പായിപ്ര രാധാകൃഷ്ണന്
99 ലെ വെള്ളപ്പൊക്കത്തിന്റെ ശതാബ്ദി സ്മൃതി ഉചിതമായി. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയാണ് സാഹിത്യത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി പ്രശസ്തിയാര്‍ജ്ജിച്ചത്. അത് കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കാഴ്ചകളായിരുന്നു. വെള്ളപ്പൊക്ക സംഹാര താണ്ഡവത്തില്‍ തന്റെ തറവാട്ടില്ലവും താമസിക്കുന്ന ഇല്ലവും നശിച്ചുപോയി തകര്‍ന്നിരിക്കുന്ന വേളയില്‍ ചേരാനല്ലൂര്‍ ഇടശ്ശേരി വാസുദേവന്‍ നമ്പൂതിരി രചിച്ച ‘പെരിയാറ്റിലെ വെള്ളപ്പൊക്കം, എന്ന കൃതി ഈ രംഗത്തെ ഏകാന്ത സാന്നിധ്യമാണ്. പെരുമ്പാവൂര്‍ സെന്റ് പീറ്റേഴ്സ് പ്രസ്സില്‍ അച്ചടിച്ചത് 400 കോപ്പി. വില 2 ചക്രം.
”ഗര്‍വ്വ് നടിച്ചധികമായുര്വ്വിതലം വിട്ടുയര്‍ന്ന പര്‍വ്വതത്തില്‍ കൊടുമുടി ഉടഞ്ഞു വീണു,
ഊറ്റമായ മരങ്ങളെ കാറ്റുവന്നു പറിച്ചതു പാറ്റപോലെ പറന്നുടന്‍ നീറ്റില്‍ വീഴുന്നു.
പട്ടികളും പെട്ടികളും കുട്ടികളും മുട്ടികളും കട്ടിലു കസാലകളുമൊഴുകിടുന്നു…”
എന്നിങ്ങനെ ഒരു സാധാരണക്കാരനെ സ്പര്‍ശിക്കും വിധമാണ് രചനാ രീതി. 1099 കര്‍ക്കിടകത്തില്‍ തൃശൂര്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ചത് 600 കോപ്പി. രണ്ടാം പതിപ്പ്. വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ വഞ്ചി എന്നതുപോലെ, തന്റെ ഇല്ലവും വിളവുകളും പശുക്കളും ക്ഷേത്രവുമെല്ലാം നശിച്ച് തകര്‍ന്നിരിക്കുന്ന വേളയില്‍ വഞ്ചിപ്പാട്ടു വൃത്തത്തിലാണ് വിലാപകാവ്യം പോലുള്ള ഈ രചന. താന്‍ കവിയോ വിദ്വാനോ അല്ലാത്തതുകൊണ്ട് ഈ കൃതിയുടെ കുറവുകളെക്കുറിച്ചുള്ള വായനക്കാരുടെ പരിഹാസത്തിനും തന്നെ വേദനിപ്പിക്കാനാവില്ല എന്ന് രണ്ടാം പതിപ്പിന്റെ മുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്.
ജല ദുര്യോഗങ്ങളുടെയും മാലിന്യക്കെടുതികളുടെയും നടുവില്‍ നിന്നുകൊണ്ട് മലയാളത്തിലെ ഒറ്റപ്പെട്ട ഈ വെള്ളപ്പൊക്ക കാവ്യത്തെ ഓര്‍ക്കേണ്ടതുണ്ട്.
(കേരള സാഹിത്യ അക്കാദമി, മുന്‍ സെക്രട്ടറി, എറണാകുളം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: