തിരുവനന്തപുരം: സനാതന ധര്‍മ്മത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടിവരുന്നതായി കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഡോ. വി. സുജാതയുടെ ‘ആദികാവ്യത്തിലെ അനശ്വര മൂല്യങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒരുമിച്ചുനിന്ന് സനാതന ധര്‍മത്തെ മുന്നോട്ടു കൊണ്ടുപോകണം. നമ്മള്‍ രക്ഷിക്കുന്ന സനാതനധര്‍മ്മം നമ്മളെയും രക്ഷിക്കും. നാം ഒരുമിച്ചുനിന്ന് വെല്ലുവിളികളെ നേരിടണം. അയോദ്ധ്യയില്‍ തകര്‍ത്തത് ഒരു ക്ഷേത്രം മാത്രമല്ല. ഒരു സമൂഹത്തെ ഒന്നടക്കം മുറിവേല്‍പ്പിക്കുകയാണ് ചെയ്തത്. ഒരു സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. സനാതന ധര്‍മത്തിനെതിരായ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കണമെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
പുരാണേതിഹാസങ്ങളെ ഇകഴ്‌ത്താനുള്ള ശ്രമം നടക്കുന്നതായി അധ്യക്ഷ പ്രസംഗത്തില്‍ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ പറഞ്ഞു. ഇടതുപക്ഷക്കാരാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നത്. ഹൈന്ദവ ഇതിഹാസങ്ങള്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ‘ആദികാവ്യത്തിലെ അനശ്വരമൂല്യങ്ങള്‍’ എന്ന കൃതി. ഇത്തരം കൃതികള്‍ ഹൈന്ദവ സമൂഹത്തിന് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.
രാമായണത്തെക്കുറിച്ചുള്ള വസ്തുതകള്‍ ശരിയായ രീതിയില്‍ മനസിലാക്കാതെയാണ് പലരും സംസാരിക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകനും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ മുരളി പാറപ്പുറം പറഞ്ഞു.
വലിയ എഴുത്തുകാരെന്ന് അവകാശപ്പെടുന്നവര്‍ പോലും ഇതിഹാസങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെയാണ് സംസാരിക്കാറുള്ളത്. വസ്തുതകള്‍ പരിശോധിക്കാന്‍ ഇവര്‍ തയാറാകുന്നില്ല. മുരളി പാറപ്പുറത്തിന് നല്കി ഡോ. മോഹനന്‍ കുന്നുമ്മല്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ.വി. സുജാത, മാര്‍ ഗ്രിഗോറിയസ് കോളജ് അസിസ്റ്റന്റ് പ്രൊഫ.ആര്‍.എസ്. സായി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: