ധാക്ക : ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തിയതിനെതിരായ പ്രതിഷേധം നിയന്ത്രണാതീതം. തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധക്കാര്‍ ജയില്‍ അഗ്നിക്കിരയാക്കിയെന്നും 100 ലേറെ തടവുകാരെ മോചിപ്പിച്ചെന്നുമാണ് അറിയുന്നത്. ഇതുവരെ പ്രക്ഷോഭത്തില്‍ രാജ്യത്ത് 64 പേര് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
അതിനിടെ ഇന്ത്യാക്കാരും നേപ്പാള്‍ സ്വദേശികളുമടക്കം 300 ലേറെ പേര് ബംഗ്ലാദേശില്‍ നിന്ന് മേഘാലയ അതിര്‍ത്തി വഴി ഇന്ത്യയിലെത്തി.ബംഗ്ലാദേശില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം നിലനില്‍ക്കുന്നുണ്ട്.
സര്‍ക്കാര്‍ ജോലികളില്‍ 1971 ലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് പ്രക്ഷോഭം. ഈ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയും ആവശ്യപ്പെടുന്നുണ്ട്.
രാജ്യത്തെ പരമോന്നത കോടതി വിമുക്ത ഭടന്മാരുടെ ആവശ്യം അംഗീകരിച്ച് ജൂലൈ ഒന്നിന് സംവരണം ശരിവച്ചിരുന്നു. പിന്നാലെ പ്രക്ഷോഭം തുടങ്ങി.ധാക്ക സര്‍വകലാശാലയില്‍ നിന്നാരംഭിച്ച പ്രതിഷേധം പിന്നെ വ്യാപിച്ചു. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ബിടിവിയുടെ ആസ്ഥാനം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്രതിഷേധം ഇതിനോടകം എട്ട് ജില്ലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ സര്‍വീസുകളും തടസപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: