Sports

ഫോം നഷ്ടപ്പെട്ട് പ്രജ്ഞാനന്ദ; ബിയല്‍ ചെസില്‍ വിന്‍സെന്‍റ് കെയ്മറോടും തോല്‍വി; ഒന്നാം റാങ്കായിട്ടും ആറു പേരുടെ ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം സ്ഥാനത്ത്

ഇന്ത്യയുടെ അഭിമാനമായ കൗമാരതാരം പ്രജ്ഞാനന്ദയ്ക്ക് സ്വിറ്റ്സാന്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അടിപതറുന്നു.

ബേണ്‍: ഇന്ത്യയുടെ അഭിമാനമായ കൗമാരതാരം പ്രജ്ഞാനന്ദയ്‌ക്ക് സ്വിറ്റ്സാന്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ അടിപതറുന്നു.

ക്ലാസിക് വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ നേരത്തെ 15കാരനായ ഇന്ത്യന്‍ വേരുകളുള്ള യുഎസ് താരം അഭിമന്യു മിശ്രയോട് തോല്‍വി ഏറ്റുവാങ്ങിയ പ്രജ്ഞാനന്ദ നാലാം റൗണ്ടില്‍ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറോടും തോറ്റു. ഇതോടെ ആറ് ഗ്രാന്‍റ് മാസ്റ്റര്‍മാര്‍ മാത്രം മത്സരിക്കുന്ന ബിയല്‍ ചെസ് മാസ്റ്റേഴ്സില്‍ പ്രജ്ഞാനന്ദ അഞ്ചാം സ്ഥാനത്താണ്.

ജയിച്ചാല്‍ നാല് പോയിന്‍റ് ലഭിക്കുമെന്നതിനാല്‍ ക്ലാസിക് റൗണ്ട് പ്രാധാന്യമുള്ളതാണ്. അതിലാണ് പ്രജ്ഞാനന്ദ ദുര്‍ബലമായ കരുനീക്കങ്ങള്‍ നടത്തുന്നത്. പൊതുവേ ആക്രമണോത്സുകനായ കളിക്കാരനാണ് പ്രജ്ഞാനന്ദ. പക്ഷെ അദ്ദേഹം സമനിലയെങ്കിലും ലഭിക്കാന്‍ വേണ്ടി പൊരുതുന്നതുപോലെ തോന്നുന്നു. രണ്ടും മൂന്നും റൗണ്ടുകളില്‍ വിയറ്റ്നാമിന്റെ ലിയെം ലെയോടും അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ഹെയ്ക് മര്‍തിറോസ്യനോടും പ്രജ്ഞാനന്ദ സമനില പിടിച്ചിരുന്നു. ഒന്നാം റൗണ്ടില്‍ അപ്രതീക്ഷിതമായി ഏറ്റ തിരിച്ചടി പ്രജ്ഞാനന്ദയുടെ ആത്മവിശ്വാസം ചോര്‍ത്തിയത്. അതിന് ശേഷമാണ് വിജയത്തിനല്ല, സമനിലയ്‌ക്ക് വേണ്ടി പൊരുതുന്ന പ്രജ്ഞാനന്ദയെ കണ്ടത്. സ്പോര്‍ട്സില്‍ ഏത് ഗെയിമായാലും ജയപരാജയം എന്നത് കഴിവിനേക്കാള്‍ ഉപരി ആത്മവിശ്വാസമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

നാലാം റൗണ്ടില്‍ വിജയം നേടിയ വിയറ്റ്നാമിന്റെ ലിയം ലെ വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അമേരിക്കന്‍ ഗ്രാന്‍റ് മാസ്റ്റര്‍ സാം സാക് ലാന്‍റിനെയാണ് ലിയം ലെ തോല്‍പിച്ചത്. ഇതോടെ 16 പോയിന്‍റോടെ ലിയം ലെ ഒന്നാം സ്ഥാനത്തെത്തി.

മൂന്നാം റൗണ്ട് വരെ ഒന്നാം സ്ഥാനത്തായിരുന്ന അഭിമന്യു മിശ്ര നാലാം റൗണ്ടില്‍ സമനിലയില്‍ കുരുങ്ങി. അമേരിക്കയുടെ ഹെയ്ക് മര്‍തിറോസ്യനുമായുള്ള മത്സരമാണ് സമനിലയില്‍ കലാശിച്ചത്. രണ്ടു പേര്‍ക്കും ഒന്നര പോയിന്‍റ് വീതം ലഭിച്ചതോടെ അഭിമന്യു മിശ്ല 15 പോയിന്‍റുകളോടെ രണ്ടാം സ്ഥാനത്തായി. ഹെയ്ക് മര്‍തിറോസ്യന്‍ 13 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും വിന്‍സെന്‍റ് കെയ്മര്‍ 12 പോയിന്‍റോടെ നാലാം സ്ഥാനത്തും നിലയുറപ്പിച്ചിരിക്കുന്നത്.

ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ. അതിന് ശേഷം ഒരു ദിവസം പത്ത് റൗണ്ടുകളുടെ ബ്ലിറ്റ് സ് മത്സരം നടക്കും. അതിന് ശേഷമേ റാപ്പിഡ്, ക്ലാസിക്, ബ്ലിറ്റ്സ് റൗണ്ടുകളിലെ പോയിന്‍റുകള്‍ കൂട്ടി വിജയിയെ തീരുമാനിക്കൂ. ഇപ്പോഴുള്ള കളിക്കാരുടെ പോയിന്‍റുകള്‍ റാപ്പിഡിലെയും ക്ലാസിക്കിലെയും ചേര്‍ന്നുള്ള പോയിന്‍റ് നിലയാണ്.

 

 

 

 

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക