തിരുവനന്തപുരം : (തോമസ് ഐസക് ധനമന്ത്രിയായിരുന്ന) ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് പ്രഖ്യാപിച്ച ശമ്പളപരിഷ്‌കരണത്തിന്റെ ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയത് (താന്‍ ധനമന്ത്രിയായ) രണ്ടാം പിണറായി സര്‍ക്കാരാണെന്ന് ധനമന്ത്രി കെ. എം ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വര്‍ദ്ധിപ്പിച്ച ശമ്പളവും പെന്‍ഷനും ബാധ്യതയും അത് നല്‍കാനുള്ള വലിയ ഉത്തരവാദിത്തവും ഈ സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 2017 മുതല്‍ 2021 വരെയുള്ള ഡി.എ കുടിശ്ശിക പി.എഫില്‍ ക്രെഡിറ്റ് ചെയ്തത് ഈ സര്‍ക്കാര്‍ വന്ന ശേഷമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ചെലവുകളെല്ലാം കുറച്ചു, ഒന്നും നല്‍കുന്നില്ല എന്നിങ്ങനെ ചിലര്‍ നടത്തുന്ന ന്യായവാദങ്ങള്‍ തികച്ചും അടിസ്ഥാനമില്ലാത്തതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ 5 വര്‍ഷക്കാലം പ്രതിവര്‍ഷം ശരാശരി ചെലവ് 1,20,000 കോടി രൂപയായിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി പ്രതിവര്‍ഷ ചെലവ് 1,60,000 കോടി രൂപയാണ്. ചെലവില്‍ 40,000 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കിഫ്ബിയില്‍ ഇതുവരെ 30,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 20,000 കോടിയും ചെലവാക്കിയത് രണ്ടാം പിണറായി സര്‍ക്കാരാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനായി 8000 കോടി രൂപയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 32,000 കോടിയായി ഉയര്‍ന്നു. ഈ സര്‍ക്കാര്‍ 3 വര്‍ഷത്തിനുള്ളില്‍ 27,000 കോടി രൂപ നല്‍കിക്കഴിഞ്ഞു. ചെലവുകളില്‍ കുറവ് വരുത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാല്‍ അനാവശ്യ ദുര്‍വ്യയങ്ങളും അനര്‍ഹമായ ആനുകൂല്യങ്ങളും നിയന്ത്രിക്കേണ്ടിവരും അദ്‌ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: