ന്യൂദല്‍ഹി: വീട്ടില്‍ നിന്നോടിപ്പോയും മറ്റും റെയില്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങുന്ന കുട്ടികള്‍ ഉള്‍പ്പെടെ ഏകദേശം 84119 കുഞ്ഞു മാലാഖമാരെയാണ് റെയില്‍വേ പൊലീസ് രക്ഷിച്ചത്. 2018 മുതല്‍ 2024 വരെയുള്ള ഏഴ് വര്‍ഷങ്ങളിലാണ് ഇത്രയും കുഞ്ഞുങ്ങളെ റെയില്‍വേ പൊലീസ് രക്ഷിച്ചത്. ‘നന്‍ഹെ ഫാരിഷ്തെ’ (കുഞ്ഞു മാലാഖ) എന്ന പദ്ധതിപ്രകാരമാണ് റെയില്‍വേ പൊലീസിന്റെ വിജയകരമായ ഈ ദൗത്യം നടന്നത്.
പല കുഞ്ഞുങ്ങളും ക്രിമിനല്‍ സംഘങ്ങളുടെ വലയില്പ്പെടുന്നതിന് മുന്‍പ് രക്ഷിയ്ക്കാന്‍ റെയില്‍വേ പൊലീസിന് സാധിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നാണ് ഇത്രയും കുഞ്ഞുങ്ങളെ രക്ഷിച്ചത്. ഇതില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
റെയില്‍വേ പൊലീസിന്റെ ഈ പദ്ധതിയോടുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. വീട് വിട്ട് ഓടിപ്പോയി റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങുന്ന കുഞ്ഞുങ്ങളെ വലയിലാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളുണ്ട്. അവര്‍ക്ക് ഒറ്റനോട്ടത്തിലെ അരക്ഷിതരമായി എത്തുന്ന കുട്ടികളെ കണ്ടാലറിയാം. പക്ഷെ ഈ ക്രിമിനല്‍ സംഘത്തിന്റെ കൈകളില്‍ അകപ്പെടും മുന്‍പേ, ചില കേസുകളില്‍ ക്രിമിനല്‍ സംഘത്തിന്റെ കൈകളില്‍ നിന്നു തന്നെ കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ചരിത്രമുണ്ടായിട്ടുണ്ട്.
നാന്‍ഹെ ഫാരിഷ്തെ എന്ന പദ്ധതി ആരംഭിച്ച 2018ല്‍ തന്നെ 17,112 കുട്ടികളെ രക്ഷപ്പെടുത്തി. ഇതില്‍ 13,187 പേര് വീട് വിട്ട് ഓടിപ്പോന്നവരാണ്. 2015 പേര് മിസ്സിംഗായി കിട്ടിയവരാണ്. 1091 കുട്ടികള്‍ റെയില്‍ യാത്രയ്ക്കിടയില്‍ കുടുംബം മറന്നുവെച്ചതോ, കൂട്ടം തെറ്റിപ്പോന്നവരോ ആണ്. 400 പേര് അനാഥരാണ്. 87 പേരെ കിഡ്നാപ് ചെയ്ത കുട്ടികളാണ്. 78 പേര് മാനസികപ്രശ്നമുള്ളവരാണ്. 131 പേര് തെരുവിലെ കുട്ടികളാണ്.
എന്തായാലും ഇന്ത്യന്‍ റെയില്‍വേ പൊലീസിന്റെ ഈ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: