”ക്ഷമയുടെ നെല്ലിപ്പടി” എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കമായപ്പോഴേക്കും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നമ്മുടെ സംസ്കാരത്തെയും ചരിത്രത്തെയും മഹാപുരുഷന്മാരെയും അവഹേളിച്ചുകൊണ്ട് ഈ നാടിന്റെ തനിമയ്ക്കു നേരെ ചിലര്‍ കൊഞ്ഞനം കുത്തി. ഇതോടെ ദേശസ്നേഹികളുടെ അമര്‍ഷം സ്ഫോടനാത്മകമായ അവസ്ഥയില്‍ എത്തി. ഈ സമയത്താണ് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ആ മന്ത്രിസഭ വിദ്യാഭ്യാസ രംഗത്ത് ചില പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാരതത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും വിദ്യാഭ്യാസത്തില്‍ സന്നിവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുതിയ ദേശീയ പാഠ്യ പദ്ധതി ചട്ടക്കൂട് തയ്യാറാക്കി. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചു. സംസ്കൃതത്തിനും വേദ ഗണിതത്തിനും പ്രോത്സാഹനം നല്കി. ഭാരതീയ ജീവിത മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം എന്ന് നിര്‍ദ്ദേശിച്ചു. സമഗ്ര ശിക്ഷാ പദ്ധതി ആവിഷ്കരിച്ചു. ഉച്ചഭക്ഷണവും പാഠപുസ്തകവും യൂണിഫോമും സൗജന്യമാക്കി. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്കി. എന്നാല്‍ ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകും മുമ്പേ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഭരണപരിഷ്കാരത്തിന്റെ കേന്ദ്രബിന്ദു മത പ്രീണനം മാത്രമായിരുന്നു. അര്ജുന് സിങ്ങായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസ മേഖലയില്‍ എന്‍ഡിഎ ആരംഭിച്ച പരിഷ്കരണ പ്രവര്‍ത്തനങ്ങളെ മുഴുവന്‍ അട്ടിമറിച്ചു. കമ്മ്യൂണിസ്റ്റുകാരനും മദ്രസാവാദികള്ക്കും വേണ്ടി പാഠപുസ്തകങ്ങള്‍ തിരുത്തിയെഴുതി. ചണ്ഡികാ ദേവിയുടെ അവതാരത്തിന് സമാനമായാണ്, ഈ ദേശദ്രോഹ പ്രവര്‍ത്തനത്തിനെതിരെ 2004 ജൂലൈ 2 നാണ് ശിക്ഷാ ബചാവോ ആന്ദോളന് പ്രക്ഷോഭം ആരംഭിച്ചത്. ഭാരതത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ഈ ദിനം അടയാളപ്പെടുത്തും.
സ്വത്വാവിഷ്കാരത്തിന്റെ പൈതൃകം
രവീന്ദ്രനാഥ ടാഗോറും സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും ദയാനന്ദ സരസ്വതിയും മഹാത്മജിയും എല്ലാം വിദ്യാഭ്യാസ രംഗത്ത് പ്രേരണാദായകമായ ഭാരതീയ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ വലിയ പരിശ്രമം നടത്തിയിട്ടുണ്ട്. ഡിഎവി പ്രസ്ഥാനം, വിദ്യാഭാരതി തുടങ്ങിയവ ഭാരതം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ആധുനിക ഭാരതീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളാണ്. ഭാരതത്തില്‍ പടര്‍ന്ന് പന്തലിച്ചിരുന്ന ഭാരതീയ വിദ്യാഭ്യാസ പദ്ധതിയെ ബ്രിട്ടീഷുകാരുടെ അടിച്ചമര്‍ത്തലിനേക്കാള്‍ ”ഏറ്റെടുക്കല്‍” ആയിരുന്നു ഇല്ലായ്മ ചെയ്തത്. ഡോ. ധരംപാലിന്റെ ബ്യൂട്ടിഫുള്‍ ട്രീ ആ രേഖകളാണ് അനാവരണം ചെയ്യുന്നത്. അതുതന്നെയാണ് സ്വാതന്ത്ര്യാനന്തരം ഭാരതത്തിന്റെ സ്വത്വം വീണ്ടെടുക്കാന്‍ ആരംഭിച്ച വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്കും കേന്ദ്രങ്ങള്‍ക്കും സംഭവിച്ച അധോഗതിയും.
ഈ അപഭ്രംശത്തിന്റെ മൂര്‍ധന്യതയിലാണ്, 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ദല്‍ഹിയില്‍ ഭാരതീയതയില്‍ ഊന്നി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസ രംഗത്ത് ഭാരതീയതയില്‍ ഊന്നിയ മാറ്റം വരുത്തണം എന്ന് ചിന്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണന്മാരും ഒത്തുകൂടി ‘ശിക്ഷാ ബചാവോ ആന്ദോളന്’ എന്ന പ്രവര്‍ത്തനം ആരംഭിച്ചത്. മെക്കാളേയില് നിന്ന് മാര്‍ക്സിന്റെ മാനസ പുത്രന്മാരിലേക്കും മതമൗലികവാദികളുടെ കൈകളിലേക്കും വഴിമാറിപോയ വിദ്യാഭ്യാസ സംവിധാനത്തെ മഹര്‍ഷി പാരമ്പര്യത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്. ഭാരതീയ വിദ്യാഭ്യാസ ബദലിനുള്ള ഭാരതത്തിന്റെ ആത്മാവിഷ്കാരമായി ഇന്ന് ആ പ്രവര്‍ത്തനം മാറിയിരിക്കുന്നു.
വിശാല വേദി
സ്വാതന്ത്ര്യാനന്തരം വിദ്യാഭ്യാസ രംഗത്തെ പ്രക്ഷോഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍, അധ്യാപകരുടെ അവകാശങ്ങള്‍, കച്ചവടവത്കരണത്തെ പ്രതിരോധിക്കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു. ശിക്ഷ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തനം വിദ്യാഭ്യാസത്തിലെ ഉള്ളടക്കത്തെ കുറിച്ച് ജനകീയ ബോധവത്കരണത്തിന് അവസരമൊരുക്കി. നമ്മുടെ സംസ്്കാരത്തെയും, ദേശീയ പാരമ്പര്യത്തെയും, മഹാപുരുഷന്മാരെയും അവഹേളിക്കുകയും അവമതിക്കുകയും ചെയ്യുന്ന പാഠപുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. നിയമപരമായ നടപടികളിലൂടെ അത്തരത്തിലുള്ള നിരവധി പരാമര്‍ശങ്ങള്‍ പാഠപുസ്തകങ്ങളില്‍നിന്ന് നീക്കം ചെയ്തു. ഭാരതീയ ഭാഷകളെ അതിന്റെ അന്തസ്സോടുകൂടി പുനസ്ഥാപിക്കാനുള്ള ഇടപെടലുകളുണ്ടായി. അന്താരാഷ്ട്ര ഗൂഢാലോചനയിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച ലൈംഗിക വിദ്യാഭ്യാസം പോലുള്ള പല പദ്ധതികളെയും അത് പ്രതിരോധിച്ചു. ഭാരതത്തിന്റെ ചരിത്രത്തെ വികലമാക്കി, ഔദ്യോഗിക അംഗീകാരത്തോടുകൂടി സ്ഥാപിച്ചെടുക്കാന്‍ നടന്നിരുന്ന അന്താരാഷ്ട്ര ശ്രമത്തിന്റെ മുന്നണി പോരാളിയായ വേണ്ഡി ധോണിക്കറുടെ പുസ്തകത്തിനെതിരെ വന്ന പ്രതിഷേധം അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ആദ്യമായി ഇടതുപക്ഷ വീക്ഷണത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ഭാരതീയ വീക്ഷണങ്ങളെ വസ്തുതാപരമായി അവതരിപ്പിക്കാനും അംഗീകരിപ്പിക്കാനും ശിക്ഷാ ബച്ചാവോ ആന്ദോളന്റെ പ്രവര്‍ത്തനത്തിന് സാധിച്ചു.
മാറ്റം ദൃശ്യമാണ്
നാലു വര്‍ഷത്തെ ഈ പ്രവര്‍ത്തനത്തിന്റെ പരിണിതഫലമായി ശിക്ഷ സംസ്കൃതി ഉത്ഥാന്‍ ന്യാസ് 2007 പ്രവര്‍ത്തനമാരംഭിച്ച. ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്ത മേഖലകളില്‍ പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ഈ പ്രവര്‍ത്തനം പുതുതരംഗം സൃഷ്ടിച്ചു. വിവിധ ഭാഗങ്ങളില്‍ ഭാരതീയ മൂല്യങ്ങളുടെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ പുതിയ പ്രയോഗങ്ങളും പരിണാമങ്ങളും സൃഷ്ടിക്കുന്ന പ്രതിമാന്‍ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. 10 വര്‍ഷം കൊണ്ട് 13 വ്യത്യസ്ത മേഖലകളിലും നവീന പ്രവര്‍ത്തനങ്ങളിലൂടെ ദേശവ്യാപകമായ പ്രവര്‍ത്തന ശൃംഖല സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ദേശീയ തലത്തിലുള്ള ആദ്യ സമാഗമം ആയിരുന്നു 2018 ല്‍ ദല്‍ഹി രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയില്‍ നടന്ന ഒന്നാം ജ്ഞാനോത്സവം. ജ്ഞാനോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് അന്നത്തെ സാംസ്കാരിക മന്ത്രി പറഞ്ഞത് ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് വിദ്യാഭ്യാസത്തിനും സംസ്കാരത്തിനും ഇടയില്‍ ഭാരതത്തില്‍ രൂപപ്പെട്ടു വന്നിരുന്ന വിടവ് നികത്തിയെന്നും രണ്ടിനെയും യോജിപ്പിക്കുന്ന മഹത്തായ ദേശീയ കര്‍ത്തവ്യമാണ് ന്യാസ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് എന്നുമാണ്.
