ആലപ്പുഴ: കാമ്പസ് ഫ്രണ്ട് ഭീകരവാദികള്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍ എബിവിപി പ്രവര്ത്തകന് വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷി വിസ്താരം പുനരാരംഭിച്ചു. വിശാലിനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഷെഫീഖ് തന്നോടൊപ്പം സ്കൂള്‍ കാലഘട്ടത്തില്‍ പഠിച്ചിരുന്ന ആളാണെന്നും അതുകൊണ്ടുതന്നെ ഷെഫീഖിനെ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമെന്നും നാലാം സാക്ഷി വിനു ശേഖര്‍ കോടതിയില്‍ മൊഴി കൊടുത്തു. കൂടാതെ ലവ് ജിഹാദ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വിശാല്‍ സജീവമായി ഇടപെട്ടിരുന്നതായി തനിക്ക് അറിവ് ഉണ്ടായിരുന്നു എന്നും സാക്ഷി ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.പി. പൂജയുടെ മുമ്പാകെയാണ് വിനു ശേഖര്‍ മൊഴി നല്‍കിയത്.
കേസിലെ പ്രതികള്‍ കൊലപാതക സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ അല്ല എന്നും വിശാല്‍ മറിഞ്ഞു വീണു ഉണ്ടായ പരിക്ക് ആണ് മരണത്തിന് കാരണമായത് എന്നുമുള്ള വാദമാണ് പ്രതിഭാഗം കോടതിയില്‍ പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ വിശാലിനെ കൊലപ്പെടുത്തണം എന്നുള്ള ഉദ്ദേശത്തോടെ തന്നെ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷിയായ വിനു ശേഖര്‍ കോടതിയില്‍ മൊഴി നല്‍കിയത്. അക്രമത്തില്‍ പരിക്കേറ്റ വിശാലിനെ ചെങ്ങന്നൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചത് താനാണെന്നും സാക്ഷി കോടതി മുമ്പാകെ മൊഴി കൊടുത്തു. കൂടാതെ കാമ്പസ് ഫ്രണ്ടുകാര്‍ ഉപയോഗിച്ച വാഹനങ്ങളും കോടതിയില്‍ സാക്ഷി ഇന്ന് തിരിച്ചറിഞ്ഞു.
മറ്റൊരു ദൃക്സാക്ഷിയായ രാഹുലിനെ തിങ്കളാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: