്തിലുള്ളത്. വൃദ്ധതാപസന്റെ ശാപം ഒരു വിധത്തില്‍ ദശരഥന് ശുഭാപ്തി വിശ്വാസവും മറ്റൊരുവിധത്തില്‍ തീരാത്ത മനഃക്ലേശവും നല്‍കിയെന്ന് രാമായണം വ്യക്തമാക്കുന്നു. കര്‍മ്മവും ഫലവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. മുനികുമാരന്റെ (ശ്രാവണന്) കഥ നല്കുന്ന സന്ദേശവും മറ്റൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: