ലണ്ടന്‍: പാരിസ് ഒളിംപിക്സ് തുടങ്ങാനിരിക്കെ പ്രഖ്യാപിച്ച എടിപി റാങ്കിങ്ങില്‍ മുന്നേറ്റമുണ്ടാക്കി ഭാരതത്തിന്റെ പുരുഷ സിംഗിള്‍സ് താരം സുമിത് നാഗല്‍. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 68-ാം റാങ്കിലേക്ക് ആണ് താരം മുന്നേറിയത്. റാങ്കിങ്ങില്‍ മുന്നിലെത്തിയ ഭാരത താരങ്ങളില്‍ നാലാം സ്ഥാനക്കാരനായി 26 കാരനായ നാഗല്‍ മാറി. 1980ല്‍ 18-ാം സ്ഥാനത്തെത്തിയ വിജയ് അമൃത്രാജ് ആണ് ഏറ്റവും മുന്നില്‍. രണ്ടാമത് 1985ല്‍ 23-ാം റാങ്കിലെത്തിയ രമേഷ് കൃഷ്ണന്. 13 വര്‍ഷം മുമ്പ് സുംദേവ് ദേവര്മന് 62-ാം റാങ്കിലെത്തിയിരുന്നു.
ഇക്കൊല്ലം ജനുവരിയില്‍ 138-ാം സ്ഥാനത്തായിരുന്നു നാഗല്‍. ഫെബ്രുവരിയില്‍ ചെന്നൈ ഓപ്പണിലെ കിരീടനേട്ടം താരത്തെ ആദ്യ നൂറിനകത്തെത്തിച്ചു. തുടര്‍ന്ന് ജര്‍മനിയില്‍ നടന്ന ഹീല്ബ്രോണ് നെക്കാര്കപ്പിലെ വിജയത്തോടെ 77-ാം റാങ്കിലെത്തി. ഒരാഴ്ച്ചയ്ക്കകം ഇറ്റലിയിലെ പെറൂഷിയയില് നടന്ന എടിപി ചലഞ്ചറില്‍ റണ്ണറപ്പായി. റാങ്കിങ്ങില്‍ 73-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇക്കൊല്ലം നടന്ന മൂന്ന് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകളിലും താരം കളിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ 31-ാം സീഡ് താരം അലെക്സാണ്ടര്‍ ബുബഌക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. 35 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഭാരത താരം ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സില്‍ സീഡഡ് താരത്തെ തോല്‍പ്പിക്കുന്നത്.
കരിയറിലെ മികച്ചൊരു വര്‍ഷത്തിലൂടെ കടന്നുപോകുന്ന സുമിത് നാഗല്‍ പാരിസ് ഒളിംപിക്സിനായി കാത്തിരിക്കുകയാണ്. ഭാരതത്തിനായി ടെന്നിസില്‍ നിന്നും ഒരേയൊരു മെഡല്‍ സ്വന്തമാക്കിയ ലിയാണ്ടര്‍ പേസ് മാത്രമാണ് ഇതിന് മുമ്പ് തുടരെയുള്ള ഒളിംപിക്സുകള്‍ കളിക്കാന്‍ യോഗ്യത നേടിയത്. 1992ല്‍ ബാഴ്സിലോണ മുതല്‍ 2000ല്‍ നടന്ന സിഡ്നിയില്‍ വരെ പേസ് പുരുഷ സിംഗിള്‍സില്‍ കളിച്ചിരുന്നത്. 1996ലെ അറ്റ്ലാന്റ ഒളിംപിക്സിലാണ് ചരിത്രം കുറിച്ച വെങ്കല മെഡല്‍ സ്വന്തമാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് ടോക്കിയോ ഒളിംപിക്സിലും നാഗല്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: