ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരുന്നു. ദോഡ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബട്ട മേഖലയിലെ രണ്ടു ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍. അഞ്ചു ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഭീകരരെ പുറത്തുചാടിക്കാനുള്ള നീക്കമാണു നടക്കുന്നത്. പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍.
അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമുണ്ടാക്കുന്നുണ്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുകശ്മീരിലേക്ക് അന്‍പതിലേറെ ഭീകരര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ഹിരാനഗര്‍ മേഖലയിലൂടെ ഭീകരരെത്തിയെന്നാണ് സംശയം. ഇവര്‍ക്കു പ്രാദേശിക സഹായമുണ്ടെന്നു സൂചനയുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സംശയിക്കുന്നു. തിങ്കളാഴ്ചയാണ് ഭീകരര്‍ക്കായുള്ള തെരച്ചിലും പോരാട്ടവും തുടങ്ങിയത്. കാലാവസ്ഥാ പ്രശ്നങ്ങള്‍ തെരച്ചിലിനു വെല്ലുവിളിയാകുന്നുണ്ട്.
വിരമിച്ച പാകിസ്ഥാന് സൈനികോദ്യോഗസ്ഥരും ആക്രമണത്തിനു പിന്നിലുണ്ടെന്നാണ് സൂചനകള്‍. ഹെല്‍മറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമില്ലാത്ത ശരീര ഭാഗങ്ങളില്‍ കൃത്യമായി വെടിവയ്ക്കാന്‍ ഭീകരര്ക്കായതാണ് ഇത്തരമൊരു സംശയത്തിനു കാരണം. പാകിസ്ഥാന് സ്പെഷല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പങ്കും സംഭവത്തിലുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ ഭൗതിക ശരീരങ്ങള്‍ ജന്മനാടുകളിലെത്തിച്ചു. സൈനികര്‍ക്കു രാഷ്ട്രം വീരോചിതമായ അന്ത്യോപചാരം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: