ശ്രീനഗര്‍: കശ്മീരിലെ ദോഡ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മേജറടക്കം നാല് സൈനികര്‍ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രിയാണ് ദേശ വനമേഖലയില്‍ ഏറ്റുമുട്ടലുണ്ടായത്. മേജര്‍ ബ്രിജേഷ് ഥാപ്പ, നായിക് ഡി. രാജേഷ്, സൈനികരായ ബിജേന്ദ്ര, അജയ് നരുക എന്നിവരാണ് വീരമൃത്യു വരിച്ചത്. ദേശ വനമേഖലയിലെ ധാരി ഗോട്ടെ ഉരാര്ബാഗിയിലായിരുന്നു ഏറ്റുമുട്ടല്‍. തിങ്കളാഴ്ച രാത്രി ഏഴരയോടെ വനമേഖലകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച സൈനികരുടെ തെരച്ചിലിനു പിന്നാലെയായിരുന്നു വെടിവയ്പ്. കശ്മീര്‍ പോലീസും സൈനികരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. വെടിവയ്പിനു ശേഷം ഭീകരര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈന്യം ഏറ്റുമുട്ടല്‍ തുടര്‍ന്നു.
ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായി സംശയമുള്ളതിനാല്‍ പ്രദേശത്തു തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തെരച്ചിലിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഉപയോഗിക്കുന്നു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലുള്ള സൈനികരുടെ നില ഗുരുതരമാണ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാന് ആസ്ഥാനമായ നിരോധിത ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. ഭീകര സംഘടന കശ്മീര്‍ ടൈഗേഴ്സും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ആദരാഞ്ജലി അര്‍പ്പിച്ചു. ഭീകരരുടെ ഭീരുത്വപരമായ ആക്രമണത്തില്‍ സൈനികര്‍ വീരമൃത്യു വരിച്ചതില്‍ മനോജ് സിന്‍ഹ അഗാധ ദുഃഖം രേഖപ്പെടുത്തി. സൈനികരുടെ വീരമൃത്യുവില്‍ പാകിസ്ഥാനെതിരേ വ്യാപക പ്രതിഷേധമുണ്ടായി. കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: