ന്യൂഡൽഹി: അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാൻ യു പി എസ്‍സി നടപടി തുടങ്ങി. വ്യാജരേഖ ചമച്ചെന്ന് ചൂണ്ടിക്കാട്ടി യുപിഎസ് സി പൂജക്കെതിരെ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്‌ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.
ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിലും അഭിമുഖങ്ങളിൽ നിന്നും വിലക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൂജക്ക് ഷോക്കേസ് നോട്ടീസ് നൽകി. വ്യാജരേഖ സമർപ്പിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുപിഎസ് സി അറിയിച്ചു.
പരീക്ഷാ ചട്ടങ്ങൾ മറികടന്ന് വ്യാജ രേഖകൾ സമർപ്പിച്ചതായി യുപിഎസ്‌സി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പേര്, വിലാസം, അച്ഛന്റെ പേര്, അമ്മയുടെ പേര്, ഫോട്ടോ, ഇമെയിൽ ഐഡി, വരുമാനം എന്നിവയിൽ മാറ്റം വരുത്തിയാണ് പരീക്ഷയ്‌ക്ക് അപേക്ഷിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പോലീസിൽ പരാതി നൽകിയതിന് പിന്നാലെ പൂജയുടെ ഐഎഎസ് റദ്ദാക്കാതിരിക്കാനും ഭാവിയിലെ പരീക്ഷകളിൽ നിന്ന് വിലക്കാതിരിക്കാനും കാരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും യുപിഎസ് സി പ്രസ്താവനയിൽ പറഞ്ഞു. വീഴ്ചകളിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും കൂടുതൽ ജാഗ്രത തുടരുമെന്നും യുപിഎസ് സി അറിയിച്ചു.
യുപിഎസ്‍സി നടത്തിയ പരീക്ഷയിൽ ദേശീയ തലത്തിൽ 841–ാം റാങ്ക് നേടിയാണ് പൂജ ഐഎഎസ് ട്രെയിനിങിന് യോഗ്യത നേടിയത്. കഴിഞ്ഞ ദിവസം പൂജയെ വാഷിമ്മിൽ നിന്ന് മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതർ വിളിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: