ജന്മനാടിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ച, ആഘോഷങ്ങളെല്ലാം നാട്ടുകാര്ക്കൊപ്പമാകണമെന്ന് ശാഠ്യംപിടിച്ച മനുഷ്യസ്നേഹി. ലോകപ്രശ്സ്തനായ ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ എന്ന നിലയില്‍ ഭാരതത്തിന്റെതന്നെ അഭിമാനമായി മാറിയ ഡോ. എം.എസ്. വല്യത്താന് ഓണാട്ടുകരക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. 1934 മെയ് 24ന് മാവേലിക്കര വലിയകൊട്ടാരത്തിന്റെ ഭാഗമായിരുന്ന മാവേലിക്കര കോട്ടയ്ക്കകം കാവലില്‍ കൊട്ടാരത്തില്‍ മാര്‍ത്താണ്ഡ വര്‍മ്മയുടേയും ജാനകിയമ്മയുടേയും ഏറ്റവും ഇളയ മകനായാണ് മാര്‍ത്താണ്ഡവര്‍മ്മ ശങ്കരന് വല്യത്താന് എന്ന ഡോ.എം.എസ്.വല്യത്താന്റെ ജനനം.
കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ മാവേലിക്കര എല്പിജിഎസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാവേലിക്കര ടിടിഐ, ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടാണ് അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് എംബിബിഎസ് പഠനത്തിനായി പോകുന്നത്.ഗോപാലകൃഷ്ണന് വല്യത്താന്, ചന്ദ്രമതിയമ്മ എന്നിവരെ കൂടാതെ ബാല്യകാലത്തുതന്നെ മരണപ്പെട്ട രണ്ടു സഹോദരികളും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛന് മാര്‍ത്താണ്ഡ വര്‍മ്മയുടെ മരണശേഷം അമ്മ ജാനകിക്കൊപ്പം തിരുവനന്തപുരത്ത് താമസമാക്കിയാണ് പഠനം പൂര്‍ത്തീകരിച്ചത്. സമയം കിട്ടുമ്പോഴൊക്കെ മാവേലിക്കരയില്‍ എത്തുമായിരുന്നു.
വല്യത്താന്റെ 60-ാം പിറന്നാളും 70-ാം പിറന്നാളുമൊക്കെ അനന്തിരവനായ പ്രകാശ് വല്യത്താന്റെ വീടായ ഉത്സവ മഠം കൊട്ടാരത്തില്‍ താമസിച്ചാണ് ആഘോഷിച്ചത്. മാവേലിക്കര ശ്രീകൃഷ്ണ സ്വാമിയുടെ ഭക്തനായിരുന്നു അദ്ദേഹം. ജന്മനാട്ടില് എത്തുമ്പോഴെല്ലാം കണ്ടിയൂരിലും, ചെട്ടികുളങ്ങരയിലും ദര്‍ശനം നടത്തുമായിരുന്നു. മെട്രിക്കുലേഷന്‍ വരെയുള്ള വിദ്യാഭ്യാസ കാലം മാവേലിക്കരയില്‍ ആയതിനാല്‍ ഇവടെത്തന്നെ നിരവധി സൗഹൃദങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. നാട്ടില്‍ വരമ്പോഴൊക്കെ ഇവര്‍ക്കൊപ്പം ഒത്തുകൂടാനും ശ്രമിച്ചിരുന്നു. ലോകപ്രശസ്ത ഹൃദ്രാഗ വിദഗ്ധനായപ്പോഴും അദ്ദേഹം ജന്മനാടായ മാവേലിക്കരയെ ഹൃദയതാളംപോലെ സ്നേഹിച്ചു, ഡോ.വല്യത്താന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: