ആലപ്പുഴ: സംസ്ഥാനത്തെ പ്രധാന പരമ്പരാഗത വ്യവസായമായ കയര്‍മേഖലയെ അവഗണിക്കുന്ന ഇടതുസര്‍ക്കാര്‍ സമീപനത്തിന് എതിരെ സിഐടിയുവും, എഐടിയുസിയും ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകള്‍ യോജിച്ച് പ്രക്ഷോഭത്തിന്.
കയര്‍ മേഖലയിലെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു, യുടിയുസി, ടിയുസിഐ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആഗസ്ത് ആറിന് ആലപ്പുഴയില്‍ സമര പ്രഖ്യാപന കണ്വന്ഷന് സംഘടിപ്പിക്കാന്‍ കയര്‍ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു.
കയര്‍ കയറ്റുമതി സ്ഥാപനങ്ങളില്‍ കരാര്‍ വ്യവസ്ഥയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തി സിഐആര്‍സി തീരുമാനപ്രകാരമുള്ള കൂലിയും മറ്റവകാശങ്ങളും നല്‍കുക, കയര്‍ ഫാക്ടറി മേഖലയില്‍ സിഐആര്‍സി തീരുമാനങ്ങള്‍ നടപ്പിലാക്കുക, മാറ്റ്സ് ആന്‍ഡ് മാറ്റിങ് സംഘങ്ങളെയും, പ്രൈമറി സംഘങ്ങളെയും രക്ഷിക്കാന്‍ പ്രവര്‍ത്തന മൂലധനവും മാനേജീരിയല്‍ സബ്സിഡിയും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും നല്‍കുക, വിദേശത്തു നിന്നും സ്വദേശത്തു നിന്നും കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ സമ്പാദിച്ച് തൊഴിലില്ലായ്മ പരിഹരിക്കുക, ഗ്രീവന്‍സ് കമ്മിറ്റി കൂടി കയറിന്റെയും കയര്‍ ഉല്പന്നങ്ങളുടെയും വില നിശ്ചയിക്കുക, സിഐആര്‍സി തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത സ്ഥാപനങ്ങളില്‍ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും തൊഴിലാളി പ്രതിനിധികളുടെയും കമ്മിറ്റി രൂപീകരിച്ച് പരിശോധന നടത്തുക, കയര്‍ കോര്‍പറേഷനും കയര്‍ഫെഡും സംഘങ്ങള്‍ക്ക് നല്‍കാനുള്ള കയറിന്റെയും കയര്‍ ഉല്പന്നങ്ങളുടെയും വില ഉടനെ നല്‍കുക, കയറിനും ചകിരിക്കും സബ്സിഡി ഏര്‍പ്പെടുത്തുക, കയര്‍ വ്യവസായത്തെ രക്ഷിക്കാന്‍ പ്രത്യേക പാക്കേജ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
യോഗത്തില്‍ എ.കെ. രാജന് അധ്യക്ഷനായി. പി.വി. സത്യനേശന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബി. രാജശേഖരന്, ബിനീഷ് ബോയ്, സി. കെ. സുരേന്ദ്രന്, സി. എസ.് രമേശന്, സലിം ബാബു, അഡ്വ. എന്‍.പി. കമലാധരന്‍, ടി. ആര്. ശിവരാജന്, കെ. പി.പുഷ്കരന്, പി. സുരേന്ദ്രന്, പി. ഡി. ശ്രീനിവാസന്, എം. ഡി. സുധാകരന്, കെ. എസ്. വാസന്, കെ. എല്‍. ബെന്നി, എസ്. രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: