ബെംഗളൂരു: തെരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തത് പോലെ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയതിനെ തുടര്‍ന്ന് വലിയ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി കര്‍ണാടക ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍. കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 295 കോടി രൂപയുടെ നഷ്ടമാണ് കര്‍ണാടക ആര്‍ടിസിക്കുണ്ടായത്. ഇതിനെ തുടര്‍ന്ന് ഏറ്റവും ചുരുങ്ങിയത് 20 ശതമാനമെങ്കിലും ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശക്തി പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു. സ്ത്രീകള്‍ക്കിടയില്‍ ഉടനടി ഹിറ്റായി മാറിയ പാര്‍ട്ടിയുടെ പ്രധാന വോട്ടെടുപ്പ് പ്ലാനുകളില്‍ ഒന്നായിരുന്നു ഇത്. എന്നിരുന്നാലും, ഈ പദ്ധതിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടത്തേക്കാള്‍ കൂടുതലാണ്. വകുപ്പിനെ തകര്‍ച്ചയില്‍ നിന്നും പിടിച്ചുനിര്‍ത്താന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ എസ്ആര്‍ ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനമെടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിരക്ക് വര്‍ധന ആവശ്യത്തില്‍ നിന്ന് കോര്‍പ്പറേഷനുകള്‍ പുറകോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്്. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. കര്‍ണ്ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുമാണ് നിരക്ക് വര്‍ധനക്കായി രംഗത്തു വന്നിരിക്കുന്നത്. പതിനഞ്ചു മുതല്‍ ഇരുപത് ശതമാനം വരെ ചാര്‍ജ് കൂട്ടണമെന്നാണ് കെ.എസ്.ആര്‍.ടി.സി ചെയര്‍മാന്‍ എസ്.ആര്‍ ശ്രീനിവാസ് സര്‍ക്കാരിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോര്‍പ്പറേഷന്‍ നില നില്‍ക്കണമെങ്കില്‍ ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
കോര്‍പ്പറേഷന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നിരക്ക് വര്‍ധന മാത്രമാണ് വഴിയെന്ന് നോര്‍ത്ത് വെസ്‌റ്റേണ്‍ കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ രാജു കാഗെയും വ്യക്തമാക്കി. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ മൂലം കോര്‍പ്പറേഷന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടെന്നും കാഗെ പറയുന്നു.
കേരളത്തില്‍ നിന്ന് നിരവധി യാത്രക്കാരുള്ള ബെംഗളുരു, മൈസൂരു റൂട്ടുകളില്‍ ഈ നിരക്ക് വര്‍ധന ബാധിച്ചേക്കും. നിലവില്‍ ഇരുപത് ശതമാനം വരെ നിരക്ക് വര്‍ധനയാണ് കോര്‍പ്പറേഷനുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പത്തു ശതമാനം വര്‍ധനയെങ്കിലും സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത. ലോക്കല്‍ ബസുകളില്‍ മിനിമം ചാര്‍ജ് രണ്ട് രൂപ കൂടും. അന്തര്‍ സംസ്ഥാന ബസുകളുടെ ചാര്‍ജുകളില്‍ ഈ വര്‍ധന കാര്യമായി പ്രതിഫലിക്കും. നിലവില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സാധാരണ ബസുകളുടെ ചാര്‍ജ് അഞ്ഞൂറ്
രൂപയില്‍ താഴെയാണ്. ലക്ഷ്വറി ബസുകളില്‍ ഇത് രണ്ടായിരം രൂപ വരെയാകും. കര്‍ണാടകയിലെ നിരക്ക് വര്‍ധന സ്വകാര്യ ബസുകളുടെ ചാര്‍ജ് വര്‍ധനക്കും കാരണമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: