ന്യൂദല്‍ഹി: സുപ്രീം കോടതിയിലേക്ക് രണ്ടു ജഡ്ജിമാര്‍ കൂടി. ജസ്റ്റിസ് എന്‍ കോടീശ്വര്‍ സിങ്, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരാണ് പുതുതായി സുപ്രീംകോടതിയിലെത്തുന്നത്. ഇവരെ സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
നിലവില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് എന്‍ കോടീശ്വര്‍ സിങ് ( എന്‍ കെ സിങ്). മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍ മഹാദേവന്‍. ഇവര്‍ കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 34 ആകും.
ഇതോടെ ജഡ്ജിമാരുടെ എണ്ണം ഫുള്‍ സ്‌ട്രെങ്താകും. 2023 ഫെബ്രുവരിയിലാണ് ജസ്റ്റിസ് എന്‍ കെ സിങിനെ ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്. മണിപ്പൂരില്‍ നിന്നും സുപ്രീംകോടതി ജഡ്ജിമാകുന്ന ആദ്യത്തെയാളാണ് ജസ്റ്റിസ് സിങ്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇബോതോംബി സിങിന്റെ മകനാണ്.
2024 മെയ് മാസം മുതല്‍ മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആര്‍ മഹാദേവന്‍. 25 വര്‍ഷത്തോളം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
തമിഴ്‌നാട് സര്‍ക്കാരിന്റെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍, കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2013 ലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: