തിരുവനന്തപുരം: നഞ്ചിയമ്മ നടത്തുന്ന പോരാട്ടത്തിന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ഘടകം പിന്തുണ പ്രഖ്യാപിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അറിയിച്ചു.
നഞ്ചിയമ്മയുടെ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടം കേരളത്തിലെ മുഴുവന്‍ വനവാസി പട്ടികജാതി സമൂഹത്തിനു വേണ്ടിയുള്ളതാണ്. അട്ടപ്പാടി അടക്കമുള്ള വനവാസി പട്ടികജാതി മേഖലകളില്‍ വനവാസികളുടെയും പട്ടികജാതിക്കാരുടെയും ഭൂമി അന്യാധീനപ്പെട്ടിരിക്കയാണ്. ഇത് തിരിച്ചുപിടിച്ചു ഭൂമിയുടെ ഉടമകളായ വനവാസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും നല്‍കണമെന്ന് ബിജെപിയും പട്ടികജാതി മോര്‍ച്ചയും വര്‍ഷങ്ങളായി ആവശ്യപ്പെടുകയും നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. റവന്യു വകുപ്പിലെ ഉദ്യോഗസ്ഥരും അധികാര രാഷ്ട്രീയ പിന്തുണയുള്ള ഭൂ മാഫിയയുമാണ് ഇതിനു പിന്നില്‍.
വ്യാജ രേഖകള്‍ ചമയ്ക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നു. സ്വന്തം ഭൂമിയില്‍ കയറിക്കിടക്കാനോ കൃഷി ചെയ്യാനോ അവകാശം ഇല്ലാത്തവരായി കേരളത്തിലെ പട്ടികജാതി വനവാസി സമൂഹം മാറി. നഞ്ചിയമ്മയുടെ വിഷയം നിയമസഭയില്‍ ഉന്നയിച്ച് ഒരാഴ്ച പിന്നിട്ടിട്ടും അടിയന്തര നടപടി എടുക്കാത്ത റവന്യൂ പട്ടികജാതി വകുപ്പ് മന്ത്രിമാരുടെയും പാലക്കാട് ജില്ലയില്‍ നിന്നുള്ള രണ്ട് മന്ത്രിമാരുടെയും നടപടി അപലപനീയമാണ്. രാഷ്ട്രം പദ്മശ്രീ നല്കി ആദരിച്ച നഞ്ചിയമ്മക്ക് നീതി നേടികൊടുക്കേണ്ട ചുമതലയും കടമയും മുഖ്യമന്ത്രിയുടേതാണെന്നും ഷാജുമോന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: