കൊല്‍ക്കത്ത: കേരള ബ്ലാസ്റ്റേഴ്സ് മദ്ധ്യനിര താരമായിരുന്ന ജീക്സണ് സിങ് തൗനോജം ഈസ്റ്റ് ബംഗാളുമായി കരാറിലെത്തി. നാല് വര്‍ഷത്തെ കരാറിലാണ് ഇന്നലെ ക്ലബ്ബുമായി ഒപ്പുവച്ചത്. ജീക്സണിനെ എത്ര തുകയ്ക്കാണ് സ്വന്തമാക്കിയതെന്ന് ഈസ്റ്റ് ബംഗാള്‍ ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ദേശീയ ഫുട്ബോള്‍ ടീമിന്റെ മദ്ധ്യനിരയിലും സ്ഥിര സാന്നിധ്യമാണ് 23കാരനായ ജീക്സണ് സിങ്. ബ്ലൂ ടൈഗേഴ്സിന്റെ ഭാരത കുപ്പായത്തില്‍ 22 മത്സരങ്ങളിലാണ് താരം കളിക്കിറങ്ങിയിട്ടുണ്ട്. ഭാരതം ജേതാക്കളായ 2021, 2023 വര്‍ഷങ്ങളിലെ സാഫ് ചാമ്പ്യന്‍ഷിപ്പ്, കഴിഞ്ഞ വര്‍ഷത്തെ ത്രിരാഷ്ട്ര സീരീസ്, ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് എന്നിവയിലും ജീക്സണ് സിങ് ഉണ്ടായിരുന്നു.
ഫിഫ ലോകകപ്പില്‍ ഗോളടിച്ച ഒരേയൊരു ഭാരത താരം എന്ന ഖ്യാതി കൂടി ജീക്സണ് സിങ്ങിനുണ്ട്. ഭാരതം ആതിഥ്യം വഹിച്ച 2017ലെ അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയക്കെതിരെയാണ് താരം ഭാരതത്തിനായി ഗോളടിച്ചത്.
ബ്ലാസ്റ്റേഴ്സിനായി 78 മത്സരങ്ങളിലാണ് ജീക്സണ് സിങ് കളിച്ചത്. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും താരത്തിന്റെ വകയായി ഉണ്ട്. 82 ശതമാനം പാസിങ് അക്വിറെസി ആണ് താരത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: