രാഷ്ട്രീയ സ്വയംസേവക സംഘ (ആര്‍എസ്എസ്)ത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭാ യോഗം ആന്ധ്രാപ്രദേശില്‍ ചേര്‍ന്നതിന്റെ ചിത്രങ്ങളും വിവരണങ്ങളും മിക്ക പത്രങ്ങളിലും വന്നുകാണുകയുണ്ടായി. എത്രപേര്‍ അതില്‍ പങ്കെടുത്തുവെന്നതിന്റെ അനുമാനം ആ ചിത്രത്തില്‍നിന്നു ലഭിക്കും. രണ്ടായിരത്തിലധികമുണ്ടാവുമെന്നു തോന്നുന്നു. അവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളെപ്പറ്റിയോ കൈക്കൊണ്ട നിര്ണയങ്ങളെപ്പറ്റിയോ വാര്‍ത്തകളില്‍ കണ്ടില്ല. അതു സ്വാഭാവികമാണുതാനും. പ്രസിദ്ധിക്കോ പ്രചാരണത്തിനോ വേണ്ടിയല്ല സംഘം ഇത്തരം ബൈഠക്കുകള്‍ നടത്താറ്. നൂറ്റാണ്ടു തികയാറായ സംഘത്തിന്റെ ചരിത്രത്തില്‍ പ്രസിദ്ധിപരാങ്മുഖതയാണ് പ്രധാനമായി സ്വീകരിക്കപ്പെട്ട നയം. പ്രചരണാത്മകമല്ല, ഭാവാത്മകതയാണ് സംഘത്തിന്റെ തനി സ്വഭാവം. എതിര്‍പ്പുകളെയും സര്‍ക്കാരുകളുടെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങളെയും അതിജീവിച്ചതും ഇതുകൊണ്ടായിരുന്നു.
സംഘത്തെ ഇഷ്ടപ്പെടാത്തവരുടെ ദുഷ്പ്രചാരണങ്ങള്‍ അതീവ ഭീകരത സൃഷ്ടിച്ചവയായിരുന്നു. മഹാത്മാഗാന്ധി ഹത്യയെത്തുടര്‍ന്ന് രാജ്യമെങ്ങുമുണ്ടായ ദുരാരോപണങ്ങള്‍ക്കും, ദുഷ്പ്രചാരണങ്ങള്‍ക്കും പ്രധാനമന്ത്രി നെഹ്റു തന്നെ മുന്‍കയ്യെടുത്തതും പത്രമാധ്യമങ്ങളും കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റുകളും, മറ്റും രാഷ്ട്രീയപാര്‍ട്ടികളുമെല്ലാം അതിനു ശിങ്കിടി പാടിയതും ചരിത്രമാണ്. 1942 ലെ ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത് ബ്രിട്ടീഷ് പോലീസിന്റെ ഭീകരവാഴ്ചയില്‍നിന്ന് രക്ഷ നേടാനായി അരുണാ ആസിഫ് അലിക്കും ജയപ്രകാശ് നാരായണനും മറ്റും രഹസ്യമായി താമസിക്കാന്‍ അഭയമൊരുക്കിയത് ദല്‍ഹി സംഘചാലകനായിരുന്ന ലാലാ ഹംസരാജ് ഗുപ്തയുടെ വസതിയിലായിരുന്നു.
സംഘപ്രവര്‍ത്തനം കേരളത്തില്‍ പച്ചപിടിച്ചുവന്ന സമയത്ത് പലസ്ഥലങ്ങളിലും അത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ചില സംഭവങ്ങള്‍ എനിക്കുമുണ്ടായി. 1958 കാലത്ത് ഞാന്‍ പ്രചാരകനായത് കണ്ണൂര്‍ ജില്ലയിലായിരുന്നു. സംസ്ഥാന പുനസ്സംഘടനയ്ക്കു ശേഷമാണ് ആ ജില്ല രൂപീകൃതമായത്. പഴയ മലബാര്‍ ജില്ലയിലെ കോട്ടയം, ചിറയ്ക്കല്‍, കാസര്‍കോട് താലൂക്കുകളാണ് പുതിയ ജില്ലയില്പ്പെട്ടത്. തലശ്ശേരി, തളിപ്പറമ്പ, ഹോസ്ദുര്‍ഗ്, കാസര്‍കോട് എന്നീ അഞ്ചു താലൂക്കുകളായി ജില്ലയെ പുനസ്സംവിധാനം ചെയ്തു.
കണ്ണൂര്‍ പട്ടണത്തിന്റെ വടക്കേ അതിരില്‍ തളാപ്പ് എന്ന സ്ഥലത്ത് ‘രാഷ്ട്ര മന്ദിരം’ എന്ന പേരില്‍ പിന്നീട് ദശകങ്ങളോളം പ്രസിദ്ധി സിദ്ധിച്ച ഒരു വീടായിരുന്നു കാര്യാലയം. സ്ഥിരതാമസക്കാരായി പ്രചാരകന് വി.പി. ജനാര്‍ദ്ദനനും ഞാനും. പുറമെ കണ്ണൂര്‍ നൂല്‍ക്കമ്പനി ജീവനക്കാരന് അനന്തന്, കൃഷിവകുപ്പിലെ സ്റ്റെനോയും കാഞ്ഞങ്ങാട്ടുകാരന്‍ കുഞ്ഞികൃഷ്ണനും. മലബാറില്‍ കേരള വൈദ്യുതി ബോര്‍ഡല്ല, വെസ്റ്റ് കോസ്റ്റ് ഇലക്ട്രിക് കമ്പനിയെന്ന സ്വകാര്യ സ്ഥാപനമായിരുന്നു വൈദ്യുതി വിതരണം നടത്തിവന്നത്. അവിടത്തെ രണ്ട് ജീവനക്കാര്‍ കാര്യാലയവാസികളായി വന്നതിനാല്‍ കാര്യാലയത്തിലും വൈദ്യുതി ലഭിച്ചിരുന്നു. അവിടെ ഒന്നുരണ്ടു മുറികള്‍ ഒഴിവുവന്നു. കണ്ണൂരില്‍ ആയിടെ പോളിടെക്നിക്കും ഐടിഐയും സ്ഥാപിക്കപ്പെട്ടു. അവിടെ പ്രവേശനം ലഭിച്ച ഏതാനും വിദ്യാര്‍ത്ഥികള്‍ താമസം കാര്യാലയത്തിലാക്കി. കാര്യാലയത്തില്‍ ജനേട്ടന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞാല്‍ കുട്ടികള്‍ തലതിരിഞ്ഞുപോവില്ലെന്ന രക്ഷിതാക്കളുടെ വിശ്വാസമായിരുന്നു അതിന്റെ അടിയില്‍. കണ്ണൂരിലും ചുറ്റുപാടും സംഘശാഖകള്‍ സ്ഥാപിക്കുന്നതിലും, എതിര്‍പ്പുകളെ നേരിടുന്നതിലും അദ്ദേഹം കാണിച്ച ധീരതയാണ് ആ വിശ്വാസത്തിന്റെ അടിസ്ഥാനം.
1957 കാലത്താണ് ഞാന്‍ പ്രചാരകനായി നാട്ടില്‍നിന്ന് പോന്നത് എന്നു നേരത്തെ പറഞ്ഞുവല്ലോ. ആ സംഭവം എന്റെ സ്വന്തം വീടിനേക്കാള്‍ കോലാഹലമുണ്ടാക്കിയത് ബന്ധുക്കളുടെ വീടുകളിലായിരുന്നു. എം.എ. കൃഷ്ണന്, എസ്. സേതുമാധവന് തുടങ്ങിയവര്‍ തൊടുപുഴയില്‍ പ്രചാരകരായെത്തിയതും, ഭാസ്കര്‍റാവു എന്ന ഇരുത്തം വന്ന പ്രൗഢവ്യക്തിത്വം ശ്രദ്ധിക്കുകയും ചെയ്തതിനാല്‍ സ്വന്തം കുടുംബ പരിതോവസ്ഥയുമായി പൊരുത്തപ്പെട്ടു. പില്ക്കാലത്ത് അച്ഛന് സംഘച്ചുമതല ഏറ്റെടുക്കാനും തയ്യാറായി.
തൊടുപുഴയിലെ സ്വയംസേവകരുടെ ശ്രമഫലമായി മൂവാറ്റുപുഴയിലും പെരുമ്പാവൂരിലും സംഘശാഖകള്‍ ആരംഭിച്ചു. മൂവാറ്റുപുഴയിലെ വെള്ളൂര്ക്കുന്നമെന്ന സ്ഥലത്തെ ശാഖാപ്രവര്‍ത്തനത്തിന് തടയിടാന്‍ മുന്നിട്ടുവന്നത് എന്റെ ബന്ധുകുടുംബത്തില്‍പ്പെട്ട ചില മുതിര്‍ന്ന സ്ത്രീകളായിരുന്നു. അവരുടെ മകന് ഇടതുസ്ഥാനാര്‍ത്ഥിയായി നഗരസഭയിലെ കൗണ്‍സിലറായിരുന്നു. നേരത്തെയും വല്ലപ്പോഴും കണ്ടുമുട്ടിയപ്പോള്‍ ആര്‍എസ്എസ് രാജ്യത്തിനും സമൂഹത്തിനും വരുത്തിവെക്കുന്ന കെടുതികളെയും ഭീഷണികളെയുംപറ്റി എനിക്കു സ്റ്റഡിക്ലാസ് നല്‍കിയിട്ടുമുണ്ടായിരുന്നു. എന്റെ ദയനീയസ്ഥിതിയെപ്പറ്റി ശാഖയില്‍ പങ്കെടുത്തുവന്ന കുട്ടികളുടെ രക്ഷിതാക്കളോട് ആ സ്ത്രീ വാചാലതയോടെ വിവരിച്ച വിവരം പ്രചാരകന്മാരുടെ ഒരു ബൈഠക്കില്‍ അവിടെ പ്രവര്‍ത്തിച്ചുവന്ന പി.
സി.എം. രാജാ പറഞ്ഞത് ചിരിക്കാന്‍ വകനല്കി.
‘രാഷ്ട്രമന്ദിരം’ കാര്യാലയത്തില്‍ താമസിച്ചുവന്നവിദ്യാര്ത്ഥി സ്വയംസേവകരെപ്പറ്റി നേരത്തെ പരാമര്‍ശിച്ചുവല്ലോ. അവരില്‍ വി. നന്ദനന്‍ ശാഖാകാര്യങ്ങളില്‍ നല്ല താല്‍പര്യമെടുത്തുവന്നു. തുടര്‍ന്നുവന്ന ശിക്ഷാവര്‍ഗില്‍ പങ്കെടുക്കാന്‍ അയാള്‍ക്കു താല്‍പ്പര്യമുണ്ടായി. പക്ഷേ വീട്ടില്‍നിന്നു കണ്ണൂരിലേക്കുള്ള റോഡില്‍ പാച്ചപ്പൊയ്ക എന്ന ഗ്രാമത്തിലാണ് വീട്. ആ ഗ്രാമം കമ്യൂണിസ്റ്റ് ചിന്തയുടെ ഞാറ്റടിപോലെയുള്ള സ്ഥലമാണ്. സന്ധ്യക്കു വിളക്കുവച്ചു കുട്ടികള്‍ ഇങ്കുലാബ് സിന്താബാദ് വിളിച്ചുവന്നയിടം. നന്ദനന്റെ വീട്ടില്‍ ഞാന്‍ പോയി. പത്തിരുപതു യുവത്വത്തോടടുത്ത ചെറുപ്പക്കാരെ നന്ദനന്‍ വിളിച്ചുചേര്‍ത്തിരുന്നു. സംഘത്തെക്കുറിച്ചും പ്രവര്ത്തനരീതിയെക്കുറിച്ചുമൊക്കെ വിശദീകരിച്ചതവര്ക്ക് താല്‍പ്പര്യമുണ്ടാക്കി. സംഘപരിശീലനത്തിന് നന്ദനന്‍ വരുന്നതിന് വീട്ടുകാരുടെ സമ്മതവും ലഭിച്ചു.
പാച്ചപ്പൊയ്ക പില്ക്കാലത്ത് വലിയ വാര്‍ത്ത സൃഷ്ടിച്ചു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വലിയ ഒരു റോഡ് നിര്‍മിക്കുന്ന പ്രശ്നം ഭയങ്കര ചര്‍ച്ചാവിഷയമായതു വിസ്മരിക്കാനായിട്ടില്ല. കാസര്‍കോട് അതിര്‍ത്തി മുതല്‍ തെക്ക് വിഴിഞ്ഞംവരെ കേരളത്തിന്റെ മധ്യത്തിലൂടെ 90 മീറ്റര്‍ വീതിയിലുള്ളതും നിരപ്പില്‍നിന്നും 8 മീറ്റര്‍ ഉയരത്തിലൂടെയുമുള്ള ആറുവരി റോഡ് നിര്‍മിക്കാനുള്ള നിര്‍ദ്ദേശമാണത്. സാര്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് മോസ്കോയില്‍നിന്ന് സെന്റ് പീറ്റേഴ്സ്ബര്‍ഗിലേക്ക് നിര്‍മിച്ച നേര്‍രേഖയിലുള്ള റോഡിന്റെയും, ജര്‍മനിയില്‍ ഹിറ്റ്ലര്‍ നിര്‍മിച്ച എവിടെയും വിമാനമിറക്കാവുന്ന ‘വാള്ടന്ഷാഗ്’ റോഡുപോലെയുമുള്ളതായിരിക്കു കാസര്‍കോട്-വിഴിഞ്ഞം പാത എന്ന് വിശദീകരിക്കപ്പെട്ടു. കേരളത്തിലുടനീളം അതില്‍ ഒന്‍പതു ഘട്ടങ്ങളുണ്ടാവുമത്രേ. അതില്‍ ഒന്നാമത്തെ ഘട്ടസ്ഥാനമായി നിര്‍ദ്ദേശിക്കപ്പെട്ടതു പാച്ചപ്പൊയ്കയിലായിരുന്നു.
നന്ദനന്‍ സംഘശിക്ഷാവര്‍ഗില്‍ വരുമെന്നതില്‍ ഏറ്റവും സനേന്താഷിച്ചത് വി.പി. ജനേട്ടനായിരുന്നു. എന്നാല്‍ അതിന്നൊരു മറുവശമുണ്ടായി. പുറപ്പെടേണ്ടതിനു മൂന്നു ദിവസം മുന്‍പ് പാച്ചപ്പൊയ്കയിലെ ഒരു യുവാവ് കണ്ണൂരില്‍വന്നു. അവിടത്തെ പാര്‍ട്ടിയുടെ ഒരു നേതാവ് നന്ദനന്റെ അമ്മയോട് ആര്‍എസ്എസ് ക്യാമ്പില്‍ പോയാല്‍ ഉണ്ടാകാവുന്ന പരീക്ഷണം വിവരിച്ചുകൊടുത്തുവത്രേ. ”തലകീഴായി തൂക്കിയിട്ടു ശരീരത്തിലെ തോല് കത്തികൊണ്ടു പൊൡക്കും. അപ്പോള്‍ നിലവിളിക്കാതെ സഹിച്ചിരിക്കുന്നവര്ക്കേ പരിശീലനത്തില്‍ പ്രവേശനം ലഭിക്കൂ. കണ്ണീരു വന്നാല്‍ തിരിച്ചയക്കും.” ഇതുകേട്ട അമ്മയും സഹോദരിമാരും കരച്ചിലായി. നന്ദനനെ അവര്‍ തടഞ്ഞുവെച്ചു.
സുന്ദരേശ്വര ക്ഷേത്രത്തിനു മനോഹരമായൊരു തീര്‍ഥക്കുളമുണ്ട്. രാവിലെ ധാരാളം യുവാക്കള്‍ അവിടെ കുളിക്കാനെത്തുമായിരുന്നു. ഒരു ദിവസം നന്ദനന്‍ കുളിയും നീന്തലും കഴിഞ്ഞുവരുമ്പോള്‍ തോര്‍ത്തും അടിവസ്ത്രവും കടവില്‍ മറന്നുപോയി. കാര്യാലയത്തില്‍ വന്നു പോളിയിലേക്കു പോയി. വസ്ത്രങ്ങള്‍ കടവില്‍ അനാഥമായിക്കണ്ട് ചിലര്‍ രാഷ്ട്രമന്ദിരത്തില്‍ അന്വേഷിച്ചെത്തിയപ്പോള്‍ അവിടെ ആരുമില്ല. നന്ദനന്‍ മുങ്ങിമരിച്ചുവെന്ന കിംവദന്തി പരിസരങ്ങളില്‍ പ്രചരിച്ചു. പോളിയില്നിന്നയാള് അന്നു വീട്ടിലേക്കാണ് പോയത്. അതു പരിസരവാസികളുടെ പരിഭ്രമം വര്‍ധിപ്പിച്ചു. ജനേട്ടനും ഞാനും പര്യടനം കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍, ഇതികര്ത്തവ്യതാമൂഢമായ ചിലര്‍ സംഗതി അറിയിച്ചു. പിറ്റേന്നു രാവിലെ നന്ദനന്‍ പതിവുപോലെ പോളിയില്പോയി വൈകുന്നേരം കാര്യാലയത്തിലെത്തിയപ്പോള്‍ കാണാനായി പരിസരവാസികള്‍ എത്തിക്കൂടി, പുനര്ജന്മമായിരുന്നല്ലോ അത്!
നന്ദനന്റെ പോളി പഠനം കഴിഞ്ഞ് കല്‍ക്കത്തയില്‍ ജോലി കിട്ടി. മൂന്നുനാലു മാസത്തേക്ക് കത്തുകള്‍ പതിവായി വരുമായിരുന്നു. പിന്നെ വിദേശത്തു പോയി എന്നറിഞ്ഞു. ഞാന്‍ കോട്ടയത്തേക്കു മാറ്റപ്പെട്ടു. നാലഞ്ചു വര്‍ഷം കഴിഞ്ഞ് ജനസംഘത്തിലായി. ഉത്തരമേഖലാ സംഘടനാ കാര്യദര്‍ശി എന്ന നിലയ്ക്കു പാച്ചപ്പൊയ്കയില്‍ പോയി. നന്ദനന്‍ നാട്ടിലില്ല.
ഇരിട്ടിയിലെ ചിലരും കാര്യാലയത്തില്‍ താമസിക്കാറുണ്ടായിരുന്നു. അവരെ നന്ദനന്‍ വിളിച്ചിരുന്നത് ‘ഇരിട്ടിക്കുട്ടികള്‍’ എന്നായിരുന്നു. ”ഇരിട്ടിക്കുട്ടികള്‍ എന്തുചെയ്യുന്നു” എന്നു ചോദിച്ചുകൊണ്ട് അകത്തുകയറി നോക്കി. ചിലര്‍ കളിക്കുന്നു, ചിലര്‍ പഠിക്കുന്നു, ചിലര്‍ ചിരിക്കുന്നു, ചിലരുണ്ണുന്നു, ചിലരുറങ്ങുന്നു എന്ന് ആത്മഗതം പറഞ്ഞശേഷം ഞാനിരിക്കുന്ന മുറിയില്വന്നു കുശലം തിരക്കുമായിരുന്ന ആ പാച്ചപ്പൊയ്കക്കാരനെ പിന്നെ കണ്ടിട്ടില്ല. പക്ഷേ പാച്ചപ്പൊയ്ക കാസര്‍കോട് വിഴിഞ്ഞം പാതയുടെ ഒന്നാം ഘട്ടത്തിന്റെ അവസാനസ്ഥാനമായി വര്‍ഷങ്ങള്‍ക്കുശേഷം പ്രസിദ്ധമാകുകയും, തുടര്‍ന്ന് വിസ്മൃതിയില്‍ ആണ്ടുപോകുകയുമായിരുന്നു.
എന്നാല്‍ 1966 ല്‍ ഒരിക്കല്‍ക്കൂടി പാച്ചപ്പൊയ്ക കാണാന്‍ അവസരമുണ്ടായി. അന്ന് ശാഖാ വിസ്താരപദ്ധതിയുടെ ഭാഗമായി വളപട്ടണം, കളരിവാതുക്കല്‍ ശാഖയിലെ പരമേശ്വരന് രണ്ടു മാസം വിസ്താരകനായി കൂത്തുപറമ്പില്‍ വന്നു. താമസിച്ചത് കോട്ടയം കോവിലകത്തു ക്ഷേത്രത്തില്‍ ശാന്തിയായിരുന്ന തന്റെ ബന്ധുവിനൊപ്പമായിരുന്നു. അവിടെ ശാഖ തുടങ്ങിയതിനു പുറമെ പാച്ചപ്പൊയ്കയില്‍ പോയി, പഴയകാല സ്മരണകളുള്ള ചിലരെ കണ്ടതായും അറിഞ്ഞു. അവിടം മാര്‍ക്സിസ്റ്റ് തേര്വാഴ്ചയിലായതിനാല് അവരെ പ്രയോജനപ്പെടുത്താന്‍ പരമേശ്വരനു സാധിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: