World

അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായി ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി

Published by

മിൽവോക്കി: പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. ഡോണൾഡ് ട്രംപ് തന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. ട്രംപ് നേരത്തേ തന്നെ തന്റെ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം നടന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ കൺവെൻഷനിലാണ് ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നത്.

സാധ്യതപ്പട്ടികയിലുണ്ടായിരുന്ന ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്. യുഎസ് സർക്കാരിൽ അറ്റോർണിയായ ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് ഭാര്യ.

ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്ന വാൻസ് യുഎസ് സൈനികനായി ഇറാഖിൽ ഉൾപ്പെടെ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടി. സിലിക്കൺവാലിയിൽ വെഞ്ച്വർ ക്യാപ്പിറ്റലിസ്റ്റായിരുന്നു. ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പിലൂടെ ദേശീയശ്രദ്ധ നേടി.

അതേസമയം, വിവിധ വിഷയങ്ങളിലെ നിലപാടുകളിൽ ഡോണൾഡ് ട്രംപിന്റെ തനി പകർപ്പാണ് ജെ.ഡി. വാൻസ് എന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നെവാഡയിലേക്കു പോകും മുൻപ് ആൻഡ്രൂസ് വ്യോമസേന കേന്ദ്രത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by