”ഏതു പ്രകാരമാണോ നിങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, അപ്രകാരം 10 വര്‍ഷം കൂടി മുന്നോട്ടു പ്രവര്‍ത്തിച്ചാല്‍ ഭാരതത്തിന്റെ വിദ്യാഭ്യാസ രംഗത്തും, അതിലൂടെ സാമൂഹിക ജീവിതത്തിലും നാം വിഭാവനം ചെയ്യുന്ന രീതിയിലുള്ള മാറ്റങ്ങള്‍ പ്രകടമാകും” എന്നാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടത്.
ദേശീയ വിദ്യാഭ്യാസ നയം: മാറ്റത്തിന്റെ മാര്‍ഗ്ഗരേഖ
ഭാരതത്തിന്റെ സാമൂഹ്യ മനസ്സാക്ഷിയുടെ ആഗ്രഹം എന്നപോലെ നിരവധി കടമ്പകള്‍ കടന്ന് 2020ല്‍ ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാരതത്തിന്റെ കാഴ്ചപ്പാടിലും സാംസ്കാരിക തനിമയിലും ആധുനിക വിജ്ഞാന സമൂഹമായി ഭാരതത്തെ മാറ്റാനുള്ള അടിസ്ഥാന രേഖയായി അതിനെ എല്ലാവരും വിലയിരുത്തുന്നു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മാത്രം ഈ പരിവര്‍ത്തനം നടത്താന്‍ സാധ്യമല്ല. ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസിന്റെ ശ്രമഫലമായി ഭാരതത്തിലുടനീളം ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വയ്ക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസ പരിവര്‍ത്തനത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇന്ന് സാധിച്ചിരിക്കുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ വിമര്‍ശനവും എതിര്‍പ്പുമായി വന്ന സംസ്ഥാനങ്ങളില്‍ പോലും ഇന്ന് ദേശീയ വിദ്യാഭ്യാസ നയത്തെ സ്വീകരിക്കുന്ന സ്ഥിതി സംജാതമായി.
പരാജയപ്പെട്ട പശ്ചാത്യ മാതൃക
വിദ്യാഭ്യാസ പരിവര്‍ത്തനത്തിലൂടെ സാമൂഹ്യ പരിവര്‍ത്തനമാണ് നടത്തേണ്ടത്. അത് കേവലം ഭാരതത്തിന്റെ സമ്പല്‍സമൃദ്ധിയിലോ സുരക്ഷയിലോ സംസ്കാര സംരക്ഷണത്തിലോ പരിമിതപ്പെടുന്നതല്ല. വഴിമുട്ടി നില്ക്കുന്ന ആധുനിക ലോകക്രമത്തെ സൃഷ്ടിച്ചെടുത്ത പാശ്ചാത്യ ഭൗതികവാദ തത്ത്വങ്ങള്‍ക്കുള്ള ബദലായി അത് മാറണം.
ഭാരതീയ ബദല്‍
ഇന്നത്തെ ലോക പ്രതിസന്ധിക്ക് ബദല്‍ ഭാരതത്തിന് മാത്രമാണ് നല്കാന് കഴിയുക. ഭാരതീയ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തെ മുഴുവന്‍ ഒന്നായി കാണുന്ന വിശ്വ പൗരന്മാരുടെ സൃഷ്ടിയാണ് നാം വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. നമുക്ക് ലോകം ഒരേ ശാശ്വത സത്യത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്കാരമാണ്. ”സര്‍വ്വം ഖലിദം ബ്രഹ്മ:”. നമുക്ക് ഈ ലോകം മുഴുവന്‍ നമ്മുടെ കുടുംബമാണ്. ”വസുദൈവ കുടുംബകം.” ലോകത്തെ എല്ലാവരുടെയും ക്ഷേമമാണ് നമ്മുടെ ക്ഷേമം. ”ലോക സമസ്താ സുഖിനോ ഭവന്തു.” ഇവിടെ ആരും തമ്മില്‍ മത്സരമല്ല, എല്ലാവരുടെയും സുഖവും ശാന്തിയും സന്തോഷവുമാണ് ഭാരതത്തിന്റെ കാഴ്ചപ്പാട്. അതിനുവേണ്ടി ആധുനിക കാലഘട്ടത്തിന് യോജിക്കുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായം വേണം.
(ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: