ന്യൂദല്‍ഹി: മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ അഴിമതി ആരോപണ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. നേരത്തെ ജൂണ്‍ 30നകം അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് രണ്ടു ദിവസത്തിനകം മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറാന്‍ ജസ്റ്റിസ് അഭയ് എസ്. ഓക അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടത്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ നെതര്‍ലന്‍ഡ്‌സ് കമ്പനിയില്‍ നിന്ന് ഡ്രഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടന്നെന്നായിരുന്നു ആരോപണം. അന്വേഷണവുമായി ബന്ധപ്പെട്ട് ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിന്റെ വിവരങ്ങള്‍ തേടി അയച്ച കത്തിനോട് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ലെന്ന് കേരളം ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതില്‍ നേരത്തെ തന്നെ സുപ്രീംകോടതി അതൃപ്തി അറിയിച്ചിരുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കൂടി ലഭ്യമാക്കണമെന്ന് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ഈ ആവശ്യത്തില്‍ തീരുമാനം അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആഗസ്ത് ഒന്‍പതിന് പരിഗണിക്കാനായി കേസ് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: