മുംബൈ: കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ മഹാരാഷ്‌ട്രയിലെ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കര്‍ റായ്ഗഢില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു.
അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മനോരമയ്‌ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ്കറിനെതിരായ ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് മനോരമ കര്‍ഷകര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. പൂനെയിലെ ഒരു ഗ്രാമത്തിൽ മനോരമ ഖേദ്കർ അയൽക്കാരുമായി രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെടുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഫൂട്ടേജിൽ ഖേദ്കർ, സുരക്ഷാ ഗാർഡുകൾക്കൊപ്പം, ആയുധം മറയ്‌ക്കാൻ ശ്രമിക്കുന്നതിന് മുമ്പ് മുഖത്ത് പിസ്റ്റൾ വീശി ഒരാളോട് ആക്രോശിക്കുന്നത് കാണിക്കുന്നു.
ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. മനോരമ അയൽ കർഷകരുടെ ഭൂമി കൈയേറിയതായി പ്രദേശവാസികൾ പരാതിപ്പെട്ടിരുന്നു. മനോരമയുടെ ഭര്‍ത്താവ് മഹാരാഷ്‌ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ റിട്ട. ഡയറക്ടർ ദിലീപ് ഖേദ്കറും ഈ കേസില്‍ പ്രതിയാണ്. എന്നാല്‍, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.
ദിലീപിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് അഴിമതിവിരുദ്ധ സ്‌ക്വാഡ്(എ.സി.ബി) അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസ് കാലയളവില്‍ ദിലീപ് ഖേദ്കര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് അഴിമതി വിരുദ്ധ സ്‌ക്വാഡ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: