തിരുവനന്തപുരം: ശിശു സൗഹൃദ മാധ്യമം എന്ന വിഷയത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിന് മാധ്യമപഠനസ്ഥാപനങ്ങളുടെ സിലബസില്‍ ഇതുസംബന്ധിച്ച നയരേഖ ഉള്‍പ്പെടുത്തണമെന്ന് കേരള മീഡിയ അക്കാദമിയും യുനിസെഫും ചേര്‍ന്ന് നടത്തിയ വട്ടമേശ സമ്മേളനം ശുപാര്‍ശ ചെയ്തു. കേരളത്തിലെ മൂന്ന് മേഖലകളിലായി നടത്തിയ ശിശു സൗഹൃദ മാധ്യമപ്രവര്‍ത്തന ശില്‍പ്പശാലയ്ക്ക് സമാപനം കുറിച്ചുകൊണ്ടാണ് വട്ടമേശ സമ്മേളനം നടന്നത്.
ഇതിനായി ശിശു സൗഹൃദ മാധ്യമപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള നയരേഖ തയ്യാറാക്കും. ഇതിന്റെ കരട് രൂപമാണ് ചര്‍ച്ച ചെയ്തത്. കരട് നയരേഖയ്ക്ക് അന്തിമരൂപം നല്കാന് ദൂരദര്ശന് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കെ കുഞ്ഞികൃഷ്ണന് ചെയര്‍മാനായും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു കണ്‍വീനറായുമുള്ള 11 അംഗ കമ്മിറ്റി രൂപീകരിച്ചു. യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീര്‍ ബണ്ടി കമ്മിറ്റിയില്‍ അംഗമായിരിക്കും. 2024 ആഗസ്റ്റില്‍ നയരേഖ പുറത്തിറക്കും. ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും
നയരേഖ കേവലം മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുന്നത് ആവരുതെന്നും സമൂഹത്തിന്റെ താഴെത്തട്ടിലെ വിവിധ മേഖലകളിലേക്ക് അതെത്തിപ്പെടണം എന്നും സമ്മേളനം നിര്‍ദ്ദേശിച്ചു. പരമ്പരാഗത മാധ്യമങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളിലേക്കും ഇതെത്തിച്ചേരണം. സമൂഹമാധ്യമങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വാര്‍ത്താമാധ്യമങ്ങളില്‍ മാത്രമല്ല, ഏറ്റവും അധികം സ്വാധീനമുള്ള എന്റര്ടെയിന്റ്മെന്റ് ചാനലുകളിലും ഈ നിര്‍ദ്ദേശങ്ങള്‍ എത്തണം. മാധ്യമങ്ങളുടെ നിര്‍വ്വചനംതന്നെ മാറിവരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാകണം മാധ്യമപ്രവര്‍ത്തനം. അതിനുതകുന്നതായിരിക്കണം ഈ നയം. ഇതിന്റെ സൂക്ഷ്മതലങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
മാറുന്ന കാലഘട്ടത്തില്‍ കുട്ടികള്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. മയക്കുമരുന്ന് അടക്കമുള്ള കാര്യങ്ങളെ അതിജീവിക്കാനുള്ള പിന്തുണ കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. അധ്യാപകര്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കും സാക്ഷരതാ പ്രേരക്മാര്‍ക്കും ഈ വിഷയത്തില്‍ ബോധവത്കരണം നടത്തേണ്ടതായിട്ടുണ്ട്.
സംസ്ഥാന ബാലാവകാശ കമ്മീഷന് എല്ലാ സഹായവും ഇതിനായി നല്‍കുന്നതാണെന്ന് ചെയര്മാന് അഡ്വ മനോജ്കുമാര്‍ അറിയിച്ചു. ബാലാവകാശ കമ്മീഷന്റെ പരിധിയില്‍ വരുന്ന വിഷയങ്ങളിലുള്ള കരട് മാര്‍ഗരേഖ കമ്മീഷന് തയ്യാറാക്കിനല്‍കും. സാക്ഷരതാ പ്രേരക്മാരുടെ സഹായവും ഇതിനായി ലഭ്യമാകും. സ്കൂള്‍ കരിക്കുലത്തില്‍ തന്നെ ഇത് ഉള്‍പ്പെടുത്തുന്നതിനായി കരിക്കുലം കമ്മിറ്റിയില്‍ ഇത് ഉള്‍പ്പെടുത്തണം.
ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ എസ് ബിജു മോഡറ്ററേറ്ററായി. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, മുന്‍ ജില്ലാ ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍, മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, യുനിസെഫ് സൗത്ത് ഇന്ത്യ പ്രോഗ്രാം ഹെഡ് ശ്യാം സുധീര്‍ ബണ്ടി, വനിതാ കമ്മീഷന് അംഗം കുഞ്ഞയിഷ, ശിശുക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, സാക്ഷരതാ മിഷന് ഡയറക്ടര്‍ എ ജി ഒലീന, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ അല്‍ത്താഫ്, സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഡോ ജി രാജ്മോഹന്‍, വിവരാവകാശ കമ്മീഷന് മുന്‍ അംഗം കെ വി സുധാകരന്, രാജ് ഭവന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ എസ് ഡി പ്രിന്‍സ്, ആകാശവാണി അഡീഷണല്‍ ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് രാധിക സി നായര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പി കെ രാജശേഖരന്, പി ശ്രീകുമാര്‍ (ജന്മഭൂമി), എസ് അനില്‍ (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), മനോജ് കടമ്പാട് (മലയാള മനോരമ), സരിതാ മോഹന്‍ ഭാമ, ജോര്‍ജ്ജ് കുട്ടി, ഹയര്‍സെക്കന്ററി ജേര്‍ണലിസം അധ്യാപിക ഡോ എസ് സിന്ധു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വട്ടമേശ സമ്മേളനം മന്ത്രി. വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.മീഡിയ അക്കാദമി ചെയര്മാന് ആര് എസ് ബാബു അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: